സ്നേഹവിലാസം

തോളിലുള്ള വാനിറ്റി ബാഗ് തുറന്നു രൂപയെടുത്ത് ഓട്ടോക്കാരനു നേരെ നീട്ടുമ്പോള്‍ സുമതിയുടെ കണ്ണുകള്‍ ബേക്കറിയിലേക്കു നീണ്ടു. താന്‍ വിചാരിച്ച വസ്തു അവിടെ കണ്ടതു കൊണ്ടാവാം അവളുടെ മുഖത്തു ചെറുപുഞ്ചിരി വിടര്‍ന്നു. രണ്ടു മൂന്നു കടയില്‍ കയറിയിട്ടും തൃപ്തിയായില്ല. ഏതായാലും ഇവിടെ ഉണ്ടല്ലോ. എല്ലാ സാധനങ്ങളും ഇന്നു തന്നെ റെഡിയാക്കണം. നാളെ ഒട്ടും വരാനൊക്കില്ല. ചിത്രയും സിത്തുവും സ്കൂള്‍ വിട്ടു വരുമ്പോഴേക്കും അങ്ങെത്തിയാല്‍ മതിയായിരുന്നു.

“ഏയ്… ചേച്ചീ, എന്താ വേണ്ടത്..?”

കടക്കാരന്‍റെ ചോദ്യമാണ് അവളെ ഉണര്‍ത്തിയത്.

“അതേയ്, ഈത്തപ്പഴം… ദാ ഇതു തന്നെ, നാലു കിലോ എടുത്തോളൂ…”

അവള്‍ ചൂണ്ടിക്കാണിച്ച ഈത്തപ്പഴം പാക്ക് ചെയ്തപ്പോഴേക്കും അനിലിന്‍റെ മിസ്കോള്‍ രണ്ടാമതും വന്നു കിടന്നു. ഈത്തപ്പഴം വാങ്ങി സുമതി അവിടെ നിന്നും മാറി ഒഴിഞ്ഞൊരിടത്തിരുന്നു. അനിലിനു തിരിച്ചൊരു മിസ്കോളടിച്ചു കാത്തിരുന്നു. ഉടനെ അവന്‍ തിരിച്ചുവിളിച്ചു.

“ഹലോ…, എവിടെയാ…?”

“ഞാന്‍ കടയിലാ.. ഈത്തപ്പഴം വാങ്ങിച്ചിട്ടുണ്ട്. ഇനി ബാക്കി കൂടി വാങ്ങി പാക്ക് ചെയ്തിട്ട് അറിയിക്കാം…”

“ഹാ… ശരി. ഇതൊന്നും എന്‍റെയോ നിന്‍റെയോ വീട്ടുകാര്‍ അറിയേണ്ട കേട്ടോ. അതൊന്നും ആര്‍ക്കും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല.”

“ഇല്ല, ഞാന്‍ തനിച്ചാണിറങ്ങിയത്.. മക്കള്‍ എത്തും മുമ്പേ വീടെത്തണം. എന്നാ ശരി.”

“ഓകെ…”

-അനില്‍ ഫോണ്‍ കട്ട് ചെയ്തതും അവള്‍ വേഗത്തില്‍ വാങ്ങാനുള്ളതെല്ലാം വാങ്ങി വീട്ടിലേക്കു യാത്രയായി. വാങ്ങിയ സാധനങ്ങളെല്ലാം നാലു ഭാഗമാക്കിത്തിരിച്ച് ഓരോന്നും പാക്ക് ചെയ്തു.

രാത്രി വിളക്കു വെച്ചു പ്രാര്‍ത്ഥനയും കഴിഞ്ഞിരിക്കെ ചിത്രയുടെ ചോദ്യം.

“അമ്മേ, നാളെ നോമ്പ് തുടങ്ങുവാണത്രേ. മാസപ്പിറവി ഇന്നലെ കാണാത്തതിനാല്‍ നാളെയാണത്രെ നോമ്പ്.”

“ഉം” – സുമതി മൂളി.

“അമ്മേ, ഞാനും നോമ്പു പിടിക്കും.” ചിത്രയുടെ വെളിപ്പെടുത്തല്‍.

“ഞാനും പിടിക്കും…” ഉടനെ സിത്തു ചാടിയെണീറ്റു പറഞ്ഞു. സുമതി ചിരിച്ചുകൊണ്ടു പറഞ്ഞു:

“എന്നിട്ടു വേണം രാവിലെത്തന്നെ, അമ്മേ വയറു കാളുന്നൂ, വല്ലതും തായോയെന്നും പറഞ്ഞു കരയാന്‍.”

“ഏയ്… ഇല്ലില്ല. ഞാന്‍ പറയില്ല. അയല്‍വാസികള്‍ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ഉണ്ണരുതെന്നാ അവരുടെ നബി പറഞ്ഞേക്കുന്നത്. അപ്പോ ഞാനും അങ്ങനെയാ” – സിത്തു ന്യായീകരണം നടത്തി. സുമതി കൗതുകത്തോടെ കേട്ടു. അതിനിടക്ക് അനിലിന്‍റെ കോള്‍ വന്നു.

“ആ, ശരി… ഞാന്‍ റെഡിയാക്കിവെച്ചിട്ടുണ്ട്. ഇപ്പോത്തന്നെ…”

സുമതിയുടെ സംസാരം കേള്‍ക്കുന്ന സിത്തുവും ചിത്രയും പരസ്പരം നോക്കി. അവര്‍ക്കൊന്നും മനസ്സിലായിരുന്നില്ല. ഫോണ്‍വിളി കഴിഞ്ഞു സുമതി മക്കളെ നോക്കി.

“നമ്മുടെ ചുറ്റുമുള്ളവര്‍ മുസ്‌ലിംകളാണല്ലോ. അവരുടെ പുണ്യമാസമായ റമളാനില്‍ അവര്‍ക്കു വേണ്ടി അമ്മ കുറച്ചു ഫുഡ് വാങ്ങിയിട്ടുണ്ട്. അതവരെ ഏല്‍പ്പിച്ചോയെന്നു ചോദിക്കാനാ അച്ഛന്‍ വിളിച്ചത്. ഏതായാലും നമുക്കത് അവരുടെ വീട്ടിലെത്തിക്കാം. രാത്രിയാകട്ടെ, നമുക്കവിടെ എത്തിക്കാം…..”

“അമ്മ കൊള്ളാമല്ലോ. എനിക്കും അങ്ങനെയൊക്കെ തോന്നിയിരുന്നു.. പക്ഷേ,” സിത്തു സന്തോഷം കൊണ്ടു.

“നമുക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പെട്ടെന്ന് ഓടിയെത്താറുള്ളത് അവരല്ലേ. നമ്മുടെയൊരു സന്തോഷത്തിന്. അത്ര തന്നെ.”

അവര്‍ മൂവരും അയല്‍വാസികള്‍ക്കായി വാങ്ങിയ ഭക്ഷണ സാധനങ്ങളുമായി ഇരുട്ടിലേക്കിറങ്ങി. അങ്ങ് ദുബായില്‍ ഉള്‍ക്കണ്ണാല്‍ അതും കണ്ട് അനില്‍ നിര്‍വൃതി പൂണ്ടു. സര്‍വേശ്വരനാണു സര്‍വ സ്തുതിയും!!

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×