ഗൃഹാതുരമാർന്ന നോമ്പുകാലങ്ങൾ

ചൂടുള്ള നൈസ് പത്തിരിയുടെയും വറുത്തരച്ച ഇറച്ചിക്കറിയുടെയും മണമടിച്ചാൽ കൊതിയേക്കാളേറെ, നോമ്പുതുറക്കാൻ നേരം വാങ്കും കാത്തിരിക്കുന്ന പ്രതീതിയുണ്ടാകും. അതിപ്പോൾ രാവിലെയാണെങ്കിൽ പോലും. നോമ്പുകാലങ്ങൾക്കു തീർത്തും വേറിട്ടൊരു അന്തരീക്ഷമുണ്ട്. അതുകൊണ്ടാകണം പുണ്യമാസക്കാലത്തേക്കു മാത്രം പ്രത്യേക
ചിട്ടാരീതികൾ ഉണ്ടായിരുന്നു, എൻ്റെ വീട്ടിലും ഞാനറിയുന്ന വീടുകളിലും. ഓരോയിടങ്ങളിലും വ്യത്യസ്തവുമായിരിക്കും.
ആരാധനാകർമങ്ങളിൽ മുഴുകി പുണ്യമാസം ഫലപ്രദമാക്കുന്നവരും, അടുക്കളയിൽ മുഴുകുന്നവരും, ദിവസം മുളവൻ കിടന്നുറങ്ങുന്നവരും, റമളാനെ ഗൗനിക്കാത്തവരും ഇങ്ങനെ പലതരം ആളുകൾ നോമ്പുപിടിച്ചു നടക്കുന്നത് സമൂഹത്തിൻ്റെ തന്നെ ചിട്ടാനിഷ്‌ടങ്ങൾ മാസമൊന്നു കാലകത്തേക്ക് അട്ടിമറിക്കാറുണ്ട്. വിശിഷ്യാ, മലബാറിലും, മലപ്പുറത്തും.

റമളാനു വേണ്ടിയുള്ള ഒരുക്കങ്ങൾക്കും ഒരു പ്രത്യേക മൊഞ്ചാണെന്നു പറയാം. അറബിമാസം ശഅ്ബാനിൽ തുടങ്ങുന്ന ‘നനച്ചുകളി’യെന്ന ആചാരത്തെ ചെറുതായിരുന്നപ്പോൾ ആവേശത്തോടെ വരവേറ്റ ഞാൻ ഇന്ന് ഇതേ മാസമാകുമ്പോൾ മടിയോടെ നോക്കിനിൽക്കുന്നു. മുതിർന്ന ഞാൻ വീടു മുഴുവൻ കഴുകിത്തുടച്ചു, മുക്കും മൂലയും വിടാതെ വ്യത്തിയാക്കി, ജനലിൽ തൂക്കിയ കർട്ടൺ മുതൽ വിരുന്നുകാർക്കെടുത്തു വച്ച പുതപ്പു വരെ അലമാരയിലുള്ളതെല്ലാം കഴുകി, മേശ, കസേര, ഇരിക്കുന്ന മരപ്പലകളെല്ലാം പാറാത്തിൻ്റില വച്ച് ഉരച്ചു, തേച്ചു മിനുക്കണം. ഒടുക്കം ഇന്നും വന്നിട്ടില്ലാത്ത വിരുന്നുകാർക്കു ഭക്ഷണം വിളമ്പാനുള്ള പാത്രം വരെ കഴുകണമെന്നു പറയുമ്പോൾ ആരാണാദ്യമൊന്നു മടിക്കാതിരിക്കുക. എന്നാലും ചെയ്തു തുടങ്ങിയാൽ ഒരുതരം ഹരംകയറി എല്ലാവരുമൊന്നിച്ചു വീടെരുക്കി കഴിയുമ്പോൾ കാണുന്ന കണ്ണിനു വല്ലാത്തൊരനുഭൂതി തന്നെയായിരുന്നു. കുറച്ചു ദിവസങ്ങളിലായി പൂർത്തിയാക്കുന്ന നനച്ചുകുളി മാസം മുഴുവനുമെടുത്തു ചെയ്യുന്നവരുമുണ്ട്. രണ്ടോ മൂന്നാ ദിനരാത്രങ്ങൾക്കൊണ്ട് തീർക്കുന്നവരുണ്ട്. ഉമ്മറത്തു തുടങ്ങി പിന്നാമ്പുറത്ത് ഒടുക്കുന്നതാണ് എൻ്റെ വീട്ടിലെ പതിവെങ്കിലും അയൽപ്പക്കത്തെ വിട്ടിൽ പിന്നാമ്പുറത്തു തുടങ്ങി ഉമ്മത്തൊടുക്കുന്നതാണു പതിവ്. മല്ലി, മുളക്, മഞ്ഞൾ, മറ്റു മസാലക്കൂട്ടുകളെല്ലാം ഒരു മാസത്തേയ്ക്കുള്ളത് പൊടിച്ചുവച്ചും തേങ്ങയാട്ടി എണ്ണയും, വെളിച്ചെണ്ണയും വെവ്വേറെ മാറ്റിവച്ചും, അധികം തേങ്ങ ചിരകി വറുത്തുവച്ചും പല കുടുംബങ്ങളും പലരീതിയിൽ അന്നേ രാത്രി റമളാൻ പിറവിക്കായി കാത്തിരിക്കും.

