ചക്കരപ്പാല്

കൊടുംചൂടിൻ്റെ ഇരിക്കപ്പൊറുതിയില്ലാത്ത രാപ്പകലുകളിൽ പടച്ച റബ്ബിനെ സ്തുതിച്ചു മനവും തനുവും അടക്കി വീണ്ടും റംസാൻ വന്നെത്തി. ഓരോ നോമ്പുകാലവും പലവിധ കാലാവസ്ഥകളാൽ പ്രകൃതി നമ്മെ കൗതുകപ്പെടുത്താറുണ്ട്. ഈ നോമ്പുകാത്തും അകവും പുറവും ഭക്തിസാന്ദ്രമാക്കി നമ്മൾ ചൂടിനെ കുളിരാക്കുന്നു. കുട്ടികൾക്കു പള്ളിക്കൂടങ്ങളിൽ പരീക്ഷ ചൂടും കൂടിയുണ്ടായിരുന്നു. എന്നാലെന്താ, അന്നപാനീയങ്ങൾ വർജ്ജിച്ച് അല്ലാഹുവിലേക്കു സ്വയം അർപ്പിച്ചവർക്ക് ഈ ചൂടൊന്നും വല്യ ചൂടല്ല. ഏതു പ്രതിസന്ധിയിലും തളരാരെ വീഴാതെ പിടിച്ചുനിൽക്കാനും അതിജീവിക്കാനുമുള്ള മനസൊരുക്കം മനുഷ്യൻ ഓരോ നോമ്പിലൂടെയും ആർജ്ജിച്ചെടുക്കുന്നുണ്ട്. ഒരു പകൽ മുഴുവൻ പട്ടിണികിടന്നാൽ നോമ്പാവില്ല. മനസും ശരീരവും കൃത്യമായ വ്രതശുദ്ധിയിലായിരിക്കണം. മനുഷ്യൻ സ്വയം നിയന്ത്രണ വിധേയമാകണം. ആസക്തികൾക്കും ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും വികലചിന്തകൾക്കും അപക്വമായ വൈകാരികതക്കും കടിഞ്ഞാണിടണം.
ഹാവൂ … വല്ലാത്തൊരു നോമ്പുതന്നെയെന്നു പലരും നോമ്പുകാരെ നോക്കി ഇന്നും അതിശയം പറയുന്നതു കേൾക്കാം. അങ്ങനെ കേൾക്കുന്നേരം ഉള്ളിലൊരു ആനന്ദപ്പെരുമഴയാണ്. സ്വയം സമർപ്പിതമായ മുപ്പതു ദിനരാത്രങ്ങളിൽ പടച്ച തമ്പുരാനോടു തൗബ ചെയ്തു മടങ്ങിയ ഓരോരുത്തരുടെയും ചലനങ്ങളിൽ നിറയുന്ന സന്തോഷപ്പെരുമഴ.
റമളാൻ മാസം ഓർമകൾക്കു ജീവൻ വയ്ക്കുന്ന കാലമാണ്. ഓർമകൾ തൊട്ടു ജീവിക്കുന്നവരുടെ ഉള്ളിലിരുന്നുള്ള തേങ്ങൽ ചുറ്റും ആരുമറിയാതെ നിറയുന്ന കാലം. ജീവിതത്തിൽ നിന്നു വേർപിരിഞ്ഞു പോയവരുടെ ഖബ്റിടങ്ങളിലേക്കു നീളുന്ന ഓർമകളുടെ കാലം. ദുആ കൊണ്ടു ചേർത്തുപിടിച്ച് ആഖിറത്തിലേക്ക് ഇത്തിരിവെട്ടം കാട്ടാൻ ഭൂമിയിൽ അവശേഷിച്ച വരല്ലേ നമ്മൾ.
എൻ്റെ ഉള്ളിലുമൊരു തേങ്ങലുണ്ട്. ഒരു ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രം പോലെ ചില ഓർമകൾ എന്നെ തൊട്ടു വിളിക്കുന്നുണ്ട്. ഓരോ നോമ്പുകാലവും എനിക്കു സൂക്ഷ്മതയുടെ ഉപദേശമായാണനുഭവപ്പെടാറുള്ളത്. എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും ഒരു നോമ്പുകാലം തൊട്ട് അടുത്ത നോമ്പുകാലം വരെ പഠിച്ച സൂക്ഷ്മത. അതെനിക്കു പകർന്നു തന്നത് എൻ്റെ കൊച്ചമ്മായി (വാപ്പയുടെ പെങ്ങൾ) ആയിരുന്നു. അടുക്കളയിൽ തകൃതിയായി പണിയെടുക്കുമ്പോഴും ഒരു പരാതിയും പരിഭവവും പറയാതെ സന്തോഷത്തോടെ വച്ചു വിളമ്പുന്ന കൊച്ചമ്മായിയെ കണ്ടാണു ഞാൻ വളർന്നത്. പാചകം ചെയ്യുമ്പോൾ സ്വലാത്ത് ചൊല്ലുന്നത് ബറകത്താണെന്നും എത്ര പേര് ഭക്ഷണം കഴിക്കാനുണ്ടെങ്കിലും തികയാതിരിക്കില്ലെന്നും പറഞ്ഞു തന്ന കൊച്ചമ്മായി എന്നും എനിക്കൊരു സംഭവം തന്നെയായിരുന്നു.
