ഒരു ‘ക്വാറന്റെയ്ൻ’ വേർപാട്

 

ചുവരിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിലേക്കു നോക്കി അയാളെന്തക്കെയോ പരതുന്നുണ്ടായിരുന്നു.
” ഉപ്പാ.. വരീ .. ചായ കുടിക്കല്ലേ”

മുബീന മേഡത്തിന്റെ സ്നേഹത്തോടെയുള്ള വിളി കേട്ട് അയാൾ ബെഡിൽ വന്നിരുന്നു.

“മോളേ.. നെനക്കറ്യോ എന്നാ നമ്മളെ പന്ത്രണ്ടു വര്ണത് ന്ന്?
അയാൾ മുബീന മേഡത്തോടു ചോദിച്ചു.

“ഉപ്പാ. റബീഉൽ അവ്വൽ പന്ത്രണ്ടാണോ ഇങ്ങൾ ചോദിച്ചത്? ”

“ആ മോളേ.. അതന്നെ.. മുത്ത്നബിന്റെ പെറന്നാൾ ”
“അത്.. ഉപ്പാ… അടുത്ത വ്യാഴാഴ്ചയാണ്… ഇന്നിപ്പോൾ ശനിയാഴ്ച ആയില്ലേ. ”
മുബീന മാഡം കൈയിലെ ഫോൺ ഓണാക്കി ഉറപ്പുവരുത്തി.
“അപ്പോ.. ഇന്ന് മാസം എത്രായി?. മാസം കണ്ടതൊന്നും അറിഞ്ഞീലല്ലോ..” അയാൾ വ്യാകുലപ്പെട്ടു.
“പണ്ടൊക്കെ ഞാനും നബീസും വാർത്ത കേൾക്കലേനു മാസം കണ്ടോന്നറിയാൻ…
മാസം കണ്ടാ പിന്നെ തെരക്കായ്നു എന്നും.. മഗ്രിബിനങ്ങട്ട് പള്ളിക്കക്ക് എറങ്ങ്യാ പിന്നെ ഇശാഉം മൗലൂദും ഉസ്താദിന്റെ വയളും, പോരുമ്പോ ഒരു കാവയും… ഞാൻ ന്റെ ഓരി പെരേക്കു കൊണ്ടോരും.. നബീസൂനതു വല്യ തിർപ്പത്യേനു… ”
അയാൾ കണ്ണുകൾ തുടച്ചുകൊണ്ടു ചായ വലിച്ചു കുടിച്ചു..
“സാരല്യ ഉപ്പാ… നമ്മക്ക് ഇനി സ്വർഗത്തീന്ന് നബീസുത്താനെ കാണാം.. റബ്ബ് തൗഫീഖ് നൽകട്ടെ ” മുബീന മാഡം അടുത്ത ബെഡിനരികിലേക്കു നീങ്ങി..
അയാൾ അപ്പോഴും ഓർമകളെ പൊടി തട്ടിയെടുക്കുകയായിരുന്നു.

റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ അന്ന് സുബീക്കന്നെ ഓൾ ന്നെ വിൾച്ചൊണർത്തി നല്ല തുണീം കുപ്പായും തൊപ്പി ഒക്കെ ഒര്ക്കി തന്ന് ന്നെ പള്ളീക്ക് അയക്കും.. എല്ലാരും അന്ന് പള്ളീൽ കൂടീണ്ടാവും,
ത്വാലഅൽ ബദ്റു അലൈനാ…
മനസ്സിനിമ്പം വര്ണ വരികളങ്ങട്ട് നീട്ടിച്ചൊല്ലും. പിന്നെ മൗലൂദും നിസ്കാരവും കോഴിക്കറിം പത്തിരിം.. എല്ലാം കഴിഞ്ഞിട്ട് മദ്റസുട്ട്യാളെ റാലിം.. നബീസും മക്കളുമൊക്കെ അത് കാണാൻ വരും… ന്റെ ചീരണിയൊക്കെ ഞാൻ പൊത്യാക്കി മക്കളെട്ത്ത് കൊടുക്കും.. ഞാൻ നേർച്ച ചോറും വാങ്ങീട്ടേ പെരേക്കു പോകുള്ളൂ.. പെരേലെത്തീട്ട് ഞങ്ങൾ ഒരുമിച്ചു കൊലായീലിരുന്നു തേങ്ങാചോറും ചെമ്പിലെ എറച്ചീം തിന്നും.. അതൊക്കൊരു കാലം..
അയാൾ നെടുവീർപ്പിട്ടു.
“ഉപ്പാ.. ഇനിയും തിന്നിട്ടില്ലേ.. ദോശയൊക്കെ തണുത്തു പോയല്ലോ” തിന്ന പാത്രങ്ങൾ തിരിച്ചു കൊണ്ടുപോവാനുള്ള മുബീന മേഡത്തിന്റെ വരവാണ്..

