ജീവിതത്തിന്റെ അതൃപ്പങ്ങൾ

വിശ്വസപൂർവം പ്രകാശനമാകുന്നതിനു മുമ്പ് സോഷ്യൽമീഡിയകളിൽ വൈറലായ ‘സൈനബക്കുള്ള സമ്മാനങ്ങൾ’ എന്നതിലെ ചില ഭാഗങ്ങൾ വായിച്ചപ്പോൾ തന്നെ, പുസ്തകം വായിക്കാനുള്ള ആഗ്രഹം മൊട്ടിട്ടിരുന്നു. പിടിച്ചിരുത്തി വായിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ആഖ്യാനമാണ് വിശ്വാസപൂർവത്തിൻ്റേത്. ഇന്നു കാണുന്ന ‘ഇസ്സത്തി’നു പിറകിലുള്ള ഉസ്താദിൻ്റെ ത്യാഗങ്ങൾ വായിക്കുമ്പോൾ വല്ലാത്ത വേദന തോന്നുന്നു. അങ്ങനെ ഒരു വേദന തോന്നുമ്പോൾ തന്നെയും വളരെ ആഴത്തിലുള്ള അഭിമാനം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.

അക്കാലത്തെ ദാരിദ്ര്യവും പട്ടിണിയും അതിലേറെ ചെറുപ്രായത്തിലേ ഉപ്പയുടെ വിയോഗവും സഹിച്ചു വളർന്നവരാണ് ഉസ്താദ്. ഉസ്താദിന്റെ വീടു നിൽക്കുന്ന സ്ഥലത്തെ ‘ആലങ്ങാപ്പൊയിൽ ‘ എന്നാണു പറയുക. അതിനെയാണ് ‘എ പി’ എന്നു ചുരുക്കിപ്പറയുന്നത്. ‘എ പി’ എന്നതിന്റെ പൂർണനാമം എന്താണെന്നു പലർക്കുമറിയില്ല. ‘എ പി’ എന്നു കുടുംബനാമം ഉള്ളവരെല്ലാം ഉസ്താദിന്റെ ബന്ധുക്കളാണെന്നായിരുന്നു ഒരു കാലത്ത് ഞാനും ചിന്തിച്ചിരുന്നത്.

ഇതു കേട്ട് ‘നിങ്ങളുടെ മാർഗത്തിൽ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നു’ എന്ന് ഉസ്താദ് പറഞ്ഞു. ‘ഞങ്ങൾ ഖിള്റിൻ്റെ മാർഗത്തിലാണ്. നിങ്ങൾ മൂസാനബിയുടെ വഴിയിലും. ഒരു വിഭാഗം മറ്റൊന്നിൽ പ്രവേശിക്കുകയല്ല വേണ്ടത്. രണ്ടും ഒരുമിച്ചു മുന്നേറണം. അതുകൊണ്ട് നിങ്ങൾ നല്ലവണ്ണം ദർസ് നടത്തണം.

ഉപ്പയുടെ വയറു നിറയട്ടെയെന്നു കരുതി വയറു നിറക്കാത്ത ഒരു രാത്രി. കുട്ടികൾ നേരത്തെ ഭക്ഷണം കഴിക്കലായിരുന്നു വീട്ടിലെ പതിവ്. മക്കള്‍ പതിവു പോലെ തിന്നാതിരിക്കുന്നതു കണ്ടു വേവലാതി പൂണ്ട ഉപ്പ കാര്യമന്വേഷിച്ചു. പകലന്തിയോളം പണിയെടുത്തുവരുന്ന ഉപ്പക്കും കുറച്ചു ഭക്ഷണം കരുതിവെക്കണമെന്ന് ഒരിക്കൽ ഉമ്മ മക്കളോടു രഹസ്യം പറഞ്ഞിരുന്നു. ഉമ്മ കാതിലോതിയ ഈ മന്ത്രത്തിന്റെ ഫലമായാണ് ഉസ്താദും സഹോദരിയും അന്ന് കുറച്ചു കഴിച്ചുനിര്‍ത്തിയത്. ഇതു മനസ്സിലാക്കിയ ഉപ്പയുടെ ഉള്ളം വേദനിച്ചു. ഉമ്മ പറഞ്ഞത് കാര്യമാക്കണ്ട, മക്കൾ കഴിച്ചോളൂ.. മക്കളെ വയറു നിറയുവോളം അന്ന് ഉപ്പ കഴിപ്പിച്ചു. ‘ആ രാത്രിയിലെ ഭക്ഷണം ഓർക്കുമ്പോൾ ഇന്നും ഒരു വേദനയാണ് ‘. ആ വരികൾ വായിച്ചപ്പോൾ ഉള്ളൊന്നു പിടഞ്ഞു. ഉസ്താദിൻ്റെ ഉയർച്ചക്കു സാക്ഷ്യംവഹിക്കാൻ ഉപ്പാക്ക് തൗഫീഖ് ഉണ്ടായില്ല.

