ലിബറലിസം, ഫെമിനിസം; ഒരു മുസ്‌ലിം പെൺകുട്ടിയുടെ ആശങ്കകൾ

ഏതൊരു സാമൂഹിക സംവിധാനത്തിനും അതിന്റെ ആവിഷ്കാരവും സംഘാടനവും ഉന്നമനവും ലക്ഷ്യമിട്ടു ചില പരിധികളും പരിമിതകളും നിയമമൂലമുണ്ടാകാറുണ്ട്. അതിനെ നിഷേധിക്കുന്നതിൽ, തീർച്ചയായും പ്രശ്നങ്ങളുണ്ട്. ഒരു ജനാധിപത്യ പൗര സമൂഹത്തിൽ ജീവിക്കുന്ന നമുക്ക് അതിനു പ്രത്യേകം കാരണങ്ങൾ കണ്ടെത്തേണ്ടി വരുന്നില്ല. കോളേജുകൾ, ആശുപത്രികൾ, ബാങ്കുകൾ തുടങ്ങി നമ്മുടെ ജീവിത വ്യവഹാരങ്ങളോടു ചേർന്നുനിൽക്കുന്ന വിവിധ സാമൂഹിക സ്ഥാപനങ്ങളുടെ നിയമങ്ങൾ അതിനകത്തെയും, പുറത്തെയും വിനിമയങ്ങളെ നിയന്ത്രിക്കാനും സംഘടിതമാക്കാനും എല്ലാത്തിലുമപരി കൃത്യമായ സംവിധാനമായി നിലനിർത്താനും സഹായിക്കുന്നുണ്ട്.
ഇതേ സാമൂഹിക കർത്തവ്യമാണു മതങ്ങളും നിർവഹിച്ചുകൊണ്ടിരിക്കുന്നത്.

മതമനുസരിച്ചു ജീവിക്കുകയെന്നത് സാമൂഹികവും സാംസ്കാരികവുമായ വ്യക്തിനേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ധാർമികമായ ഉന്നമനങ്ങൾക്കു വേണ്ടിയാണ്. അല്ലാതെ ആരുടേയും സ്വാതന്ത്ര്യത്തെ ഹനിക്കാനല്ല. ഇതു മനസ്സിലാക്കാതെയാണ് നവ ലിബറൽ കാലത്തെ സൂഡോ ഫെമിനിസ്റ്റ് ധാരകൾ പ്രവർത്തിക്കുന്നത്. അപരിഷ്കൃതരും നിരക്ഷരരുമായൊരു സാമൂഹിക ജീവിതത്തിന്റെ കാലത്ത്, ചരിത്രകാരന്മാർ ഇരുണ്ട കാലഘട്ടമെന്നു വിശേഷിപ്പിച്ച ആറാം നൂറ്റാണ്ടിൽ ജന്മംകൊള്ളാൻ പോലും അവകാശമില്ലാതിരുന്ന സമയത്ത്, സാഹോദര്യത്തിന്റെയും മാനവികതയുടെയും പുതിയ ജീവിത മാതൃകകൾ സൃഷ്ടിച്ചു മുത്ത് നബി(സ്വ) സ്ത്രീകൾക്കു മണ്ണറയിൽ നിന്നു മണിയറ വരെ മൂടുകല്ല് നീക്കിക്കൊടുത്തു ചരിത്രത്തിലെ ഏറ്റവും മനോഹരമായ സ്ത്രീപക്ഷ സാമൂഹിക നീക്കങ്ങൾക്കു തുടക്കംകുറിച്ചു. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സ്ത്രീ ആലോചനകളുടെ സവിശേഷമായ മാതൃകകളുടെ അവതരണമായിരുന്നു ആ കാലഘട്ടം.

