ഓർമകളിലെ റമളാൻ

ആത്മീയാനന്ദത്തിന്റെ പാരിതോഷികങ്ങളുമായ് വിരുന്നെത്തിയ റമളാനിലൂടെ സഞ്ചരിക്കുകയാണു നാം. കരുണമായനായ റബ്ബിന്റെ അളവറ്റ അനുഗ്രഹങ്ങളുമായി നമ്മിലേക്കെത്തിയ റമളാനെ നമ്മളെങ്ങനെയാണ് സ്വീകരിക്കേണ്ടത്.
ഞങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം റമളാൻ വരാനടുത്താൽ വല്ലാത്ത തിരക്കുകളാണ്.
സാധാരണ നമ്മുടെ വീട്ടിൽ വിരുന്നുകാർ വന്നാൽ ഞങ്ങൾക്കു തന്നെയാണ് വെപ്രാളം കൂടുതൽ.
അവരെ നല്ലരീതിയിൽ സ്വീകരിക്കണം. അവർക്കു നല്ല ഭക്ഷണവും, സൗകര്യങ്ങളും ഒരുക്കണം. സ്നേസമ്പൂർണമായ വാക്കുകൾക്കൊണ്ടവരെ സന്തോഷിപ്പിക്കണം.
അങ്ങിനെ എന്തെല്ലാം.
ബറാഅത്ത് രാവ് കഴിഞ്ഞാൽ പിന്നെ തിരക്കോടു തിരക്കാണ്.
റമളാനു വേണ്ട മുന്നൊരുക്കങ്ങൾ. വീടു മുഴുവൻ പൊടിതട്ടി അടിച്ചുവാരി തുടക്കണം.
മുറ്റവും, പരിസരവും വൃത്തിയാക്കി വെക്കണം. റമളാനിൽ പണിത്തിരക്കു കുറക്കാൻ എളുപ്പമാകുന്ന തരത്തിലുള്ളതെല്ലാം ചെയ്തുവെക്കണം.
നോമ്പിനെക്കുറിച്ചോർക്കുമ്പോൾ നമുക്കാദ്യം ഓർമ വരിക നമ്മുടെ കുട്ടിക്കാലമായിരിക്കും.
എല്ലാവർക്കും അങ്ങനെ തന്നെയാവും. കാരണം നോമ്പ് നോക്കുമ്പോഴുള്ള വിഷമങ്ങളും, പിന്നെ നോമ്പുതുറയുടെ സന്തോഷവും ഒരുപോലെ അനുഭവിച്ചത് ആ നല്ല നാളുകളിലായിരിക്കും.
അങ്ങനെ ഒരിക്കലും മറക്കാത്തൊരോർമയാണ് എന്റെ ആദ്യ നോമ്പനുഭവം.
വീട്ടിൽ ഞങ്ങൾ എല്ലാവരും ചെറിയ പ്രായത്തിൽ തന്നെ നോമ്പെടുക്കുമായിരുന്നു. ഞാൻ ഓർക്കുന്നു, ആദ്യമായി നോമ്പെടുത്ത ദിവസം അസർ വരെ വലിയ കുഴപ്പമില്ലാതെ പോയി. പിന്നെ തുടങ്ങി, വല്ലാത്ത ക്ഷീണം. കോലായിൽ കസേരയിലിരുന്ന് ഉപ്പ കിതാബ് നോക്കുന്നുണ്ട്. ഞാൻ ആ കസേരക്കു താഴെ കിടപ്പാണ്. ഇടയ്ക്ക് പുറത്തേക്കു നോക്കും. വെയിൽ ഇനിയും പോയിട്ടില്ല. ഞാൻ ഉപ്പയോടു ചോദിക്കും, വെയിൽ പോയില്ലല്ലോ ഉപ്പാ…
ഇനിയെത്ര സമയമുണ്ട് വാങ്ക് കൊടുക്കാൻ. ഉപ്പ പറയും, ഒരു മണിക്കൂറും
10 മിനിറ്റും. കുറച്ചു കഴിഞ്ഞാൽ ഞാൻ വീണ്ടും ചോദിക്കും. മൂന്നോ നാലോ വട്ടം ചോദിച്ചുകൊണ്ടേയിരുന്നു.