ഉപ്പയുടെ അവസാന ദിനങ്ങളിൽ ‘തന്റെ കാലശേഷം കുട്ടികളെ നീ ഇനി എങ്ങനെ പോറ്റും’ എന്ന ആവലാതിക്കു മുമ്പിൽ ക്ഷമയോടെ ഉമ്മ പറഞ്ഞത് ‘മക്കളെ കിതാബ് ഓതാനയച്ച് മൊയ്ല്യാരാക്കി വളർത്തിക്കോളാം’ എന്നാണ്. ഉസ്താദിന്റെ പഠനകാലം വളരെ പ്രയാസം നിറഞ്ഞതായിരുന്നു. പഠിക്കുന്ന കിതാബ് പോലും സ്വന്തമായി ഉണ്ടായിരുന്നില്ല. ഉസ്താദ് വായിക്കുമ്പോൾ പകർത്തിയെഴുതി കിതാബുകൾ ഉണ്ടാക്കുന്ന പതിവാണ് അന്ന്. ഇങ്ങനെയാകുമ്പോൾ മനഃപാഠമാക്കാൻ എളുപ്പമായിരുന്നുവെന്നാണ് ഉസ്താദ് പറയുന്നത്. അങ്ങനെയാണ് എല്ലാ ഫന്നും ഉസ്താദിന് സരളമായത്. ഇപ്പോഴും അന്നത്തെ ബുഖാരി നോട്ടുകൾ ഓരോ ക്ലാസിനും റഫർ ചെയ്യുന്നത് വലിയ ആശ്വാസമാണെന്ന് ഉസ്താദ് തന്നെ പറയുന്നുണ്ട്.

ഹോസ്റ്റലിൽ നിന്നു കിട്ടുന്ന മണ്ണെണ്ണ കൊണ്ട് സ്വന്തമായി ഭക്ഷണം ഉണ്ടാക്കിയും, മണ്ണെണ്ണ വെളിച്ചത്തിൽ ഇരുന്നു പഠിച്ചും, പായ വിരിച്ചു നിലത്തുകിടന്നും, കത്തെഴുതിയും കഴിച്ചുകൂട്ടിയ പഠനകാലം. ഉസ്താദിന്റെ പഠനകാലത്ത് ഒരു ഉപ്പയുടെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തത് അവേലത്ത് തങ്ങളായിരുന്നു. ആലങ്ങാപൊയിൽ അബൂബക്കർ എന്ന എന്നെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരാക്കിയത് തങ്ങളാണെന്ന് ഉസ്താദ് പറയുന്നുണ്ട്.