“മോൾ ഇവടെ ഒന്നിരിക്ക്.. നമ്മൾ അന്നോടൊന്ന് ചോയ്ക്കട്ടെ” അയാൾ താൻ ചുരുട്ടിക്കൂട്ടിയ ബെഡ്ഷീറ്റൊന്നു നേരെയാക്കി..
“എന്താ ഉപ്പാ.. ചോദിച്ചോളൂ.. അതിനല്ലേ ഞങ്ങൾ ഇവിടെ” മുബീന മാഡം അടുത്തിരുന്നു..
“ഞമ്മളെ ഈ കുടീൽ എല്ലാ ജാതിക്കാരും ഇല്ലേ.. ഞമ്മൾ ഇവടെ ഓണവും കൃസ്മസും ഒക്കെ നടത്തലും ഇല്ലേ… ഇവടം മുതൽ നമ്മക്ക് മൗലൂദും നടത്ത്യാലോ.. എന്നും മഗ്രിബിന് കൊറച്ചേരം അല്ലേ വേണ്ടതുള്ളൂ..”
അയാൾ കെഞ്ചി.

“അതിനെന്താ ഉപ്പാ.. നല്ല കാര്യമല്ലേ.. ഞാൻ മാനേജറോടു സംസാരിക്കട്ടെ”
മേഡത്തിന്റെ വാക്കുകൾ അയാളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.

“പറ്റാണേൽ ഇന്നന്നെ തുടങ്ങട്ടോ” പോകാനെണീറ്റ മേഡത്തെ അയാളൊന്നു തട്ടിവിളിച്ചു..

അയാളുടെ അപേക്ഷ മാനേജർ സുനിലിനു തള്ളാനായില്ല.. അന്നു തന്നെ മൗലിദിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. മഗ്‌രിബ് നിസ്കരിച്ചയുടനെ എല്ലാരും വിശിഷ്യ ഹാളിൽ ഹാജരായി… കുമാരനും ജാനുവും വർഗീസുമെല്ലാം മുമ്പിൽ തന്നെ ഇടംപിടിച്ചിരുന്നു..
പിന്നെ ഈണത്തിൽ മൻഖൂസ് മൗലിദിന്റെ വരികൾ ചൊല്ലിയപ്പോൾ മുമ്പെങ്ങും കാണാത്ത വിധം ആ ഇരുനില ബിൽഡിങ്ങ് മിന്നിത്തിളങ്ങി.. മൗലിദിനും ദുആക്കുമെല്ലാം ബക്കറാക്ക നേതൃത്വം നൽകി.. അവസാനം കിട്ടിയ ഹലുവയും തിന്ന് എല്ലാരും റൂമിലേക്കു മടങ്ങി… ഒന്നര വർഷമായി ഈ മന്ദിരത്തിൽ വന്നിട്ടെങ്കിലും ഇന്നാണ് അയാൾ സന്തോഷത്തോടെ ഉറങ്ങിയത്..

രാവും പകലും മാറി മാറി വന്നു.. വൃദ്ധ മന്ദിരത്തിലെ മൗലിദിന്റെ ആവേശവും കൂടി വന്നു… വാർത്ത നാട്ടിലെങ്ങും പാട്ടായി.. ചാനലുകളിലും വ്ളോഗുകളിലും തണൽ മന്ദിരം മിന്നിത്തിളങ്ങി… നാട്ടിലെ ഒരു യുവ കൂട്ടായ്മ പുണ്യദിനം അശരരർക്കു വേണ്ടി എന്ന പ്രമേയത്തിൽ റബീഉൽ അവ്വൽ 12 ന് നാട്ടിൽ മീലാദ് പ്രോഗ്രാം സംഘടിപ്പിച്ചു. മാനേജ്മെന്റ് പിന്തുണയോടു കൂടെ എല്ലാവരും പോകാനൊരുങ്ങി. ബസ്സ് വന്നതും എല്ലാരും കൊച്ചു കുട്ടികളെപ്പോലെ ആവേശത്തോടെ സീറ്റിൽ ഇടം പിടിച്ചു.
ബസ്സ് പതുക്കെ നീങ്ങി തുടങ്ങി.
“ഹലോ.. ഹലോ..” മുബീന മാഡം മൈക്ക് റെഡിയാക്കി….
“ഹലോ.. എന്റെ പ്രിയപ്പെട്ട ഉപ്പമാരെ.. ഉമ്മമാരേ.. പതിനാല് വർഷങ്ങൾ കഴിഞ്ഞു നമ്മുടെ ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിയിട്ട്.. ഈ കാലയളവിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സുന്ദര മുഹൂർത്തത്തിനു നാം സാക്ഷിയാവാൻ പോകുന്നത്… ഇതിന് അവസരമൊരുക്കിയ കാവൽറി യൂത്ത് കൂട്ടായ്മക്ക് മാനേജ്മെന്റ്ന്റെ വക നന്ദി രേഖപ്പെടുത്തുന്നു… ഇതിനൊക്കെ നിമിത്തമായത് നമ്മുടെ ബക്കർകാക്ക മുന്നോട്ടു വെച്ച മൗലിദെന്ന ആശയമായിരുന്നു. ഈ അവസരത്തിൽ ബക്കർ കാക്കയോടും സന്തോഷം അറിയിക്കുന്നു”