അപ്പോഴേക്കും ഉപ്പാക്കു ചെറുതായി ദേഷ്യം വന്നുതുടങ്ങിയെന്നു മനസ്സിലായതോടെ എന്റെ മുഖം വാടി.
പിന്നെ ഉപ്പ ചേർത്തിരുത്തി നോമ്പിന്റെ കുറേ മഹത്വങ്ങൾ പറഞ്ഞു തന്നു സന്തോഷിപ്പിച്ചു. ആദ്യമായി നോമ്പെടുക്കുന്ന ആൾക്ക് ഉപ്പയുടെയടുത്തു വലിയ പരിഗണയാണ്. നോമ്പ് തുറന്നാലും ഇടയ്ക്കിടക്ക് ക്ഷീണം മാറിയോ, ഭക്ഷണം കഴിച്ചോ എന്നിങ്ങനെ ചോദിച്ചുകൊണ്ടിരിക്കും.
വല്ലിമ്മ (ഉപ്പയുടെ ഉമ്മ) വീട്ടിൽ വരുന്ന സമയം എല്ലാവർക്കും നല്ല സന്തോഷമാണ്.
വല്ലിമ്മാക്കു വേണ്ടി അത്താഴത്തിന് എഴുന്നേറ്റാൽ ഉമ്മയുടെ വകയൊരു സ്പെഷ്യൽ വിഭവമുണ്ടാകും. ‘ചക്കരപ്പാല് ‘എന്ന് പറയും.
ഇന്നത്തെ അവിൽ മിൽക്കെല്ലാം മാറിനിൽക്കും. അതിന് അത്രക്കും ടേസ്റ്റാണ്.
രാത്രികളിൽ ഉപ്പ താറവീഹീനു പള്ളിയിൽ പോകും. ഉപ്പയാണേൽ പള്ളിയിൽ പോയാൽ ഒരുപാട് വൈകും. അന്ന് ഇന്നത്തെ പോലെയല്ല, തറാവീഹ് കഴിയാൻ ഒരുപാട് സമയമെടുക്കും. നാട്ടിൽ പലയിടത്തും കള്ളൻ കയറിയ കഥകൾ പ്രചരിച്ച സമയമാണത്. പേടിയോടെയിരിക്കുന്ന ഞങ്ങളുടെ ഏക ആശ്വാസം വല്ലിമ്മ വീട്ടിൽ നിൽക്കാൻ വരുന്ന സമയമാണ്.
ചിലപ്പോൾ അടുത്ത വീട്ടിലുള്ള വല്ലിമ്മയുടെ കൂട്ടുകാരിയും വരും. അവർ ഒരുപാട് കഥകൾ പറയും. എത്ര പറഞ്ഞാലും പറഞ്ഞുതീരാത്ത അവരുടെ കഥകളുടെ കെട്ടഴിക്കുമ്പോൾ ഞങ്ങൾ സമാധാനത്തോടെ ഉറങ്ങും.
അന്നെല്ലാം അത്താഴത്തിനെഴുന്നേൽക്കുന്നത് അത്താഴക്കാക്കയുടെ വിളി കേട്ടാണ്. ഗ്യാസ് ലൈറ്റും കൈയിൽ പിടിച്ചു നാടിന്റെ മുക്കുമൂലകളിൽ അവർ വിളിച്ചുണർത്തും.
അത്താഴത്തിനു ചോറു കഴിക്കൽ നിർബന്ധമാണ്. എരിവില്ലാത്ത കറിയും, പൊരിച്ച മീനും സ്ഥിരം മെനുവാണ്.
