ആത്മഹര്‍ഷത്തിന്റെ റമളാന്‍ നേരങ്ങള്‍

റമളാൻ പിറ കാണുന്നത് വലിയ സന്തോഷമാണ്. ശഅ്ബാൻ ഇരുപത്തിയൊമ്പതു കഴിഞ്ഞാൽ പിന്നെ പിറ കാണാനുള്ള കാത്തിരിപ്പാണ്. മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പള്ളിയിലെ മൊല്ലാക്കയുടെ അറിയിപ്പുണ്ടാകും. വല്യുപ്പയുടെ റേഡിയോ വാർത്തകളിലും ചിലപ്പോൾ പ്രത്യേക അറിയിപ്പു വരും. ദിക്റുകൾ ചൊല്ലി നോമ്പുകാലത്തെ വരവേൽക്കും.

ഉപ്പയും ഇക്കാക്കമാരും പള്ളിയിൽ പോകും. വീട്ടിൽ തറാവീഹിനുള്ള സജ്ജീകരണങ്ങളെല്ലാം ഉമ്മ നേരത്തെ തന്നെ ഒരുക്കിവെച്ചിട്ടുണ്ടാവും. എല്ലാവരെയും വിളിച്ചുകൂട്ടി തറാവീഹിന്റെ പുണ്യം ഉമ്മ ഓർമപ്പെടുത്തും. അനിയത്തിമാരും കുഞ്ഞനിയനും വീട്ടിലെ ജമാഅത്തിൽ കൂടും. ഇശാഅ് നിസ്കാരത്തിന് ഉമ്മയാണ് നേതൃത്വം നൽകുക. റവാത്തിബായ സുന്നത്ത് നിസ്കാരങ്ങൾ നിർവഹിക്കാൻ ഉമ്മയുടെ പ്രത്യേക നിർദേശവുമുണ്ടാവും.

ഓരോ ദിവസവും തറാവീഹിന് ഇമാം നിൽക്കാൻ ഉമ്മ ഞങ്ങളെ ഓരോരുത്തരെയും ചുമതലപ്പെടുത്തും. ഞങ്ങൾക്കൊരു മികച്ച പരിശീലനം കൂടിയാണത്. ഇശാഅ് വാങ്ക് വിളിച്ചയുടൻ ഹദ്ദാദ്. പിന്നെ ഇശാഅ് ജമാഅത്ത്. ശേഷം തറാവീഹ്, വിത്റ്. ഉപ്പയും ഇക്കാക്കമാരും പള്ളിയിൽ നിന്നു വരുമ്പോഴേക്കും ഞങ്ങളുടെ നിസ്കാരം കഴിയും. പുലർച്ചെ അത്താഴത്തിനു കഴിക്കാനുള്ള വിഭവങ്ങളുമായാണ് ഉപ്പ വരിക. ഉമ്മയുടെ കൂടെ ഉപ്പയെ കാത്തിരിക്കും. അത്താഴത്തിനുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ഉമ്മയെ സഹായിക്കും. “അത്താഴത്തിനു നേരത്തെ എണീക്കാനുള്ളതാണ്. മക്കൾ കിടന്നോളൂ.” എന്നു പറഞ്ഞു ഞങ്ങളെയെല്ലാം ഉമ്മ നേരത്തെ ഉറങ്ങാൻ വിടും.

സുബ്ഹി വാങ്കിന്റെ ഒരു മണിക്കൂർ മുമ്പ് ഉമ്മയും ഉപ്പയും എണീക്കും. തഹജ്ജുദ് നിസ്കരിച്ച് ഇരുവരും പ്രാർത്ഥിക്കും. റബ്ബിന്റെ കാരുണ്യം, പാപമോചനം, നരക മോചനം അങ്ങനെയങ്ങനെയെല്ലാം..!