എല്ലാവരും കൈയടിച്ചു. ബക്കറാക്ക സന്തോഷപുളകിതനായി.

“ബക്കറാക്ക.., ഈ അവസരത്തിൽ ഉപ്പാക്ക് എന്താണ് പറയാനുള്ളത്? ”
മാഡം മൈക്ക് ബക്കറാക്കയ്ക്കു കൈമാറി..

“ന്റെ കൂടെ എല്ലാത്തിനും ഒപ്പം നിന്നീന്യത് ന്റെ നബീസു ആയ്നു. ഓൾ പോയ ശേഷം ഞാനെന്നും തനിച്ചായ്നു. മകന്റെ ജോലി ലണ്ടനിലായോണ്ട് ഓൻ ഓളേം കൂട്ടിപ്പോയി.. മോൾക്കാണേൽ മക്കളെ പഠ്ത്തോം പറ്ഞ്ഞ് ഓളും വരാതായി.. രണ്ടു മൂന്നു മാസമൊക്കെ ഒറ്റയ്ക്ക് കഴിഞ്ഞു കൂടി..
പിന്നെ ഗെതികെട്ടു മോനോട് വരാൻ പറഞ്ഞു.. ഓന്ക്ക് ഞാൻ പറയ്ണതിനപ്പുറമില്ലേനു. ഓൻ പെട്ടെന്നു ടിക്കറ്റെടുത്തു നാട്ടിൽ വന്നു, വിദേശി ആയോണ്ട് ക്വാറന്റൈൻ 28 ദിവസം ഉണ്ടേനു.. ഓൽക്ക് ക്വാറന്റൈൻ ൽ നിക്കാൻ വേണ്ടി തൽക്കാലത്തിനാ ന്നെ ഇവടെ കൊണ്ടന്നാക്കീന്യത്. പിന്നെ ഒരു വിവരും ണ്ടായീല്യാ..”
ബക്കറാക്ക വിതുമ്പിക്കരഞ്ഞു..

സന്തോഷത്തിൽ തിമിർത്താടിയിരുന്ന ആ വാഹനം കുറച്ചു നേരത്തേക്ക് കണ്ണീരിനും സഹതാപത്തിനും വഴിമാറിക്കൊടുത്തു..

“ഉപ്പാ… ഇതിപ്പോ ഞാൻ മൈക്ക് തന്നത് പൊല്ലാപ്പായോ? കരയാനാണേൽ ഞാൻ തരില്ലായ്നു”
മുബീന മേഡത്തിന്റെ കൗണ്ടർ എല്ലാവരിലും ചിരി വിടർത്തി..

പെട്ടെന്ന്..
“ഒന്ന് വണ്ടി നിർത്തോ ഡ്രൈവറേ… ” എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു ബക്കറാക്കയുടെ ശബ്ദം വീണ്ടും മുഴങ്ങി.. ഡ്രൈവർ വണ്ടിക്ക് സഢൻ ബ്രേക്കിട്ടു.. എല്ലാവരുടെയും കണ്ണുകൾ അയാളിലുടഞ്ഞു..
“ഇത് കാഞ്ഞിരമറ്റം പള്ളി ആണോ? ബക്കറാക്കയുടെ ചോദ്യം കേട്ട് എല്ലാരും അന്ധാളിച്ചു.. പലരും പിറുപിറുക്കുന്നുണ്ടായിരുന്നു..
“ആണല്ലോ.. ഇതാ പള്ളി തന്നെ… ഇവിടെയും കാക്കക്ക് ഓർമകൾ അയവിറക്കാനുണ്ടോ?” ഡ്രൈവർ പരിഹാസരൂപേണ ചോദിച്ചു.
“പിന്നല്ലാതെ.. ഇവടെത്തേക്കാൾ ന്ക്ക് ഓർക്കാനുള്ള സ്ഥലം വേറെ ഈ ഭൂമീൽ ഉണ്ടേൽ അത് മക്കിം മദീനിം ഒള്ളൂ.. ”
അയാളും വിട്ടു കൊടുത്തില്ല.