ഉറക്കച്ചടവിൽ ചോറ് ബാക്കിവെച്ചാൽ വല്ലിമ്മ പറയും “അതങ്ങട്ട് മുഴുവനാക്ക്.. നാളെ ക്ഷീണം വന്നാൽ തോന്നും, ആ ഒരു ഉരുള കൂടി തിന്നായിരുന്നുവെന്ന്”. അതുകേട്ടാൽ ശരിയാണെന്നു തോന്നും. അങ്ങനെ അതുകൂടെ കഴിക്കും.
റമളാനായാൽ ഉമ്മ വളരെ തിരക്കിലായിരിക്കും. പകൽ മുഴുവൻ പണി. രാത്രി ഞങ്ങൾ അത്താഴം കഴിക്കണമെങ്കിൽ ഉമ്മ ഒരുമണിക്കൂർ നേരത്തെ ഉണരണം. ഒരാളെ വിളിച്ചെണീല്പിക്കുമ്പോഴേക്കും മറ്റെയാൾ ഉറങ്ങിയിട്ടുണ്ടാവും.
ഉമ്മയും, ഉപ്പയും, സഹോദരങ്ങളോടുമൊത്തുള്ള നോമ്പുകാലം ഇനി ഒരിക്കലും തിരിച്ചു കിട്ടാത്തൊരു നൊമ്പരകാലം തന്നെയാണ്.
സാധരണ തഹജ്ജുദ് മുതൽ ളുഹാ വരെ ദിക്റുകളും, ഖുർആൻ ഓത്തുമായി കഴിയുകയെന്ന ഉപ്പയുടെ ദിനചര്യ
റമളാനിൽ മാറ്റംവരും. ള്ഹ്ർക്കും, അസറുക്കുമെല്ലാം ഖുർആൻ ഓതിക്കൊണ്ടിരിക്കും.
അസറിനു ശേഷം ഞങ്ങൾ കുട്ടികൾക്കു ഖുർആൻ ക്ലാസുണ്ടാകും. എത്ര പഠിച്ചാലും മറന്നുപോകുന്ന മഖ്റജുകൾ കിട്ടാതെ ഉപ്പാക്കു മുന്നിൽ തപ്പിത്തടയും. ആരും പരസ്പരം മുഖത്തേക്കു നോക്കില്ല. എല്ലാവരും അടുത്ത കുടുംബങ്ങളിലുള്ളവരും, പല ക്ലാസ്സുകളിലുള്ളവരുമാകും. ഇന്ന് ചിരിയോടെ ഓർക്കുമെങ്കിലും അന്നു വല്ലാത്ത പേടി തന്നെയാണ്.
നോമ്പുതുറക്ക് ഉപ്പ ഞങ്ങൾക്കു നല്ല വിഭവങ്ങളെല്ലാം ഉമ്മയെക്കൊണ്ടു പാകംചെയ്യിപ്പിച്ചു തരും.
യൂട്യൂബും, വ്ലോഗേഴ്സും ഒന്നുമില്ലാത്ത ആ കാലത്ത് ഉപ്പ കൂട്ടുകാരോടാണ് റെസിപിയെല്ലാം ചോദിച്ചറിയുക.
അടുത്തുള്ള ഉപ്പാന്റെ കൂട്ടുകാരൻ വീട്ടിൽ വന്നു. അവർ ഞങ്ങൾ കുട്ടികൾക്കു പഠിപ്പിച്ചു തന്നിട്ടായിരുന്നു ‘കസ്റ്റാർഡ്’ ഞങ്ങളുടെ നോമ്പുകാല വിഭവമായി മാറിയത്.
അതുപോലെ ക്ഷീണമില്ലാതിരിക്കാൻ നല്ലതാണെന്നു പറഞ്ഞു കൊണ്ട് വരുന്നതാണ് ‘റൂഹഫ്സ’.