അകാലത്തിൽ വാപ്പയെ നഷ്ടപ്പെട്ടൊരു കൊച്ചു പെൺകുട്ടിയുടെ മനസിൻ്റെ നോവ് ഇപ്പോഴും എന്നിലുണ്ട്. എൻ്റെ കുട്ടിക്കാലം അത്ര മനോഹരമായിരുന്നില്ല. പറിച്ചുനടലുകളുടെ കാലമായിരുന്നുവത്. കളിക്കാൻ കൂട്ടില്ലാതെ ഇഷ്ടങ്ങളും ആവശ്യങ്ങളും ആരോടും പറയാനാവാതെ ഭയന്നു ജീവിച്ചകാലം. ആ കാലം എൻ്റെയുള്ളിൽ തീർത്തത് സർവലോകരക്ഷിതാവായ അല്ലാഹുവിനോടുള്ള ഈടുറ്റ വിശ്വാസമാണ്. ആരുമില്ലാത്തവർക്കു തുണ റബ്ബല്ലേ. ആ ആത്മധൈര്യത്തോടെ ഞാനിന്നും ജീവിക്കുന്നു. ഇങ്ങനെ ജീവിക്കാൻ എന്നെ പഠിപ്പിച്ചതും കൊച്ചമ്മായിയാണ്.
ഞാനെൻ്റെ കൊച്ചമ്മായിയുടെ മകളായാണു വളർന്നത്. . ഒരു നോമ്പുകാലത്താണ് എട്ടുവയസുകാരിയായ എന്നെ കൊച്ചമ്മായി നിസ്കരിക്കാൻ പഠിപ്പിച്ചത്. പിന്നെ കിട്ടുന്ന സമയങ്ങളിലെല്ലാം ഖുർആനിലെ ചെറിയ സൂറത്തുകൾ മന:പാഠമാക്കിത്തരും. പ്രത്യേകിച്ച്, നോമ്പുകാലത്ത് എന്തു പണിയെടുക്കുമ്പോഴും പഠിച്ചതങ്ങനെ കാണാതെ ഓതിക്കും. അന്നൊക്കെ നോമ്പുതുടങ്ങിയാൽ എൻ്റെ കൊച്ചമ്മായിയാണ് എനിക്ക് നിയ്യത്ത് പറഞ്ഞു തരുന്നത്. ഇശാ നമസ്കാരത്തിനു ശേഷം ഖുർആൻ ഓതി നിയ്യത്തും വച്ചു കിടന്നാൽ പിന്നെ ഇടയത്താഴത്തിനായി വെളുപ്പിനു മൂന്നു മണിക്കുണരും. ഉറക്കം തീരാതെ ആടിത്തൂങ്ങി അടുക്കളയിൽ ചെന്ന് ഒരിരിപ്പുണ്ട്. ആ ഇരിപ്പിലും കുറച്ചൊന്നുറങ്ങും. അതിനിടക്ക് കൊച്ചമ്മായി ചക്കരപ്പാലുണ്ടാക്കി അവിലിട്ട് ഇളക്കി മൂടിവയ്ക്കും. പിന്നെ പല്ലുതേച്ച് കൈയും കാലും കഴുകി വന്നു ചക്കരപ്പാല് കഴിക്കും. അതു കഴിക്കുമ്പോഴെല്ലാം ബാക്കിയുള്ള ഉറക്കമെന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരിക്കും. എന്നാലോ, ചക്കരപ്പാലിൻ്റെ മധുരം വുളുവിൽ കഴുകി സുബ്ഹി നിസ്ക്കരിക്കാതെ ഉറങ്ങാൻ കൊച്ചമ്മായി സമ്മതിക്കില്ല. അന്നു പകർന്നു കിട്ടിയ വിശ്വാസത്തിൻ്റെ ആത്മബലം ചെറുതല്ലെന്നു കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു.
കൊച്ചമ്മായിയാണ് എൻ്റെ ലോകം. ധാരാളം പലഹാരങ്ങൾ ഉണ്ടാക്കാനറിയുന്ന അവർ വലിയ ദാനശീലയായിരുന്നു. വഴിയേ പോകുന്നവരെ വീട്ടിൽ വിളിച്ചു നോമ്പ് തുറപ്പിച്ച് ഒരു നേരത്തെ ഭക്ഷണത്തിനുള്ള വകയും കൊടുത്തേ അവരെ തിരിച്ചയക്കൂ. റബ്ബ് തരുന്നതിലെല്ലാം പരീക്ഷണമുണ്ടെന്നും അത് അർഹതപ്പെട്ടവർക്കു നൽകലാണു നമ്മുടെ കടമയെന്നും കൊച്ചമ്മായി എന്നോടു പറയും. അപ്പോൾ ആ മുഖം പൂർണചന്ദ്രനെ പോലെ പ്രകാശിക്കുന്നതു കാണാം.