“മാഡം…, ഒന്ന് ന്റെ കൂടെ വര്വോ? ഞമ്മക്കൊന്നു പൊറ്ത്തു പോയി വരാ…”

ഇതും പറഞ്ഞ് അയാൾ പതുക്കെ സീറ്റിൽ നിന്ന് എണീറ്റു.. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാത്ത മട്ടിൽ എല്ലാവരും അയാളെ തന്നെ നോക്കിനിന്നു… പതുക്കെ മുബീന മാഡത്തിന്റെ കൈയും പിടിച്ച് ബസ്സിൽ നിന്നിറങ്ങി അയാൾ നടന്നകന്നു. നിഗൂഢമായ അന്തരീക്ഷത്തിൽ എല്ലാവരുടെയും കണ്ണുകൾ അയാളുടെ കാലുകൾ ക്കൊപ്പം സഞ്ചരിച്ചു. ഒരു കൂട്ടം സ്വപ്നങ്ങൾ ബാക്കിയാക്കി, പ്രിയരെ വെടിഞ്ഞ് ഒരുപറ്റം പേർ അന്തിയുറങ്ങുന്ന പള്ളിപ്പറമ്പിലെ മീസാൻ കല്ലുകൾക്കിടയിലൂടെ മുബീന മേഡത്തിന്റെ കൈയും പിടിച്ച് അയാൾ നടന്നകന്നു.
അങ്ങ് ദൂരെ, രണ്ടു മീസാൻകല്ലുകൾക്കിടയിൽ ഉണങ്ങിക്കിടക്കുന്ന മൈലാഞ്ചിത്തൈകൾക്കിടയിൽ, തോലൊട്ടിയ അയാളെ തിരിച്ചറിയാൻ സഹയാത്രികർ നന്നേ പാടുപെട്ടു. കുറച്ചു നേരം അവിടെയിരുന്ന് പതിവിലും സന്തോഷത്തോടെ അയാൾ തിരികെ ബസ്സിൽ വന്നിരുന്നു.
“ഇനി പോവല്ലേ… ഇന്നത്തെ ദിവസം ന്ക്ക് മൊതലായി..” അയാൾ ഉറക്കെ പറഞ്ഞു.
“ഉപ്പാ… ആ ഖബ്റിൽ കിടക്കുന്ന ആളെ കൂടി പറഞ്ഞാൽ നമ്മക്കൊക്കെ സന്തോഷിക്കാലോ. ആ ഭാഗ്യവാനെ ഓർത്ത്.. ഈ കൂടിയവരൊക്കെ നോക്ക്ണത് അതറിയാനാ..”
മാഡം എല്ലാവർക്കും വേണ്ടി ചോദിച്ചു.

“അതിപ്പോ ചോയ്കണോ.. കാക്കാന്റെ നബീസു ആവും”
കുമാരൻ ഇടയ്ക്ക് കയറിപ്പറഞ്ഞു.

എല്ലാവരും പൊട്ടിച്ചിരിച്ചു..

“ഹലോ… നമ്മളെ ലക്ഷ്യ സ്ഥലം എത്തിക്കഴിഞ്ഞു.. എല്ലാവരും ഇറങ്ങിക്കോളൂ.. നമ്മൾ കുറച്ച് ലേറ്റായത് കാരണം ഇവടെ മൗലിദ് കഴിഞ്ഞു പ്രാർത്ഥന ആയി…”
മുബീന മേഡത്തിന്റെ അറിയിപ്പ് മുഴങ്ങി.