കെട്ടഴിഞ്ഞ സംസ്കാരവും കുത്തഴിഞ്ഞ ജീവിതവും സ്വപ്നം കാണുന്നവർക്കു മതമൊരു മതിലായേ അനുഭവപ്പെടുകയുള്ളൂ. അത്തരം മഹിള, ഫെമിനിസ്റ്റ് ധാരകൾ സ്ത്രീ വിമോചകരെന്ന ധാരണയിൽ, പെൺജീവിതങ്ങളെ കൂടുതൽ അപകടപ്പെടുത്തുകയാണ്. അത്തരത്തിൽ പൊതു ഇടങ്ങളിൽ ഇടപെടുകയും സംസാരിക്കുകയും വേഷം മാറി പ്രത്യക്ഷപ്പെടുകയും ചെയ്താൽ സ്വതന്ത്ര്യയായിയെന്ന ചിന്തകൾ കണ്ടു പൊട്ടിച്ചിരിക്കാനാണു ബുദ്ധിയുള്ളവർക്കു തോന്നുക.

മതമനുസരിച്ചു ജീവിക്കുന്നവർ കൂട്ടിലടക്കപ്പെട്ട പക്ഷികളെ പോലെയാണെന്ന വിളംബരപ്പെടുത്തി അസ്വാതന്ത്ര്യത്തിന്റെ നൊമ്പരപ്പെടലുകൾ നടത്തി മുസ്‌ലിം വനിതകളെ ആക്ഷേപിക്കുന്നവർ ഇന്നു സജീവമാണ്. അന്ന് പെൺകുട്ടികൾ ജനിച്ചാൽ കുഴിച്ചുമൂടുന്ന സാംസ്കാരിക ജീവിതത്തിൽ നിന്ന്, ഏറ്റവും മൂല്യവത്തായ സാമൂഹിക ജീവിതത്തിന്റെ ഉത്പന്നമാക്കി സ്ത്രീ ജീവിതത്തെ മൂല്യവത്കരിക്കുകയെന്ന ദൗത്യം നിർവഹിച്ചത് മതമാണ്. തുറന്നിട്ട ജീവിതത്തേക്കാൾ മനോഹരവും അഭിമാനകരവുമായ ജീവിത അനുഭവങ്ങളെ പ്രകാശിപ്പിച്ചതും മതമാണ്. ആമയ്ക്ക് അതിന്റെ പുറംതോട് അലോസരമായിരുന്നെങ്കിൽ അതെങ്ങനെ ശത്രുക്കളിൽ നിന്നു രക്ഷപ്പെടും. മൂടിവെക്കുകയെന്നത് സംരക്ഷണമാണ്. ഭക്ഷണമാണെങ്കിലും സ്വർണമാണെങ്കിലും സ്ത്രീയാണെങ്കിലും അങ്ങനെ തന്നെ. അത്തരത്തിൽ സ്ത്രീജീവിതത്തെ ഏറ്റവും വിലയേറിയ ഒന്നായി ക്രമപ്പെടുത്താൻ ഇസ്‌ലാം മതത്തിനും, മുസ്‌ലിം സാമൂഹിക ജീവിതത്തിനും കഴിഞ്ഞു.

സംരക്ഷകരെ ഏൽപ്പിക്കുകയെന്നത്,
സുരക്ഷ ഉറപ്പാക്കാനുള്ള വഴിയാണ്. “പിതാ രക്ഷിതി കൗമാരെ
ഭർതാ രക്ഷിതി യൗവ്വനെ
പുത്ര രക്ഷിതി വാർധക്യെ”
എന്നു തുടങ്ങുന്ന ശ്ലോകം പറയുന്നതും ഇതു തന്നെയല്ലേ. സ്ത്രീകൾക്ക്
എല്ലാ പ്രായത്തിലും സംരക്ഷിക്കാൻ കവചമുണ്ട്. ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ആ സ്ത്രീയ്ക്ക് വിവാഹമൂല്യം (മഹർ) കൊടുക്കാൻ കഴിവുള്ളവനാകണം, അവൾക്കു ചെലവിനു കൊടുക്കാൻ കഴിവുള്ളവനാകണമെന്നെല്ലാം മതം നിർദേശിക്കുന്നത് സ്ത്രീകൾ പവിഴമുത്തുകൾ പതിച്ച കൊട്ടാരത്തിലെ രാഞ്ജിയായതു കൊണ്ടാണ്. അത്തരത്തിൽ വളരെ പ്രാധാന്യത്തോടെ മുസ്‌ലിം സ്ത്രീജീവിതത്തെ ക്രമപ്പെടുത്താനും, അവരുടെ സാമൂഹിക സാംസ്കാരിക ജീവിതത്തെ അടയാളപ്പെടുത്താനും ഇസ്‌ലാം വളരെ നിർബന്ധപൂർവം ഇടപെട്ടു.
ഇതാണ് മതം സ്ത്രീകളോടു ചെയ്ത അനീതിയായി കണക്കാക്കുന്നതും ചിത്രീകരിക്കുന്നതും. ലിബറലിസമെന്ന മഞ്ഞക്കണ്ണട ഊരിവെച്ചു നോക്കൂ. മതം പരിമിതപ്പെടുത്തിയ ജീവിതങ്ങളുടെ ചരിത്രത്തിൽ സ്ത്രീകൾ നിത്യജീവിതത്തിന്റെ സമ്പന്നതയിൽ ജീവിക്കുന്നതും, ആസ്വദിക്കുന്നതും കണ്ടെത്താൻ കഴിയും.