റമളാൻ പിറന്ന് ആദ്യത്തെ പത്തിൽ കാണുന്ന ആരാധാനയും ശ്രദ്ധയും പതിയെ കുറയുമെങ്കിലും വിഭവവൈവിധ്യങ്ങളാൽ വിസ്മയം തീർക്കുന്ന പാചക പരീക്ഷണങ്ങൾ മുപ്പതുവരെ നീണ്ടു നിൽക്കും. പള്ളിയുടെ പരസരത്ത് കാണാത്തവരും പള്ളിക്കകത്തായിരിക്കും. മദ്രസയിൽ പോകാൻ മടിയില്ലാത്തവർ മാത്രം അന്നും മദ്രസയിൽ പോകും.

അത്താഴത്തിന് ഈത്തപ്പഴമെങ്കിലുമെന്ന സുന്നത്തിനു വേണ്ടി കൊച്ചു വെളുപ്പാങ്കാലത്തെണീറ്റു ചോറുണ്ട്, അവിലും വെള്ളവും കുടിച്ചു മുസ്ഹഫെടുത്ത് ഓതാനിരിക്കും. വാങ്ക് കേട്ടാൽ പിന്നെ നിസ്കാരവും കഴിഞ്ഞു കിടന്നാൽ പത്തുമണിയോടെ എണീറ്റ് അകവും പുറവും അടിച്ചുവാരി തുടയ്ക്കും. അലക്കലും കുളിയും കഴിഞ്ഞാൽ അടുത്ത മയക്കം. അതു കഴിഞ്ഞ് നോമ്പ് തുറക്കും വരെ അടുക്കളയിൽ പണി. നോമ്പുതുറന്നാൽ പിന്നെ പാത്രം കഴുകൽ, അതിൻ്റൊരു ക്ഷീണം മാറുമ്പോൾ തറാവീഹും. പിന്നെ നിയ്യത്തും വച്ച് അടുത്ത ഉറക്കം. ഇങ്ങനെയാകും ഏകദേശമൊരു വീട്ടിലെ പെണ്ണുങ്ങളുടെ ദിനചര്യ. ആണുങ്ങൾ അന്നും ജോലിക്കു പോകും. പതിനൊന്നു മാസം പള്ളി കണ്ടിട്ടില്ലാത്തവൻ പോലും പള്ളിയിൽ പോകും. എന്നാലും രാത്രിയിലെ തറാവിഹീനു മാത്രം പള്ളിയിൽ ആളു നിറയാറുണ്ടായിരുന്നില്ല. പക്ഷെ, പള്ളിപ്പരിസരത്തുണ്ടാകുമായിരുന്നു താനും. ഉപ്പിലിട്ടതും കുലുക്കിയും പെരിപെരിയൊക്കെയായിട്ട് വയറ് നിറഞ്ഞോണ്ടേയിരിക്കും.
ഇപ്പോൾ പല പള്ളികളും ശീതീകരിച്ചതിനാലാവാം, തറാവീഹിനും ആളുകൾ നിറയുന്നുണ്ട്.