ഉസ്താദിന്റെ ധാർമികവും സാമൂഹികവുമായ മൂല്യവിചാരങ്ങൾ ചെറുപ്പത്തിലേ രൂപപ്പെടുന്നുണ്ട്. ഉസ്താദിൻ്റെ ഉപ്പ പണംകൊടുത്തു വാങ്ങിയ, ജന്മി പൂർണവകാശം വിട്ടുനൽകാത്ത സ്ഥലത്താണ് ഉസ്താദിൻ്റെ വീട്. അവിടെയൊരു പഞ്ചാര മാങ്ങ ഉണ്ടായിരുന്നു. കുട്ടികൾ പെറുക്കിയെടുത്ത മാങ്ങ തിരിച്ചു വേണമെന്ന് അവകാശപ്പെട്ട ജന്മിയുടെ മക്കൾ വരുന്നു, അവർ കുട്ടികളെ ആട്ടിപ്പായിക്കാൻ തുടങ്ങി. ഉസ്താദിന് അത് കണ്ടുനിൽക്കാനായില്ല. നിലത്തുവീണ മാങ്ങ കുട്ടികളുടെ കൈയിൽ വെച്ചുകൊടുത്തു. ഇതുകണ്ട് ജന്മിയുടെ മകൻ ബാലനായ ഉസ്താദിനെ അടിക്കാൻ വേണ്ടി വന്നു. ഉസ്താദ് സധൈര്യം അവിടെ ഉറച്ചുനിന്നു. അതുകണ്ട് അടിക്കാൻ വന്നവന് കാലിടറി അവൻ പിന്തിരിഞ്ഞോടി. അതോടുകൂടി മാവിൻചുവട് അവർക്കു സ്വതന്ത്രമായി. ആസ്വദിച്ചു മാങ്ങ തിന്നാമെന്നായി. ചെറുപ്പം മുതലേയുള്ള, ശത്രുവിനു മുന്നിൽ ഏത് ഘട്ടത്തിലും ഉറച്ചുനിൽക്കാനുള്ള ആർജ്ജവം ഇപ്പോഴും ഉസ്താദിനുണ്ട്. അതാണ് ഇന്ന് മുസ്‌ലിം സമൂഹത്തിൻ്റെ ധൈര്യവും ആത്മവിശ്വാസവുമെന്നു ഞാൻ കരുതുന്നു.

റിയാദിൽ ജയിലിൽ കുടുങ്ങിയ സമയം, ഉസ്താദ് പതറിയില്ല. ജയില്‍ മോചിതനായാൽ മുത്ത് നബി തങ്ങളുമായി ബന്ധപ്പെട്ട് ഒരു രചന നിർവഹിക്കുമെന്നു നിയ്യത്ത് ചെയ്തു. മോചനം ലഭിച്ചശേഷം മദീനയിൽ പോവാതെ നാട്ടിലേക്കു തിരിക്കാൻ പലരും നിർബന്ധിച്ചു. മദീനയിൽ പോവാതെ നാട്ടിലേക്കില്ലെന്നത് ഉസ്താദിന് വാശിയായിരുന്നു. അതു പലരേയും വിഷമിപ്പിച്ചുവെങ്കിലും, മദീനയില്‍ പോയതിനു ശേഷമാണ് തിരികെ നാട്ടിലേക്കു പോയത്. ജയിലില്‍ നിന്നു മോചിതനായ ശേഷം പ്രിയ ഗുരു ഒ കെ ഉസ്താദിനെ പോയി കണ്ടപ്പോൾ പ്രിയശിഷ്യനെ ചേര്‍ത്തുപിടിച്ച്‌ ആ ഗുരു പറഞ്ഞു:
”ന്റെ കുട്ടി കുട്ങ്ങൂല. ഇല്‍മും ഹിക്‌മത്തും ഞാന്‍ പഠിപ്പിച്ചു തന്നിട്ടുണ്ടല്ലോ..”
ഒ കെ ഉസ്താദിന്റെ ഈ സാന്ത്വനം ശിഷ്യന്റെ കണ്ണുകളെ ഈറനണിയിച്ചു. ഇതിലും വലിയ അംഗീകാരം ഒരു ശിഷ്യന് തൻ്റെ ഗുരുവിൽ നിന്നു കിട്ടാനുണ്ടോ?