റമളാനിലെ മറ്റൊരു സ്ഥിര വിഭവമാണ് ജീരകക്കഞ്ഞി. ഞങ്ങൾ പെൺമക്കളിൽ മുതിർന്നവർക്കെല്ലാം കഞ്ഞിയെന്നു കേൾക്കുന്നതു തന്നെ ദേഷ്യമാണ്. മിക്സിയും ഗ്രൈൻഡറും അടുക്കളയിൽ വ്യാപകമല്ലാത്ത അന്ന് കഞ്ഞിയിലേക്ക് അമ്മിക്കല്ലിൽ തേങ്ങ അരക്കുകയെന്നത് വലിയ തലവേദനയാണ്. നോമ്പു നോറ്റ് ക്ഷീണിച്ചുള്ള അരവിനു കുറച്ചു കടുപ്പം കൂടും. “കല്യാണം കഴിഞ്ഞാൽ ചെന്നുകയറിയ വീട്ടിൽ അരക്കാൻ അറിയില്ലെന്നു പറയുന്നതു വലിയ നാണക്കേടാണ് ” എന്നും പറഞ്ഞ് ഉമ്മ ഞങ്ങളെക്കൊണ്ടെല്ലാം അരപ്പിക്കും.
ആരാണാവോ ഈ കഞ്ഞി ഉണ്ടാക്കൽ കണ്ടുപിടിച്ചതെന്നോർത്തു പിറുപിറുത്തിട്ടാവും പിന്നെ അരവ്.
സത്യത്തിൽ എന്റെ കല്യാണം കഴിഞ്ഞ് ഇവിടുത്തെ വീട്ടിൽ വന്നപ്പോൾ ജീരകക്കഞ്ഞി ഒരു മഹാ സംഭവമാണ്. വീട്ടിൽ വർഷങ്ങളോളം റമളാനിൽ ഉമ്മയുണ്ടാക്കുന്ന കഞ്ഞി കുടിക്കാൻ പള്ളിയിലെ മുക്രിക്കയും, അയൽവീടുകളിലെ പ്രായമായവരും സ്ഥിരം വരും. ഉമ്മ ഒരിക്കലും എന്നെ ഭാരപ്പെടുത്തിയിട്ടില്ല.
പ്രത്യേകിച്ച് തിരക്കുകലൊന്നുമില്ലെങ്കിൽ ഉമ്മ തന്നെയാണ് ചെയ്യാറ്. റമളാൻ വന്നാൽ ഉമ്മാക്കു പ്രത്യേക സന്തോഷമാണ്. ആദ്യ ദിവസം തന്നെ ഉമ്മ പുതിയ വസ്ത്രം ധരിക്കും.
എല്ലാവരെയും നോമ്പ് തുറപ്പിച്ച് സത്കരിക്കൽ ഉമ്മാക്ക് ഏറെ ഇഷ്ടമാണ്. അതെല്ലാം സ്വീകരിക്കപ്പെട്ടതിനു തെളിവാകാം, ഇരുപത്തിയേഴാം രാവിന്റെ അന്നു തന്നെ അവർക്കു വിയോഗത്തിനു ഭാഗ്യം ലഭിച്ചത്.
റമളാൻ 17 കഴിഞ്ഞാൽ പിന്നെ വീട്ടിൽ നോമ്പുതുറയും, ബദ്ർ മൗലിദ് സദസ്സുമുണ്ടാകും. കുടുംബങ്ങളിൽ എല്ലാവരെയും വിളിക്കും. പത്തിരിയും, ഇറച്ചിയുമാകും മെയിൻ വിഭവം. പൊറാട്ട മതിയോയെന്നു ചോദിച്ചാൽ ഉപ്പ പറയും, ഉസ്താദുമാർക്കു ബുദ്ധിമുട്ടാണ്.
