മധുരമുള്ള നോമ്പോർമകൾ

ഇലപൊഴിയും കാലമായാൽ വല്യുമ്മ പറയും: “ഓലൊക്കെ നോൽമ്പ് തൊടങ്ങീക്ക്ണ്. ഞമ്മക്കും നോൽമ്പിന് ഒരുങ്ങണം”. പിന്നീട് ഓരോ ദിവസവും റമളാനിലേക്കുള്ള ദൈർഘ്യം നോക്കലായിരുന്നു വല്യുമ്മയുടെ പണി. റജബ് മാസമായാൽ തന്നെ പറയും. “റജബിൽ വെതക്കാതെ ശഅ്ബാനിൽ നൻക്കാതെ ഞമ്മക്കെങ്ങനെ റമളാനിൽ പെരിയോന്റെ റഹ്മത്ത് കിട്ടും. റജബിൽ നോമ്പ് നോറ്റാൽ റജബ് പാൽപൊയീന്നാ വെള്ളം കിട്ടാ” പിന്നെ റജബിലെ സുന്നത്ത് നോമ്പിന്റെയും മിഅ്റാജ് നോമ്പിന്റെയുമെല്ലാം പോരിശ പറച്ചിലാണ്. കുഞ്ഞുമക്കളായ ഞങ്ങൾക്ക് അതെല്ലാം വലിയ അതൃപ്പത്തിന്റെ സുകൃതകഥകളായിരുന്നു.

മിഅ്റാജ് നോമ്പും ബറാഅത്ത് നോമ്പും റമളാനിലേക്കുള്ള കത്തു ദൂതരാണെന്നാണു വല്യുമ്മയുടെ ഭാഷ്യം. മിഅ്റാജ് കഴിഞ്ഞാൽ പിന്നെ മുറ്റം കരിയിട്ടു തേക്കലും മണ്ണ് കുഴച്ചു തിണ്ടു പിടിപ്പിക്കലുമായിട്ടു പണിത്തിരക്കു തന്നെയായിരിക്കും. എല്ലാം ഞങ്ങൾക്കു കൗതുകമായിരുന്നു. തേച്ചു മിനുക്കിയ മുറ്റത്തു നടക്കുമ്പോൾ വല്യുമ്മ പറയും “മെല്ലെ നടക്കണം, നോൽമ്പ് മാസത്തിന്റെ കത്ത് ദൂതനെത്തി. പുണ്യമാസത്തെ വരവേൽക്കാനാണിതെല്ലാം” കൗതുകം തുളുമ്പുന്ന കണ്ണുകളുമായി ഞങ്ങൾ പതുക്കെ നടന്നു പരിശീലിക്കും. ശഅ്ബാൻ മാസമായാൽ പിന്നീട് അങ്ങോട്ട് വീട്ടിലെ വാതിലുകളും ചുമരുകളും കട്ടിലുകളും തുടങ്ങി എല്ലാം കഴുകുന്ന നൻച്ചുളി പണിയാണ്. അതിനായിട്ട് രാവിലെ തന്നെ പാറൂത്തിന്റെ ഇല പറിക്കാൻ പോകും. “പാറൂത്തും സാബൂനും കൂട്ടി ഒരച്ച അത്ര ചൊർക്ക് പുത്യേ മരത്തടിക്കും കൂടി ഉണ്ടാകില്ല” വല്യുമ്മ പണിക്കിടയിൽ പറയും. ബറാഅത്ത് നോമ്പ് കഴിഞ്ഞാൽ പിന്നെ അരിയും മല്ലിയും മുളകുമെല്ലാം കഴുകി ഉണക്കിപ്പൊടിക്കുന്ന തിരക്കിലായിരിക്കും. “നോമ്പിന് ഞമ്മക്ക് ഇണ്ടാക്കാനാണ്. ഇതിനും കൂലിയുണ്ട്”. ഉണങ്ങിയ അരിയും മല്ലിയും മുളകും എല്ലാം വാരിവെക്കുമ്പോൾ വല്യുമ്മ പറയും. അതിൽ നിന്നു ചാടിയ അരിമണിയെല്ലാം കോഴികൾക്ക് ഇട്ടുകൊടുത്തിട്ടു പറയും, ഇതെല്ലാം സ്വദഖയാണെന്ന്. വർഷംതോറും കാണുന്ന കാഴ്ചകൾ ആണെങ്കിലും ഓരോ വർഷവും പുതുമയോടെ ഞങ്ങൾ കണ്ടിരിക്കും. പൊടിക്കാനായി മില്ലിലേക്കു പോകുമ്പോഴും ഞങ്ങളും കൂടെക്കൂടും. കൗതുക കഥകൾ വീണ്ടും കേൾക്കാനുള്ള ആർത്തികൊണ്ടും റമളാൻ വരാനുള്ള ആകാംക്ഷ കൊണ്ടും വീണ്ടും ഞങ്ങൾ വല്യുമ്മയോട് വിശേഷങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. “ബാപ്പയുള്ള കാലത്താണെങ്കിൽ എല്ലാം ബാപ്പ കൊണ്ടുപോകുമായിരുന്നു. ഇതെല്ലാം ബാപ്പ സുവർഗത്തിൽ നിന്നു കാണുന്നുണ്ടാവും”. കണ്ണു നിറഞ്ഞ പുഞ്ചിരിയോടെ ഇതു പറയുമ്പോൾ ഞങ്ങളും കാണാത്ത വല്ലിപ്പയെ മനസ്സിൽ കാണും. അവരുണ്ടായിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കും. “ബാപ്പാക്ക് കുഞ്ഞുമക്കളെ നല്ല ഇഷ്ടമാണ്. ഒരുപാട് മിഠായി അവർക്കായി ബാപ്പക്കൊണ്ടു സൂക്ഷിക്കുമായിരുന്നു”. പ്രിയ പാതിയുടെ വിയോഗം തീർത്ത നോവ് വല്യുമ്മ കുഞ്ഞുവാക്കുകളിൽ ഒളിപ്പിച്ചു കണ്ണുനീർ കലർന്ന പുഞ്ചിരിയോടെ പറയും. “റമളാൻ ആയാൽ പിന്നെ ബാപ്പ പള്ളിയിൽ തന്നെയാണ്. തറാവീഹ് കഴിഞ്ഞുവരുമ്പോൾ മക്കൾക്ക് എന്തെങ്കിലും പ്രത്യേകിച്ചുണ്ടാവും”. പ്രിയ പാതിയുടെ ഓർമകളിൽ കൂടി വല്യുമ്മ സഞ്ചരിക്കുമ്പോൾ കൂർത്ത കാതുകളുമായി കേൾവിക്കാരായി ഞങ്ങൾ ചുറ്റുമുണ്ടാവും.