പുതിയകാലത്തെ ഫെമിനിസ്റ്റ് ഇടങ്ങൾ പ്രചരിപ്പിക്കുന്ന പുതിയ പ്രശ്നമാണു സ്വത്തവകാശം. സ്ത്രീയായിയെന്ന ഒറ്റക്കാരണത്താൽ ഒരു പെണ്ണിനു ബാധ്യതകൾ ഏതുമില്ല, മതത്തെ അനുസരിക്കലല്ലാതെ. അപ്പോൾ വീടു ഭരിക്കുന്നവൾക്കു നാട് ഭരിച്ചു തലപുകയേണ്ടതില്ല. വീട്ടിലെ അടുപ്പു കത്തിക്കുന്നവൾക്ക് അതിലേക്ക് അരിയെത്തിക്കണമെന്നുമില്ല.(അടുപ്പ് കത്തിക്കാൻ അറിയാത്ത, അല്ലെങ്കിൽ വിവാഹത്തിനു മുന്നേ വേലക്കാരുടെ സേവനത്തിൽ ജീവിച്ചവൾക്കു വേലക്കാരിയെ നൽകാനും സുന്ദരമായ ഇസ്‌ലാം പറഞ്ഞിട്ടുണ്ട്.) ചുരുക്കി പറഞ്ഞാൽ, സാമ്പത്തികമായി സ്വശരീരത്തിനു യാതൊരു കേടും സംഭവിക്കുന്നില്ല. എന്നിട്ടും മഹറിനു പുറമേ അനന്തരവകാശത്തിൽ നിന്നു പുരുഷനു കിട്ടുന്നതിന്റെ പകുതി നൽകുന്നുമുണ്ട്. എല്ലാ ഘട്ടത്തിലും സ്ത്രീയെ സംരക്ഷിക്കാൻ പുരുഷന്മാർക്കു കടമയുണ്ട്. സ്ത്രീ സ്വന്തം പണിയെടുത്തു ഭക്ഷിക്കേണ്ടൊരു സാഹചര്യം ഇല്ലാതിരുന്നിട്ടുപോലും എല്ലാ സാമ്പത്തിക ബാധ്യതയും ചുമലിൽ പേറുന്ന പുരുഷനു കിട്ടുന്നതിന്റെ പകുതി നൽകുന്നുണ്ട് ഇസ്‌ലാം. ഇത്രയും സംരക്ഷണം ഉറപ്പുവരുത്തുന്ന മറ്റു മതങ്ങളില്ല. ഇനിയുണ്ടെന്നു വാദിക്കുന്നെങ്കിൽ, അതിനു വഴിയൊരുക്കി മാതൃകകാട്ടിയത് മുത്ത് നബി(സ്വ) മാത്രമാണ്.