“സൈനബാക്കുള്ള സമ്മാനങ്ങൾ”
ഈ അധ്യായം വായിക്കുമ്പോൾ പ്രിയതമയോടുള്ള സ്നേഹത്തിന്റെ ചിത്രങ്ങൾ ഓരോരോ വരിയിലും ഒഴുകുന്നു. സംഘടനാ പ്രവർത്തനങ്ങളും മറ്റു തിരക്കുകളുമായും കഴിയുന്ന ഉസ്താദ് കുടുംബത്തോടൊപ്പവും സമയം ചിലവഴിച്ചിരുന്നു. ദാമ്പത്യ ജീവിതം എങ്ങനെയായിരിക്കണം, എങ്ങനെയാകരുത് എന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. വരനായി എ പി ഉസ്താദിനെ തിരഞ്ഞെടുക്കുന്ന സമയം സൈനബ ഉമ്മയോടു പിതാവ് പറയുന്നുണ്ട്.
”കാന്തപുരത്തെ മോല്യാരാണ് പുതിയാപ്പിളയായി നിനക്കു വരുന്നത്.
ഞാൻ പണമല്ല ഇല്‍മാണ് നോക്കിയത്”. വർഷങ്ങൾക്കിപ്പുറം ഉസ്താദും തൻ്റെ മക്കളെ കല്യാണം കഴിപ്പിക്കുമ്പോൾ ഇതേ വഴിയാണ് പിന്തുടർന്നത്. സമ്പത്തിനേക്കാൾ ഇൽമിനു പ്രാമുഖ്യം നൽകി. ആദ്യകാലത്ത് എത്ര വൈകിയാണെങ്കിലും എന്നും വീട്ടിൽ പോവും. തിരക്കുകള്‍ കൂടിയപ്പോള്‍ അതിനു സാധിക്കാതെയായി. എങ്കിലും ഉസ്താദിന്റെ അസാന്നിധ്യത്തിലും വീട്ടിലെ കാര്യങ്ങളും ഓരോ ചെലവ് വരവുകളും എഴുതി രേഖപ്പെടുത്തിയും മക്കളുടെ പഠനത്തിലും മറ്റു എല്ലാ വിഷയങ്ങളിലും സജീവമായ ശ്രദ്ധയും ഇടപെടലും നടത്തുന്നുണ്ട് സൈനബ ഉമ്മ. വൈകിയെത്തുന്ന ഭർത്താവിനെ എന്നും തഹജ്ജുദിനായി ഉണർത്തുമായിരുന്നു. പ്രിയതമയെക്കുറിച്ച് എത്ര മനോഹരമായാണ് ഉസ്താദ് പറഞ്ഞുവെക്കുന്നത്. ഏറ്റവും വലിയ കടപ്പാടായി ഉസ്താദ് രേഖപ്പെടുത്തുന്നത്, നിസ്കാര കാര്യത്തിലുള്ള ഉമ്മയുടെ നിഷ്കർഷതയാണ്. ഭാര്യയെ ഹജ്ജും ഉംറയും കൂടാതെ മറ്റു യാത്രകളിലും കൂടെ കൂട്ടുമായിരുന്നു. കൂടെ കൂട്ടാത്ത യാത്രകളിൽ അവർക്കുള്ള ഹദിയയുമായിട്ടായിരുന്നു തിരിച്ചുവരവ്.

ജയിലിൽ കുടുങ്ങിയ സമയം, ഉസ്താദ് പതറിയില്ല. ജയില്‍ മോചിതനായാൽ മുത്ത് നബി തങ്ങളുമായി ബന്ധപ്പെട്ട് ഒരു രചന നിർവഹിക്കുമെന്നു നിയ്യത്ത് ചെയ്തു. മോചനം ലഭിച്ചശേഷം മദീനയിൽ പോവാതെ നാട്ടിലേക്കു തിരിക്കാൻ പലരും നിർബന്ധിച്ചു.

”ജീവിതത്തിൽ അവളെടുത്ത ക്ഷമയും വിട്ടുവീഴ്ചകളുമാണ് എന്റെ പൊതുപ്രവർത്തനങ്ങളെ ഒരർത്ഥത്തിൽ എളുപ്പമുള്ളതാക്കി തീർത്തത്. സമൂഹത്തെ സേവിക്കണമെന്ന വിശാലമായ ഒരാഗ്രഹം ഉള്ളവർക്കു മാത്രമേ അതിനു കഴിയുകയുള്ളൂ. സൈനബക്കതുണ്ട്. അവർ മക്കൾക്കു മാത്രമല്ലയിരുന്നു ഉമ്മ, അടുത്തറിയുന്നവർക്കെല്ലാം ഉമ്മച്ചിയായിരുന്നു..” ഉസ്താദില്ലാത്ത സമയം വീട്ടിൽ മന്ത്രിക്കാൻ എത്തുന്നവർക്കു മന്ത്രിച്ചുകൊടുക്കാനുള്ള ഇജാസത്ത് ഉസ്താദ് കൊടുത്തിട്ടുണ്ട്. സൈനബ ഉമ്മായുടെ ആഖിറത്തിലേക്കും ഉസ്താദ് സമ്മാനങ്ങൾ ഒരുക്കിവെക്കുന്നുണ്ട്. അവരുടെ പേരിൽ സ്വദഖ ചെയ്യാൻ വേണ്ടി ഒരു തുക മാറ്റി വെക്കാറുണ്ട്. അത്രയും ഊഷ്മളമായ ദാമ്പത്യജീവിതത്തെ മനോഹരമായി അടയാളപ്പെടുത്തുന്നുണ്ട് ഉസ്താദ്.