മിഅ്റാജ് നോമ്പിനും ബറാഅത്ത് നോമ്പിനും പ്രത്യേകം മധുരപലാഹാരങ്ങളും ചക്കരച്ചോറും ഉണ്ടാക്കുമ്പോഴും ബാപ്പയെ ദുആയിൽ മറക്കരുതെന്നു വല്ല്യുമ്മ ഇടയ്ക്കിടക്ക് ഓർമിപ്പിക്കും. ശഅ്ബാൻ അവസാനത്തിലുള്ള റമളാനിനെ സ്വീകരിക്കാനുള്ള സുന്നത്ത് കുളിയോടെ വല്യമ്മയുടെ ഭാഷയിൽ പറഞ്ഞാൽ നൻച്ചുളി കുളിയോടെ ഒരുക്കങ്ങൾ പൂർത്തിയായി. പിന്നീടങ്ങോട്ട് വ്രതവിശുദ്ധിയുടെ നാളുകളാണ്.

ഓരോ നിസ്കാരശേഷവും ഒരു ജുസ്അ് എങ്കിലും ഓതണമെന്നാണ് വല്ലിമ്മക്കു നിർബന്ധം. “പെൽച്ചക്ക് തിന്നൽ ബറകത്തുള്ള കാര്യമാണ്. അതിൽ ബറകത്തുണ്ടെന്നു മുത്ത്നബി(സ്വ) പറഞ്ഞ്ക്ക്ണു.. വേഗം നീച്ച് തിന്നാണി…” പുലർച്ചയ്ക്ക് ഞങ്ങളെ അത്താഴത്തിനു വിളിച്ചുകൊണ്ടു പറയും. അതു തന്നെയായിരുന്നു നോമ്പു നോൽക്കാനുള്ള ആദ്യത്തെ പ്രചോദനം. ഓരോ ദിവസവും അന്നത്തെ നോമ്പിന്റെയും തറാവീഹിന്റെയും പ്രത്യേക ഗുണങ്ങൾ വല്യുമ്മ പറഞ്ഞു തരും. മസ്ജിദുൽ അഖ്സയിൽ നിസ്കരിച്ച കൂലിയാണ് തറാവീഹിനെന്നൊക്കെ
കേൾക്കുമ്പോൾ ഞങ്ങൾ ആവേശത്തിന്റെ കൊടുമുടിയിലെത്തും. തറാവീഹ് കഴിഞ്ഞാൽ ബാപ്പയുടെ ഓർമക്കായി എന്നും ഞങ്ങൾക്കെന്തെങ്കിലും മിട്ടായിയോ മധുരമോ തരാനും വല്യമ്മ മറക്കില്ല. ആദ്യ നോമ്പു നോറ്റ ക്ഷീണത്തിൽ തളർന്നു കിടന്നപ്പോൾ ഞങ്ങളോടു വന്നു പറഞ്ഞു “നോൽമ്പ് നോറ്റു കൊയങ്ങണം; എന്നാലേ അയിന്റെ മുഴുവൻ കൂലീം ഞമ്മക്കു കിട്ടൊള്ളൂ..” ഓരോ നോമ്പു കഴിഞ്ഞാലും എന്റെ കുട്ടിക്ക് ഈ നോമ്പിനു സുവർഗം നൽകണേ റബ്ബേയെന്നു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും. രാത്രി എല്ലാവരെയും ഒരുമിച്ചുകൂട്ടി ഉമ്മയെ ഇമാമാക്കി തറാവീഹ് നിസ്കരിക്കും. തറാവീഹിനു ശേഷം കഞ്ഞി കുടിക്കാതെ ഉറങ്ങാൻ വിടില്ല. എല്ലാവരും കിടന്നാലും വല്യുമ്മയുടെ ഖുർആനോത്ത് പതിഞ്ഞ ശബ്ദത്തിൽ മനോഹരമായ ശൈലിയിൽ കേൾക്കാം. പിന്നീട് ഉണരുമ്പോഴും