അയൽപ്പക്കത്തും തറവാട്ടിലും ഉമ്മവീട്ടിലും അമ്മായിവീട്ടിലും ബന്ധുവീടുകളിലും സുഹൃത്തുവീടുകളിലും നടക്കുന്ന നോമ്പുതുറ സത്കാരങ്ങളുടെ വമ്പ് ഇപ്പറഞ്ഞതിൻ്റെയൊക്കെയപ്പുറമാണ്. കുട്ടിക്കാലത്ത് അതിനുവേണ്ടി മാത്രം നോമ്പുപിടിച്ചിട്ടുണ്ട്.

രണ്ടാം പത്തിലെ പതിനേഴം നോമ്പ് കഴിഞ്ഞ് അവസാന പത്തിലെത്തുമ്പോൾ ഇബാദത്ത് അൽപ്പം കൂടും. ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ചാണിത്. ആരാധനയ്ക്കൊപ്പം അവസാന പത്തിൽ കുതിച്ചുയരുന്ന മറ്റൊന്നാ ണ് തുണിക്കടയിലെ തിരക്ക്. ഒന്നാം പത്തിലും രണ്ടാം പത്തിലും എടുത്തുവക്കുന്ന വരും കുറവല്ല. പുത്തനുടുപ്പും ചെരുപ്പും വളയും മാലയും മൈലാഞ്ചിയും വാങ്ങി ബാക്കിയുള്ള നോമ്പിനെ വിരലെണ്ണി കാത്തിരിക്കാറുണ്ട് അന്നും ഇന്നും. ഇന്നാണ് അതിനിടയിൽ നഷ്ടമാകുന്ന രാപ്പകലുടെ മഹത്വം തിരിച്ചറിയുന്നത്. ഇരുപത്തിയേഴാം രാവിനു ചുട്ടുവയ്ക്കുന്ന അപ്പങ്ങൾ കുറഞ്ഞ പക്ഷം നോമ്പ് ഇരുപത്തൊമ്പതു വരെ പാത്രത്തിലുണ്ടാകും. ഉറുപത്തൊമ്പതാം നോമ്പു തുറന്നു കഴിഞ്ഞാൽ പണ്ട് പള്ളിയിലെ അറിയിപ്പ്
കാതോർത്തിരിക്കും. ഇന്ന് പ്രമുഖ ന്യൂസ് ചാനലുകളിൽ നോക്കിയിരിക്കും. മാസം കണ്ടെന്ന് അറിഞ്ഞാൻ തുണിക്കടയിലേക്കോടുന്ന കൂട്ടർ വേറെ, അങ്ങാടിയിലെ പെരും തിരക്കിൽ നിന്നും ഇറച്ചിവാങ്ങി വരുന്ന ഉപ്പാൻ്റെ കൈയിൽ പടക്കമുണ്ടോയെന്നു നോക്കിനിന്നിരുന്ന കുട്ടിക്കാലം ഇന്നും രസമാണ്. ബിരിയാണിക്കുള്ള അരിയും മറ്റും ആദ്യമേ വാങ്ങിയിട്ടുള്ളതിനാൽ ഉമ്മ പണി തുടങ്ങിയിരിക്കും. ഇരുപത്തേഴിൻ്റെ കലത്തപ്പമോ, നെയ്യപ്പമോ അപ്പോഴും ബാക്കിയുണ്ടായിരിക്കും.