വേഷം നൽകുന്ന ശക്തിയാണ് അടുത്ത പ്രഹസനം.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ ജൻഡർ ന്യൂട്രൽ യൂണിഫോമുകൾ സ്ഥാപിച്ചു. ഏറ്റു പിടിക്കാൻ മുസ്‌ലിം മഹിളകളും. വേഷത്തിൽ ശക്തി കിട്ടാൻ കാർട്ടൂണല്ലല്ലോ ജീവിതം?
ജീൻസും ഷർട്ടുമിട്ടാൽ കൈവരിക്കുന്നതും പർദയോ സ്ത്രീ വേഷങ്ങളോ ധരിച്ചാൽ ചോർന്നുപോകുന്നതുമാണല്ലോ ചിലർ ഉദ്ദേശിക്കുന്ന ശാക്തീകരണം. അങ്ങനെയെങ്കിൽ പുരുഷന്മാരെ ബലഹീനരാക്കാമായിരുന്നില്ലേ. സാരിയോ സ്ത്രീ വേഷമോ ധരിച്ചാൽ സ്ത്രീകൾക്കല്ലേ യഥാർത്ഥത്തിൽ ശാക്തീകരണം സംഭവിക്കുന്നത്. ഇതിപ്പോൾ നമ്മൾ പുരുഷന്മാരാകാനാണു ശ്രമിക്കുന്നത്. അപ്പോഴും സ്ത്രീവിഭാഗം ശക്തിപ്പെടുന്നില്ല. സുരക്ഷിതമായ വേഷവിധാനം പഠിപ്പിച്ചു തന്നതിനു മതത്തിനോടു പുച്ഛം. സ്വയം സംരക്ഷണം ഉറപ്പാക്കുകയെന്നതാണ് ഒരു സാമൂഹിക ജീവിതത്തിൽ ഏറ്റവും അടിസ്ഥാനപരമായ പൊതുസങ്കൽപ്പം. ഫിസിക്കലായും, ബയോളജിക്കലായും പുരുഷന്മാരെ അപേക്ഷിച്ചു ദുർബലരായ സ്ത്രീപ്രകൃതം ചൂഷണം ചെയ്യപ്പെടാനും അപകടങ്ങളിൽ ചെന്നു പെടാനും സാധ്യതയുണ്ട്. അതുകൊണ്ട്, ഏറ്റവും സുരക്ഷിതമായ സാമൂഹിക പ്രാതിനിധ്യം ഉറപ്പുവരുത്തുകയെന്നത് ഏതൊരു വ്യക്തിയുടെയും പ്രധാനപ്പെട്ട താൽപ്പര്യമാകണം. ഇപ്പോൾ ഏറ്റുവിളിക്കുന്ന സ്വാതന്ത്ര മുദ്രാവാക്യങ്ങൾ, തീർച്ചയായും മതം അനുശാസിക്കുന്ന തരത്തിൽ വസ്ത്രം ധരിക്കാനും ചോയിസ് നൽകുന്നുണ്ട്. അതിനെ മാനിക്കാനോ ബഹുമാനിക്കാനോ കഴിയാതെ വിളമ്പുന്ന പൊതുയിടങ്ങളിലെ പ്രസംഗങ്ങൾ വെറും ബാലിശമാണ്.

മതത്തെയും അതിൻ്റെ താൽപ്പര്യങ്ങളെയും ഉന്നം വെക്കുക വഴി നിലവിൽ നമ്മുടെ പൊതു മണ്ഡലങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന ലിബറൽ, ഫെമിനിസ്റ്റ് നീക്കങ്ങളെല്ലാം വലിയ ആശങ്കയാണുണ്ടാക്കുന്നത്. നമ്മുടെ സാമൂഹിക ജീവിതത്തെ അതു ദുർബലപ്പെടുത്തുന്നുവെന്നതുപോലെ, മുമ്പങ്ങുമില്ലാത്ത വിധം അശ്ലീലതയും അധാർമികതയും കുത്തിവെക്കുന്ന തിരക്കിലാണിവർ. കൂടുതൽ ജാഗ്രതയും, മതപരമായ ആലോചനയും ഉണ്ടാവുകയെന്നത് പ്രധാനമാണ്. അതിനായുള്ള കരുതൽ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം.

സഹല ഹബീബ് കോടാലി

സഹല ഹബീബ് കോടാലി

വിദ്യാർത്ഥിനി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×