അമ്മായിമാരും, കുഞ്ഞിമ്മമാരുമെല്ലാം നേരത്തേയെത്തും. എല്ലാവരോടും ഉപ്പ പറയും, ഓരോരുത്തർ പത്തു പത്തിരി ഉണ്ടാക്കിയാൽ മതി.
എല്ലാവരും ചിരിക്കും.
കുറച്ചുപേർ അകത്തു വെച്ച് പത്തിരി പരത്തുമ്പോൾ കുറച്ചുപേർ കൂട്ടം കൂടി പലഭാഗത്തായി ചുടാനിരിക്കും.
വർത്തമാനം പറഞ്ഞും ചിരിച്ചും പണികൾ കഴിയുന്നതറിയില്ല.
ഇന്നത്തെ പോലെ ഒരുപാട് വിഭവങ്ങളൊന്നും ഉണ്ടാകില്ല. പൊരിക്കടികൾ വളരെ കുറവ്.
പഴംപൊരിയും, ഉള്ളി ബജിയും മാത്രം.
അന്ന് അതു തന്നെ ധാരാളം.
നോമ്പു തുറന്ന ഉടനെ കുറച്ചു പേർ നിസ്‌കരിച്ചു വരും. അതു കഴിഞ്ഞാൽ ബാക്കിയുള്ളവരും നിസ്കരിക്കും. അപ്പോഴേക്കും പള്ളിയിൽ നിന്ന് ആണുങ്ങളും വരും. അതിനു മുമ്പായി പത്തിരിയും, കറിയുമെല്ലാം എടുത്തു വെച്ച് തീന്മേശ സജ്ജമാക്കണം.
ഭക്ഷണം കഴിച്ച് ആണുങ്ങളെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ നല്ലപണിയാണ്. പാത്രങ്ങൾ കഴുകലും വീട് വൃത്തിയാക്കലും അടക്കലും ഒതുക്കലുമുണ്ടാകും. അന്ന് വലിയ സംഭവമാണ്. തണ്ണിമത്തൻ റമളാനിൽ മാത്രമേ കിട്ടുമായിരുന്നുള്ളു. വീട്ടിൽ എല്ലാവർക്കും ഭയങ്കര ഇഷ്ടവുമാണ്. തണ്ണിമത്തൻ ചെറുതായി കൊത്തിയരിഞ്ഞു കോരി കഴിക്കാൻ പാകത്തിൽ ഗ്ലാസിൽ ഒഴിച്ച് വെച്ചിട്ടുണ്ടാകും. അത് ഞങ്ങൾ എല്ലാവരും പിറകു വശത്തെ കോലായിലിരുന്നു സംസാരിച്ച് ആസ്വദിച്ച് കുടിക്കും. അപ്പോഴായിരിക്കും അധികവും പെരുന്നാളിന്റെ ഒരുക്കങ്ങളെപ്പറ്റിയും പുതിയ മോഡൽ വസ്ത്രങ്ങളെ പറ്റിയും ചർച്ചകൾ നടക്കുക. മിക്കപ്പോഴും വീട്ടിലെ നോമ്പുതുറയും പള്ളിയിലെ വഅ്ള് പരിപാടിയും ഒരു സമയമായിരിക്കും ഉണ്ടാകുക.
തറാവീഹ് കഴിഞ്ഞു വരുന്നവർക്കു ജീരകക്കഞ്ഞി വിളമ്പി കഴിഞ്ഞാൽ പിന്നെ വഅ്ളിനു പോകാനുള്ള തിരക്കിലാവും.
മൗലിദ് സദസ്സും, നോമ്പുതുറയും ഇന്നും തുടർന്നു പോരുന്നുണ്ടെങ്കിലും ഉപ്പ നടത്തിയിരുന്നപോലെ അത്ര വിപുലമാക്കാൻ കഴിയാറില്ല.