ഓരോരുത്തരായി ബസ്സിൽ നിന്നിറങ്ങി ഹാളിലേക്കു നടന്നു.. നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ ഇടം പിടിച്ചു. എല്ലാവരുടെയും മുഖം തിളങ്ങുന്നുണ്ടായിരുന്നു.
പ്രാർത്ഥനയ്ക്ക് ശേഷം അന്നദാനവും നടന്നു. നല്ല തേങ്ങാച്ചോറും ബീഫ് കറിയും.
“വർഷങ്ങളായി ഇവടെ നേർച്ചക്ക് ഇതാ ഉണ്ടാക്കൽ..” ക്ലബ് സെക്രട്ടറി ആരോടോ പറയുന്നതു കേട്ടു. എല്ലാവരും ആർത്തിയോടെ കഴിച്ചു..
“ഇനി നമുക്കു സല്ലാപസമയമാണ്. ഞങ്ങളുടെ പിഞ്ചോമനകൾ നിങ്ങൾക്കായൊരുക്കുന്ന സർഗവേദി” അനൗൺസ് മുഴങ്ങി..
ഓരോ കുട്ടികളായിട്ട് വന്ന് കഥയും പാട്ടും പ്രസംഗവും ഒക്കെ അവതരിപ്പിച്ചു. മുത്ത്നബിയുടെ മദ്ഹും സ്വാലിഹീങ്ങളുടെ ചരിത്രങ്ങളും മാതാപിതാക്കളുടെ മഹത്വവുമെല്ലാം ആ വേദിയിൽ അരങ്ങുണർത്തുന്നുണ്ടായിരുന്നു.. ഇടയിൽ ചുക്കുകാവയുമായി വന്ന മോനെ ബക്കറാക്ക അടുത്തിരുത്തി.

“മോനേ… എന്താ പേര്? ”

അയാൾ പരിചയപ്പെടാനെന്നോണം ചോദിച്ചു.

“ന്റെ പേര് ശാദിൽ ” അവൻ മറുപടി പറഞ്ഞു..
“ഓ.. കുട്ട്യല്ലേ നേര്ത്തെ ഉമ്മാനിം ഉപ്പാനിം പറ്റി കഥ പറഞ്ഞീന്യത്.. നല്ല രസണ്ടേനുട്ടോ കേൾക്കാൻ.. മോൻ ഉപ്പാനിം ഉമ്മാനിം നല്ലോണം നോക്കണംട്ടോ.. ഉമ്മമ്മാനിം ഉപ്പപ്പാനിം ഒക്കെ നല്ലോണം നോക്കിയാലേ നമ്മൾ സ്വർഗത്തിൽ കടക്കുള്ളൂ..” ബക്കറാക്ക അവനെ പ്രോത്സാഹിപ്പിച്ചു….
“അതിന് ന്ക്ക് ഉപ്പപ്പിം ഉമ്മമ്മിം ഇല്ലല്ലോ..” കുട്ടി നിസ്സാഹയതയോടെ ചോദിച്ചു…
“ഓലെവടെപ്പോയി? മരിച്ചു പോയോ? “ബക്കറാക്ക യാതൊരു ഭാവവേദവും കൂടാതെ ചോദിച്ചു.
“ഉമ്മമ്മ മരിച്ചതാ.. ഉപ്പപ്പ ഉണ്ടേനു.. ഞാനും ഡാഡയും മമ്മിയും ലണ്ടനിൽ ആയ്നു.. അവട്ന്ന് ഉപ്പപ്പ വിൾച്ചട്ട് ഞങ്ങൾ വന്നു.. ഞങ്ങൾക്ക് ക്വാറന്റൈൻ നിക്കാൻ വേണ്ടി ഉപ്പപ്പാനെ ഒരു അങ്കിൾ വന്നു കൊണ്ടുപോയി.. പിന്നെ ഉപ്പപ്പ വന്നിട്ടില്ലാ..” കുട്ടിയുടെ മറുപടി കേട്ട് അയാൾ പൊട്ടിക്കരഞ്ഞു…
തന്റെ പേരക്കുട്ടിയെ കെട്ടിപ്പിടിച്ചു നിന്റെ ഉപ്പുപ്പയാടാ ഞാനെന്ന് പറയാൻ ബക്കറാക്ക തുനിഞ്ഞെപ്പോഴേക്കും ആരോ ധൃതിയിൽ അവനെ കൈപ്പിടിച്ച് വലിയൊരു കാറിലേക്കു കയറ്റുന്നതു കണ്ടു. കഴുത്തുയർത്തി കാറിലേക്കു കണ്ണുകൾ പായിച്ച ബക്കറാക്ക ഡ്രൈവറെ കണ്ടു വീണ്ടും പൊട്ടിക്കരഞ്ഞു. “എന്റെ റാശി മോൻ…”.◾

ഫാത്തിമ ജസീല പുല്ലാര

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!
×