ശേഷം ഞങ്ങളെ വിളിച്ചുണർത്തും. ഞങ്ങൾ തഹജ്ജുദ് നിസ്കരിച്ചു വരുമ്പോഴേക്കും ഉമ്മ വിഭവങ്ങളൊക്കെ തയ്യാറാക്കി വെച്ചിട്ടുണ്ടാവും. എല്ലാവർക്കും പാത്രങ്ങളിൽ വിളമ്പാൻ ഞങ്ങളും സഹായിക്കും. അത്താഴം കഴിച്ചു കഴിഞ്ഞാൽ സമയമൽപ്പം ബാക്കിയുണ്ടാവും. “നിയ്യത്ത് വെക്കാൻ മറക്കണ്ട ട്ടോ” ഉമ്മ ഒരിക്കൽ കൂടി ഓർമപ്പെടുത്തും. ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകിവെക്കാൻ ഉമ്മയെ സഹായിക്കും. വാങ്ക് വിളിക്കുന്നതു വരെ അൽപ്പസമയം ഖുർആൻ പാരായണം ചെയ്യും.

സുബ്ഹി വാങ്ക് വിളിച്ചാൽ ഉപ്പ പള്ളിയിൽ പോവും. ഞങ്ങൾ ജമാഅത്തായി സുബ്ഹി നിസ്കരിക്കും. ശേഷം അൽപ്പം കൂടി ഖുർആൻ ഓതും.

സുബഹി നിസ്കാരം കഴിഞ്ഞ് സൂര്യനുദിക്കുന്നതുവരെ ഉറങ്ങരുതെന്ന് ഉമ്മ പറയും. ബറകത്തുള്ള സമയമാണതെന്നും പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സമയമാണെന്നും ഓർമപ്പെടുത്തും. പിന്നെ നോമ്പെടുക്കാത്ത കുഞ്ഞനിയനും അനിയത്തിക്കുമുള്ള ഭക്ഷണം റെഡിയാക്കി അൽപ്പ നേരം വിശ്രമം. വെയിലിനു ശക്തി കൂടുമ്പോഴേക്കും വീടിൻ്റെ അകം വൃത്തിയാക്കൽ, മുറ്റം അടിച്ചുവാരൽ, നിലം തുടയ്ക്കൽ, വസ്ത്രങ്ങൾ അലക്കൽ, കുളിക്കൽ എനിങ്ങനെയുള്ള പണികളെല്ലാം ചെയ്തു തീർക്കും. ഓരോരുത്തർക്കും ഓരോ ജോലികൾ ഉമ്മ വീതിച്ചു നൽകും. പതിനൊന്നു മണിയാകുമ്പോഴേക്കും എല്ലാവരും എല്ലാ ജോലികളും കഴിഞ്ഞ് അകത്തെത്തും. പിന്നെ ളുഹാ നിസ്കാരവും അൽപ്പ സമയം ഖുർആനോത്തും. പിന്നീട് വൈകുന്നേരം വരെ കാര്യമായ ജോലികളൊന്നുമുണ്ടാവില്ല. ഈ സമയം മദ്റസയിലെയും സ്കൂളിലെയും പാഠങ്ങൾ പഠിക്കാനോ മതപഠന ക്ലാസുകൾ കേൾക്കാനോ വിജ്ഞാനപ്രദമായ പുസ്തകങ്ങൾ വായിക്കാനോ ഉപയോഗപ്പെടുത്തും.