കാര്യമായി വരുമാനമില്ലാതിരുന്നിട്ടും ഉപ്പ അതു ഭംഗിയായി നടത്തും. തുടക്കത്തിൽ കണക്കുകൂട്ടിവെച്ച ആളുകൾ അന്നത്തെ ദിവസമാവുമ്പോഴേക്കും കൂടി വരും. ഒരാളെ വിളിച്ചാൽ മറ്റെയാൾ വിളിച്ചില്ലെന്നു തോന്നുമെന്നു പറഞ്ഞ് ആളുകളുടെ എണ്ണം കൂട്ടികൊണ്ടിരിക്കും.
കുടുംബ ബന്ധം ചേർക്കുന്നതിൽ ഉപ്പാക്ക് നല്ല ശ്രദ്ധയായിരുന്നു. അയൽപ്പക്ക ബന്ധവും
അങ്ങനെ തന്നെ.
റമളാൻ പിറ പ്രതീക്ഷിക്കുന്ന ദിവസം “അറിഞ്ഞാൽ പറയണേ..” എല്ലാവരും അങ്ങുമിങ്ങും ഓർമിപ്പിക്കും.
പിന്നെ നോമ്പുതുറക്ക് ഉണ്ടാക്കിയതിൽ നിന്നും എന്തെങ്കിലുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും കൊടുത്തയക്കും.
മിക്കപ്പോഴും മാങ്ങക്കാലവും, നോമ്പുകാലവും ഒരുമിച്ചാവും. തറവാട്ടു വീടുകളിലെല്ലാം നിറയെ കായ്ക്കുന്ന ഒരുപാട് മാവുകളുണ്ട്.
നോമ്പുകാലത്ത് ഞങ്ങൾ കുട്ടികൾ ഒരുപാട് കണ്ണിമാങ്ങകൾ പെറുക്കി വെക്കും. നോമ്പുതുറ കഴിഞ്ഞാൽ കഴിക്കാനൊന്നും പറ്റില്ല. എന്നാലും വെറുതെ വീണു കിടക്കുന്നതു കാണുമ്പോഴൊരു സങ്കടം.
ഞങ്ങളുടെ വീട്ടിലെ മാവുകൾ കായ്ച്ചു തുടങ്ങിയിട്ടില്ലാത്തതു കൊണ്ട് അയൽവീടുകളിൽ നിന്നും, കുടുംബവീടുകളിൽ നിന്നും ഒരുപാട് മാങ്ങകൾ കൊടുത്തയക്കും. നോമ്പിന് ഉണ്ടാകാറുള്ള മറ്റൊരു കാര്യം, ദൂരെ നിന്നെല്ലാം ഉമ്മാന്റെയും വല്ലിമ്മാന്റെയുമെല്ലാം പണ്ടത്തെ പരിചയക്കാർ സകാത് പൈസ വാങ്ങാൻ വേണ്ടി വരും.
അവരിൽ പലരും ഉമ്മ ഞങ്ങളെ പ്രസവിച്ചു കിടക്കുമ്പോൾ നോക്കാൻ നിന്നവരാണ്.
അവർ വന്ന് അവരുടെ, വിഷമങ്ങളും വീട്ടു വിശേഷങ്ങളുമെല്ലാം പറയുമ്പോൾ ഞങ്ങൾ കൗതുകത്തോടെ കേട്ടിരിക്കും. ഒരുപാടൊന്നും കൊടുക്കാനില്ലെങ്കിലും കഴിയുന്നത് കൊടുത്തു വളരെ സന്തോഷത്തോടെ ഉമ്മ അവരെ യാത്രയാക്കും.
അകത്തു നിന്ന് ഞങ്ങൾ ” ദേ അവളുടെ ഉമ്മ വന്നിരിക്കണു,”. “അവന്റെ ഉമ്മയാണ് ” എന്നൊക്കെ കളി പറഞ്ഞ് അടക്കിച്ചിരിക്കും.