വല്യുമ്മയുടെ ഖുർആൻ ഓത്തു തന്നെയാണ്. നോമ്പു കഴിഞ്ഞു പെരുന്നാളിന്റെയന്ന് ഞങ്ങൾക്കൊക്കെ പ്രത്യേകമായി പെരുന്നാൾകായ് തരും. നോമ്പ് നോറ്റീനും തറാവീഹ് നിസ്കരിച്ചതിനും ഖുർആൻ ഓതിയതിനും ഒക്കെ വല്യുമ്മയുടെ സമ്മാനമാണിതെന്നു പറയും. ആ പെരുന്നാൾ കായി പിന്നീട് മാസങ്ങളോളം കായിക്കുറ്റിയിൽ സൂക്ഷിച്ചു വെക്കും.

വർഷങ്ങൾ പിന്നിട്ടു. ഇന്ന് കരിതേച്ചു മിനുക്കിയ മുറ്റത്തിനു പകരം മിനി മെറ്റലിട്ട മുറ്റമാണ്. വല്യുമ്മാന്റെ ഓലപ്പായക്കു പകരം മിനുമിനുത്ത മുസ്വല്ലയാണ്. എന്നാലും നനച്ചുള്ളി പണിക്കും റമളാനിനും അന്നത്തെ അതേ മധുരം ഇന്നുമുണ്ട്. അന്നത്തെ ഉത്സാഹവതിയായ വല്യുമ്മ ഇന്ന് ഏറെക്കുറെ ക്ഷീണിച്ചിരിക്കുന്നു. പക്ഷേ, കഥകൾക്കോ വിശേഷങ്ങൾക്കോ യാതൊരു പഞ്ഞവുമില്ല. അന്നത്തെ കഥകൾ ഇന്നത്തെ കുഞ്ഞുമക്കൾക്കു കൈമാറി കൊണ്ടിരിക്കുന്നു. അന്ന് ഞങ്ങളിരുന്ന സ്ഥാനത്ത് ഇന്ന് ഞങ്ങളുടെ അനിയത്തിമാരും അനിയന്മാരും സ്ഥാനംപിടിച്ചു കൂർത്ത കാതുകളുമായി കഥകൾ കേൾക്കുന്നു. അവരും ഞങ്ങളെ പോലെ കാണാത്ത വല്ലിപ്പയെ കാണാൻ ആഗ്രഹിക്കുന്നുണ്ടാവാം. ഇടക്ക് ഒഴിവുണ്ടാകുമ്പോൾ അവിടെയിരുന്നു കഥകൾ കേൾക്കുമ്പോൾ പഴയ നാലുവയസ്സുകാരിയായി ഞാൻ മാറും. അന്നത്തെ കൗതുകവും അനുഭൂതിയും എന്നിൽ വന്നു നിറയും. ഇനി ആ കാലമില്ലല്ലോ എന്നോർത്ത് ഉള്ളം പരിതപിക്കും. എന്നാലും അന്നത്തെ ഓർമകൾക്ക് എന്തു സുഗന്ധമാണ്.
ഓരോ റജബ് കടന്നുവരുമ്പോഴും മനോഹരമായ ഓർമകൾ കൂടെയുണ്ടാവും. പഴയ കാലത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന വല്ലാത്ത ആത്മീയ അനുഭൂതി പകരുന്ന ഓർമകൾ. റജബിനെയും ശഅ്ബാനിനെയും റമളാനിനെയും ഹൃദയപൂർവം സ്വീകരിക്കാൻ ആവേശം നൽകുന്ന സുഗന്ധം വീശുന്ന ഒരുപിടിയോർമകൾ.

* – ഒരുതരം ചെറിയ മരത്തിന്റെ ഇല.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×