നോമ്പുതുറ സമയത്ത് മിതമായി മാത്രം ഭക്ഷണം ഉണ്ടാക്കുകയും എങ്ങനെയാണു നോമ്പിനു ഭക്ഷണം കഴിക്കേണ്ടതെന്നു പ്രവൃത്തിയിലൂടെ പഠിപ്പിച്ചു തരികയും ചെയ്ത എൻ്റെ കൊച്ചമ്മായി ഇന്നില്ല. ആ ഓർമകളും പകർന്നുതന്ന ജീവിതപാഠങ്ങളും ഇന്നും എനിക്ക് വഴികാട്ടുന്നു. ദിക്റും സ്വലാത്തും നാവിൽ നിന്നുമൊഴിയാത്ത മധുര പലഹാരങ്ങളുണ്ടാക്കി തരുന്ന എൻ്റെ കൊച്ചമ്മായി ചിട്ടയായി എന്നെ പഠിപ്പിച്ചൊരു മഹത്തായ കാര്യമുണ്ട്. സഹജീവി സ്നേഹം. ഉള്ളവൻ ഇല്ലാത്തവനു കൊടുക്കേണ്ടതിൻ്റെ ആവശ്യകതയും വേദനിക്കുന്നവരെ ചേർത്തുപിടിക്കണമെന്ന അറിവും പകർന്നു തന്ന് ആർഭാഢമില്ലാതെ ജീവിക്കാൻ പഠിപ്പിച്ച എൻ്റെ കൊച്ചമ്മായി തന്നെ എനിക്കെന്നും ചക്കരപ്പാലാണ്.
ഇന്ന് ഇഫ്ത്താർ വിരുന്നൊരുക്കി എത്രമാത്രം ഭക്ഷണമാണ് ആളുകൾ പാഴാക്കിക്കളയുന്നത്. അങ്ങകലെ ഗാസയിൽ എല്ലാം നഷ്ടപ്പെട്ടവരുടെ നിലവിളികൾക്കൊപ്പം വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ വൃദ്ധമാതാക്കളുടെ മുഖങ്ങൾ മാധ്യമങ്ങൾ പുറത്തു വിടുമ്പോൾ മന:സാക്ഷിയുള്ള മനുഷ്യർക്ക് ഉറക്കം നഷ്ടപ്പെടും. ഒരു പിടി ഭക്ഷണം കിട്ടാതെയും ഒരിറ്റുവെള്ളം കുടിക്കാതെയും പടച്ചവനോടുള്ള തഖ് വ ഒന്നുകൊണ്ടു മാത്രം നോമ്പുകാരായി ജീവിക്കുന്ന അനേകം അഭയാർത്ഥികളെ നാം കാണാതെ പോകരുത്. നോമ്പ് തുറക്കാൻ പച്ചിലകൾ കൂട്ടിയരിഞ്ഞു പാത്രത്തിൽ നിറയ്ക്കുന്ന വൃദ്ധമാതാവിൻ്റെ കണ്ണുകളിൽ നിന്ന് അചഞ്ചലമായ ഭക്തിയും വിശ്വാസവുമാണ് സ്ഫുരിക്കുന്നത്. അതാണല്ലോ ഇന്നു പലരിലും ഇല്ലാതെ പോകുന്നതും.
വൈകുന്നേരം നോമ്പുതുറക്കാൻ കാരക്കയും വെള്ളവും തണ്ണിമത്തനും കൂടെ ചക്കരപ്പാലും എടുത്തുവയ്ക്കുമ്പോൾ എൻ്റെ മനസിൽ നിറഞ്ഞു നിന്നത് ഗാസയിലെ കൊച്ചുമക്കളുടെ മുഖങ്ങളായിരുന്നു. അവരുടെ കണ്ണുകളിലെ മങ്ങാത്ത പ്രതീക്ഷ ഏതു വിശപ്പിനും മേലെയാണല്ലോ.
“റബ്ബേ… നീയുള്ളപ്പോൾ ആരും അനാഥരല്ല. ”
ഈ വറുതിയുടെ നോമ്പുകാലത്ത് എൻ്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു. ചക്കരപ്പാലു പോലെ എൻ്റെ ഉള്ളൊന്നു തണുത്തു.

തസ്മിൻ ശിഹാബ്

തസ്മിൻ ശിഹാബ്

ബാലസാഹിത്യകാരി, അധ്യാപിക. സുമയ്യ എന്ന ബാലസാഹിത്യ പുസ്തകത്തിലൂടെ സംസ്ഥാന സർക്കാരിൻ്റെ ജോസഫ് മുണ്ടശ്ശേരി അവാർഡ് നേടി.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×