എന്നും രാവിലെ മദ്രസയുണ്ടാകും. ഖുർആൻ മാത്രമായിരിക്കും ഉണ്ടാകു‌ക.
കുറച്ചു സമയം ഉസ്താദ് നല്ല ചരിത്രങ്ങൾ പറഞ്ഞു തരും.
വീട്ടിലെത്തിയാൽ കേട്ടത് മുഴുവൻ ഉമ്മാനെ കേൾപ്പിക്കാൻ ഓരോരുത്തരും തിടുക്കപ്പെടും.
പിന്നെ എല്ലാവരും ചുറ്റും കൂടിയിരുന്നു തിരുനബിയുടെയും, സ്വഹബാക്കളുടെയും കഥകൾ പറയും.
നോമ്പിന് എല്ലാവരെക്കൊണ്ടും ഉപ്പ നന്നായി ഖുർആൻ ഓതിപ്പിക്കും.
മഗ്‌രിബിനു ശേഷം ടേബിളിന് ചുറ്റുമിരുന്നു ഞങ്ങൾ ഒരുപാട് നേരം ഖുർആൻ ഓതുമായിരുന്നു. പുറത്തെ കോലായിൽ ഉപ്പ ശ്രദ്ധിച്ചിരിക്കും. തെറ്റുകളുണ്ടെങ്കിൽ തിരുത്തി തന്ന് വീണ്ടും, വീണ്ടും ഓതിപ്പിക്കും.
രാത്രിയിൽ ഇടക്ക് അടുത്ത പ്രദേശങ്ങളിലുള്ള കുറച്ചു കുട്ടികൾ വരും. ഞങ്ങൾ സ്വലാത്തുകുട്ടികളെന്നാണ് അവരെ പറയാറ്.
അവർ ദഫ് മുട്ടി മുത്തുനബിയുടെയും, ഖദീജ ബീവിയുടെയും, ആഇശ ബീവിയുടെയുമെല്ലാം പാട്ടുകൾ പാടും.
എല്ലാവരും സന്തോഷത്തോടെ കേട്ടിരിക്കും.
രാത്രികളിൽ അടുത്തടുത്ത പ്രദേശങ്ങളിൽ പലപ്പോഴും വഅള് പരിപാടികളും, ദുആയും ഉണ്ടാകും. ഒരുപാട് ദൂരെ നടന്നാണ് എല്ലാവരും പരിപാടിക്ക് പോകുന്നത്. ഒരുപാട് പെണ്ണുങ്ങൾ കൂട്ടമായി വഅള് കേൾക്കാനായി
പോകും. അത്താഴ
സമയം വരെ നീണ്ടു പോയാലും ഒരു മടുപ്പോ, തിരക്കോ ഇല്ലാതെ അതിൽ മുഴുകിയിരിക്കും.
ഒരിക്കലും തിരിച്ചുകിട്ടാത്ത മധുരമാർന്ന ഓർമകളിലേക്ക് ഓരോ റമളാനുകളും നമ്മെ ഒരിക്കൽ കൂടി കൂട്ടിക്കൊണ്ടു പോകും. ത്യാഗോജ്ജ്വലമായ ദിനരാത്രങ്ങളെ ക്ഷമയെന്ന പരിചയോടെ എങ്ങനെയാണ് നേരിടേണ്ടതെന്നു നമുക്കു പകർന്നു തരും.

പുണ്യ റമളാനിനെ വേണ്ട വിധം മനോഹരമായി പരിഗണിക്കണം.
തെറ്റുകളുടെ കൂമ്പാരങ്ങൾക്കിടയിൽ പെട്ടു പോയ ഹൃദയത്തെയൊന്നു പശ്ചാത്താപത്തിന്റെ കണ്ണീരിൽ മുക്കി കഴുകിയെടുക്കണം.
പരിശുദ്ധ ഖുർആന്റെ ശ്രവണമധുരമായ ശബ്ദവീചികൾ കൊണ്ട് വീടകങ്ങൾ ഉണരണം.