ളുഹ്റും അസറുമെല്ലാം ജമാഅത്തായി നിസ്കരിക്കും. നിസ്കാരങ്ങൾക്കു ശേഷമെല്ലാം ഖുർആൻ അൽപ്പം ഖുർആൻ ഓതും. അസ്വർ നിസ്കരിച്ച് അൽപ്പം ഖുർആൻ ഓതിയാൽ പിന്നെ നോമ്പുതുറ വിഭവങ്ങൾ ഒരുക്കുന്ന തിരക്കായി. ഉമ്മയുടെ നേതൃത്വത്തിൽ അടുക്കളപ്പണികൾ തകൃതിയായി നടക്കും. ഒപ്പം ഞങ്ങളും കൂടും. പത്തിരി പരത്താനും പൊടിതെട്ടാനും ചുടാനുമെല്ലാം ഉപ്പയും ഇക്കാക്കമാരും കൂടും. മഗരിബ് വാങ്ക് കൊടുക്കുന്നതിനു മുമ്പുതന്നെ അത്താഴത്തിനുള്ള വിഭവങ്ങളടക്കം കാര്യമായ പാചകങ്ങളൊക്കെ തീർക്കാൻ ഉമ്മ ശ്രമിക്കും. വാങ്കിന്റെ സമയമെടുത്താൽ നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ മേശയിൽ നിരത്തിവെക്കും. അത് കുട്ടികളുടെ ചുമതലയാണ്. എല്ലാവരും ആവേശത്തോടെ അതിൽ പങ്കുചേരും. ഈത്തപ്പഴവുമായി വാങ്ക് വിളിയും കാത്തിരിക്കും.

വാങ്ക് വിളിച്ചയുടൻ നോമ്പുതുറക്കും. ഇഫ്ത്വാറിൻ്റെ പ്രതിഫലവും ആ സമയത്തുള്ള പ്രാർത്ഥനയുടെ പുണ്യവും ഉപ്പ ഓർമപ്പെടുത്തും. “അല്ലാഹുമ്മ ലക സുംതു…..” നോമ്പ് തുറന്നാൽ ചെല്ലാനുള്ള ദിക്റുകൾ പറഞ്ഞുതരും. അനാരോഗ്യകരമായ വിഭവങ്ങളും അമിതഭോജനവും ശരീരത്തിനു ദോഷകരമാണെന്ന് ഓർമ്മിപ്പിക്കും. വിഭവങ്ങളുടെ ആധിക്യമല്ല ഇഫ്ത്വാറെന്ന് ഉമ്മയും പറയാറുണ്ട്. നോമ്പുകാരനു രണ്ടു സന്തോഷമുണ്ടെന്നു മുത്തുനബി(സ) പഠിപ്പിച്ചിട്ടുണ്ടല്ലോ. ഒന്ന്, നോമ്പു തുറക്കുമ്പോഴുള്ള സന്തോഷം. രണ്ട്, സ്വർഗലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം.

നോമ്പുകാലത്ത് ഇഫ്ത്വാർ വിഭവങ്ങൾ ഒരുക്കുന്നതിനെല്ലാം അല്ലാഹു വലിയ പ്രതിഫലം നൽകുമെന്ന് ഉമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. “ഞങ്ങളുടെ നോമ്പും നിസ്കാരവും മറ്റു ആരാധനാകർമങ്ങളുമെല്ലാം സ്വീകരിക്കേണമേ, റമളാൻ അനുകൂലമായി സാക്ഷിനിൽക്കുന്നവരിൽ ഞങ്ങളെ ഉൾപ്പെടുത്തേണമേ” എന്ന് ഉമ്മ എപ്പോഴും ദുആ ചെയ്യാറുണ്ട്. ഞങ്ങൾ ആവേശത്തോടെ ആമീൻ പറയും. റമളാനിലെ ഓരോ ദിനങ്ങൾ കഴിയുമ്പോഴും സുകൃതങ്ങൾ വർധിപ്പിക്കും. ബദർ ദിനത്തിലും ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്ന ഇരുപത്തിയേഴാം രാവിലും അവസാന പത്തിലും ഏറെനേരം ദിക്റുകളിലും പ്രാർത്ഥനയിലുമായി ചിലവഴിക്കും. റമളാൻ വിടപറയുമ്പോൾ മനസ്സ് വിതുമ്പും. ഇനിയും അനേകം റമളാൻ മാസങ്ങളെ സ്വീകരിക്കാൻ ഉതവി നൽകണേയെന്നു ദുആ ഇരക്കും. തക്ബീറുകളുടെ അകമ്പടിയോടെ വാനിലപ്പോൾ ശവ്വാലമ്പിളി തെളിഞ്ഞിട്ടുണ്ടാവും.

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×