മലയാളം: മാതൃഭാഷയും സാമൂഹികതയും

1.
മലയാളം വെറും ഭാഷയല്ല.
കേരളജീവിതത്തിന്റെ സമഗ്രതയാണ് മലയാളം. ഇവിടത്തെ പ്രകൃതിയും അറിവും അധ്വാനവും അനുഭവവും ഓർമയും നന്മയും തിന്മയും കലർന്നുനിൽക്കുന്ന സാംസ്കാരികക്രമമാണത്.

2. ‘കർണാടക ‘എന്നാൽ കറുത്ത (മണ്ണുള്ള) നാടെന്നാണ്.
‘മലയാളം ‘എന്നതും അടിസ്ഥാനപരമായി
ഭൂമിശാസ്ത്രപരമായ വാക്കാണെന്നോർക്കുക. ഈ സ്ഥലത്തുള്ളതൊക്കെ ചേർന്നതാണ് മലയാളം. മലയാളമെന്ന അനുഭവലോകമാണ് മലയാളമെന്ന ഭാഷയുടെ ഉറവ.

3.
ശുദ്ധമലയാളമില്ല. അത് ഉണ്ടാവുകയുമില്ല. മനുഷ്യാനുഭവം എന്നാൽ ശുദ്ധതയല്ല, തനിമയല്ല. കലരലാണ്. കൊള്ളലും കൊടുക്കലുമാണ് സംസ്കാരം. തനിമലയാളം/ശരിമലയാളം എന്നത് ആഗ്രഹിക്കരുത്. അതു വേണ്ട. എല്ലാ ശുദ്ധിവാദങ്ങളും (സ്വത്വവാദങ്ങളും ) പോലെ, അതു ചരിത്രവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്.
അതേസമയം, കേരളത്തിന്റെതായി കാണുന്ന പ്രകൃതിശീലങ്ങളുടെയും ജീവിതവഴക്കങ്ങളടെയു ശാലയായി ഈ ഭാഷയെ കാണണം. ഇവിടെയുള്ള ഒന്ന് വേറൊരിടത്തു കാണുമ്പോൾ അതിനെ ചരിത്രപരമായി മനസ്സിലാക്കുക. ഇവിടത്തെ അഭാവങ്ങളെയും അങ്ങനെത്തന്നെ കാണാം.

4.
കേരളത്തിലെ ഏറ്റവും ബൃഹത്തും ജൈവവുമായ ചരിത്രപ്രതിനിധാനം മലയാളഭാഷയാണ്. ഇവിടെയുണ്ടായ എല്ലാ ചരിത്രനീക്കങ്ങളുടെയും കാൽപ്പെരുമാറ്റം ഭാഷയിലുണ്ട്. അങ്ങനെയാണ് ഭാഷ വളരുന്നത്. മലയാളത്തിന്റെ കാര്യവാഹകശേഷിയേറുന്നത്. കേരള ചരിത്രപoനത്തിനുള്ള ഏറ്റവും പ്രാഥമികമായ സാമഗ്രി മലയാള ഭാഷയാണ്. മാറുന്ന ജീവിതത്തിന്റെ അടയാളങ്ങളായി പുതിയ വാക്കുകളും ശൈലികളും വാക്യക്രമങ്ങളും ഉണ്ടാവുന്നുണ്ട്.
നാടകത്തിൽ, ചലച്ചിത്രത്തിൽ, നോവലും കഥയുമടക്കമുള്ള സാഹിത്യത്തിൽ പലനാട്ടുമലയാളങ്ങൾ ജീവിക്കുന്നുണ്ട്. ഒരു വലിയ രേഖാലയമാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നത്.

5.

ഭരണഭാഷ ശരിക്കും മാതൃഭാഷയായാലേ സർക്കാർ കാര്യക്രമം നേരായും ജനാധിപത്യത്തിലാവൂ. അങ്ങനെയായാൽ
അഴിമതിയും കാലതാമസവും കൈക്കൂലിയും ചുരുങ്ങും. മാതൃഭാഷയിൽ മിണ്ടുന്ന കാര്യാലയങ്ങൾ പരസ്പര ധാരണയുടെ വെളിച്ചത്തിൽ തിളങ്ങും. മാതൃഭാഷ പ്രതികരണത്തെ ക്ഷണിക്കുന്നതാണ്. അന്യഭാഷ പേടിയെയും അനുസരണയേയും.

6.

ഇന്ന് മലയാളത്തിന്റെ ശേഷിയും അഴകും അയവും പാഴാവുന്ന നിലയുണ്ട്. മിണ്ടാത്ത മലയാളികൾ ഏറുന്നു. രണ്ടുതരം മിണ്ടായ്മകൾ ഒന്ന്, ഒന്നിനോടും പ്രതികരിക്കാതെ ഒഴിഞ്ഞു മാറൽ. രണ്ട്, ഔപചാരികഭാഷയിൽ മാത്രമുള്ള എവിടെയും തൊടാത്ത വർത്തമാനം.
ഉള്ളറിഞ്ഞു മിണ്ടാത്ത ആളുകൾ നിറഞ്ഞ വീട്ടകങ്ങൾ, കാര്യാലയങ്ങൾ, സംഘടനകൾ, സ്ഥാപനങ്ങൾ.. ഇതെല്ലാം പെരുകുമ്പോൾ മലയാളത്തിന്റെ വീറ് കുറയുകയാണ്. മിണ്ടാത്ത ജനതയാണ് ദുഷ്ടാധികാരികളുടെ മാതാപിതാക്കൾ. രക്ഷിതാക്കൾ.
മിണ്ടിക്കൊണ്ടു ജനാധിപത്യം വളർത്തുക. മിണ്ടരുതെന്നു പറയുന്നവരെ തള്ളുക.

7.
മിണ്ടുക, അറിഞ്ഞു മിണ്ടുക, സൗന്ദര്യത്തിനായി, സൗഹൃദത്തിനായി, വിശകലനത്തിനായി മിണ്ടുക. തിരിച്ചുമിണ്ടുക. സാഹിത്യത്തിലും ശാസ്ത്രത്തിലുമെല്ലാമുള്ള മലയാളത്തോടു മിണ്ടിയും കൂട്ടിച്ചേർത്തും കൂടുതൽ മലയാളികളാവുക. നല്ല ഇംഗ്ലീഷ് പ്രയോഗിക്കാൻ മലയാളം നന്നായി അറിയണം എന്നറിയുക.
8.
മലയാളത്തെ സക്രിയമായി കാണലാണ്, പുതുക്കലാണ് മലയാളത്തെ ശ്രേഷ്ഠ ഭാഷയാക്കാനുള്ള ഒരേയൊരു വഴി. ബാക്കിയെല്ലാം അധികാരക്കളിയുടെ നടുവട്ടം, പണവേല.

9.

മലയാളത്തെ മാത്രമായി രക്ഷിക്കാനാവില്ല. കേരളത്തിലെ ഇന്നത്തെ മുൻഗണനാക്രമം മാറുമ്പോൾ മാത്രമേ മലയാളവും വളരുകയുള്ളൂ.

ഇ.പി. രാജഗോപാലൻ

ഇ.പി. രാജഗോപാലൻ

സാഹിത്യനിരൂപകൻ, വിമർശകൻ, നാടകകൃത്ത്, 2016 മുതൽ കേരള സാഹിത്യ അക്കാദമി അംഗമാണ്. പുരോഗമന കലാ-സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്. സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ്.പി. സി. എസ്. / എൻ.ബി.എസ് ) ഡയരക്ടർ ബോർഡ് അംഗമായും പ്രവർത്തിക്കുന്നു.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×