ദിക്ർ തസ്ബീഹുകളുടെ മുത്തുമണികൾ ചേർത്തൊരു മാല കൊരുക്കണം.
സ്നേഹത്തിന്റെ, സാന്ത്വനത്തിന്റെ നിറമുള്ള നിമിഷങ്ങൾ തീർക്കണം.
ഭൂമിയിലുള്ളവരോടു നിങ്ങൾ കരുണ ചെയ്താൽ ആകാശത്തിന്റെ അധിപൻ നിങ്ങളോട് കരുണ ചെയ്യുമെന്ന മുത്തുനബിയുടെ തിരു സന്ദേശം ഉൾക്കൊണ്ട് ഉള്ളം ഉണർന്നിരിക്കണം.
തീന്മേശകൾ വിഭവങ്ങൾ കൊണ്ട് വീർപ്പുമുട്ടുമ്പോൾ നമോന്ന് ഓർക്കണം, ഫലസ്തീനിലേക്ക്, മറ്റു ദരിദ്ര രാഷ്ട്രങ്ങളിലേക്ക്..
വിശപ്പടക്കാൻ ഭക്ഷണമില്ലാതെ മരിച്ചു വീഴുന്ന ആയിരങ്ങളിലേക്ക്..
അവർക്കു വേണ്ടിയൊരു കണ്ണീരിൽ കുതിർന്ന ദുആ നമുക്കുള്ളിൽ എന്നുമുണ്ടാകണം.
നാഥൻ തന്ന അളവുകോലില്ലാത്ത അനുഗ്രഹങ്ങൾക്കായ് നന്ദിയുള്ള മനസ്സാക്കി മാറ്റണം.
ആവശ്യവും, അനാവശ്യവും തിരിച്ചറിഞ്ഞു ചിലവഴിക്കാൻ നമുക്കു കഴിയണം. നമ്മുടെ മക്കളെ പഠിപ്പിക്കണം,
ഒരു കാരക്കയുടെ ചീള് കൊണ്ടെങ്കിലും നിങ്ങൾ നോമ്പുകരനെ നോമ്പ് തുറപ്പിക്കണമെന്ന്. മുത്തുനബി മൊഴികൾ
ഏറ്റെടുത്ത് പ്രവർത്തികമാക്കണം.
ഓ.. റമളാൻ നീ കടന്നു വന്ന ഓരോ ആണ്ടുകളും നിന്നെ സ്വീകരിക്കാനായ് ഞങ്ങൾ ഒരുങ്ങിയിരുന്നിരുന്നു.
നിന്റെ പകലുകളെ ധന്യമാക്കാൻ ഞങ്ങളേറെ കൊതിച്ചിരുന്നു.
നിന്റെ രാവുകൾക്കു ജീവൻ നൽകാൻ ഞങ്ങളുടെ ഉള്ളകം തുടിച്ചിരുന്നു.
ഒടുവിൽ നിന്നെ യാത്രയാകുമ്പോൾ ഒന്നിനും കഴിഞ്ഞില്ലെന്ന നിരാശബോധം ഉള്ളിൽ നീറിപ്പിടിക്കും.
പുണ്യ റമളാൻ.. എന്റെ റബ്ബിന്റെ മുമ്പിൽ നീ ഞങ്ങൾക്കൊരു ശിപാർശകനാവണേ…
അവന്റെ റഹ്മത്തിന്റെ, മഗ്ഫിറത്തിന്റെ, ഇത്ഖിന്റെ കടാക്ഷങ്ങൾ കൊണ്ടൊന്നു പാപങ്ങളാൽ കറുത്തുപോയ ഞങ്ങളുടെ ഹൃദയങ്ങളിലൊന്നു പതിഞ്ഞു കിട്ടിയാൽ ഞങ്ങളെത്ര ധന്യർ.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×