മൈലാഞ്ചിയിട്ടു തക്ബീറും ചൊല്ലി ഞങ്ങൾ പെരുന്നാളിനെ പരവേൽക്കുമ്പോൾ വല്ലിമ്മ അടുത്ത ബറാഅത്ത് രാവിൻ്റെ (ശഅ്ബാൻ 15) ചക്കരച്ചോറിനുള്ള കാത്തിരിപ്പു തുടങ്ങിയിരിക്കും. പുലർന്നാൽ കുളിച്ചൊരുങ്ങി പള്ളിയിലേക്കൊരു പോക്കാണ്. ഉപ്പ പോയാലും അത്തറിൻ്റെ മണം വീട്ടിലുണ്ടാകും. ഉമ്മാൻ്റെ ബിരിയാണിക്കും എൻ്റെ മൈലാഞ്ചിക്കും മണം കുറയാറില്ല.

ഇരുപത്തേഴാംരാവിൻ്റെ പൈസ കിട്ടാത്തിടത്തു നിന്നെല്ലാം പെരുന്നാൾ പൈസ കിട്ടിയിരിക്കും. തുടക്കം വല്ലിമ്മയിൽ നിന്നായിരിക്കും. ഉപ്പ നിസ്‌കാരവും ഖുതുബയും കഴിഞ്ഞു വരുമ്പോഴേക്കും ഉമ്മവച്ച ബിരിയാണിയും പുത്തനുടുപ്പിൽ അണിഞ്ഞൊരുങ്ങിയ ഞങ്ങളും റെഡിയായിരിക്കും. ഊണും കഴിഞ്ഞു പായസവും കുടിച്ചു കുടുംബക്കാരേയും കൂട്ടുകാരേയും വിളിച്ച് ഈദാശംസ നേർന്ന് കഴിഞ്ഞാൽ പിന്നെയുള്ള പോക്ക് തറവാട്ടിലേക്കാണ്. ഒച്ചയും ബഹളവുമമർന്ന് എല്ലാരുമുറങ്ങി നേരം വെളുത്താൽ അടുത്ത പോക്ക് ഉമ്മവീട്ടിലേക്കാണ്. ഉമ്മവീട്ടിലെ ഒത്തുകൂടലുകൾ പൊതുവെ രണ്ടാം പെരുന്നാളിനാണ്, അതിനി ബലിപെരുന്നാളിലായാലും അങ്ങനെ തന്നെ.

എല്ലാരും ഒന്നിക്കുന്നത് ചെറിയ പെരുന്നാളിലായതുകൊണ്ടു തന്നെ അന്ന് വൈകുന്നേരം ഒന്നിച്ചൊരു ബീച്ച് യാത്രയും പതിവാണ്.

താനൂർ ബീച്ച്, അഥവാ തൂവൽ തീരം ബീച്ചിലേക്കാകും യാത്ര. പക്ഷെ, അവിടന്ന് എല്ലാവരും ഒന്നിച്ചിറങ്ങിയാലും തിരിച്ചുപോകുന്നത് അവനവൻ്റെ വീട്ടിലേക്കാകും. അന്നേരം ഉള്ളിലൊരു വിങ്ങലാണ്. അടുത്ത പെരുന്നാളിനു കാണാമെന്നു പറഞ്ഞു സലാം പറയുമ്പോഴും ഉള്ളു മന്ത്രിക്കുന്നുണ്ടാകും അടുത്ത ചെറിയ പെരുന്നാളിനെന്ന്. വലിയ പെരുന്നാളിനു പകുതി പേരും മറ്റു പല പരിപാടികളിലാകും.
ഓരോ നോമ്പുകാലങ്ങളും ഹൃദയത്തിനു നനുത്ത ഗൃഹാതുര സ്മരണകൾ അയവിറക്കാൻ അവസരം നൽകിയാണു കടന്നുപോകാറുള്ളത്.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×