ശൈഖുനാ സി എം വലിയുല്ല ദർസ് അവസാനിപ്പിച്ച് രിയാള കഴിഞ്ഞ് ഇരിക്കുന്ന സമയം, ആരോടും അങ്ങനെ സംസാരിക്കാത്ത സമയമായിരുന്നു. ശൈഖുനയെ കാണാൻ വേണ്ടി വീട്ടിലെത്തിയപ്പോൾ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ സ്വഭാവിശേഷങ്ങൾ പറഞ്ഞുകൊടുത്തു. ഇതു കേട്ട് ‘നിങ്ങളുടെ മാർഗത്തിൽ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നു’ എന്ന് ഉസ്താദ് പറഞ്ഞു. ‘ഞങ്ങൾ ഖിള്റിൻ്റെ മാർഗത്തിലാണ്. നിങ്ങൾ മൂസാനബിയുടെ വഴിയിലും. ഒരു വിഭാഗം മറ്റൊന്നിൽ പ്രവേശിക്കുകയല്ല വേണ്ടത്. രണ്ടും ഒരുമിച്ചു മുന്നേറണം. അതുകൊണ്ട് നിങ്ങൾ നല്ലവണ്ണം ദർസ് നടത്തണം. മഹത്തായ സ്ഥാപനങ്ങൾ ഉണ്ടാക്കുകയും പ്രസംഗങ്ങൾ ചെയ്യുകയും വേണം. ‘പിന്നീട് ഒരിക്കൽ ഇതേ ആഗ്രഹം കക്കിടിപ്പുറം ഉസ്താദിനോടും പറഞ്ഞപ്പോൾ അവിടുന്ന് ലഭിച്ച മറുപടിയും ഇപ്രകാരം ആയിരുന്നു. ഉസ്താദിന്റെ സാമൂഹിക പൊതുപ്രവർത്തങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾ, ഇടപെടലുകൾ, ഉസ്താദിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉണ്ടാകുന്നുണ്ട്.

തോമസ് ജേക്കബ് പറഞ്ഞപോലെ “പുസ്തകത്തിന്റെ കുത്തൊഴുക്കിനിടയിലും സമൂഹം പതിറ്റാണ്ടുകളായി കാത്തു കാത്തിരിക്കുന്ന ചില രചനകളുണ്ട്. അങ്ങനെ മലയാളികൾ പൊതുവിലും മുസ്‌ലിം സമൂഹം പ്രത്യേകിച്ചും ആഗ്രഹിച്ചു നോക്കിയിരുന്ന ഗ്രന്ഥമാണ് കാന്തപുരം ഉസ്താദിന്റെ ആത്മകഥ. ഇതൊരു വ്യക്തിയുടെ മാത്രം ജീവചരിത്രമല്ല. ഒരു ദേശത്തിൻ്റെ കഥയും ഒരു സമൂഹത്തിൻ്റെ നവോത്ഥാന ചരിത്രവും അത്യപൂർവമായ ജന മുന്നേറ്റത്തിന്റെ പെരുമ്പറയുമാണ്”. വിശ്വാസപൂർവത്തെ പുതിയ വായനകൾക്കും, തലമുറക്കും പരിചയപ്പെടുത്തുകയെന്നത് വലിയ ഉത്തരവാദിത്വമാണ്. ഉസ്താദ് കടന്നുവന്ന വഴിത്താരകൾ ചരിത്രപരമായി അടയാളപ്പെടുത്താൻ കഴിഞ്ഞുവെന്നത് വിശ്വാസപൂർവം നിർവഹിച്ച മനോഹരമായ സാമൂഹിക പ്രവർത്തനമാണ്.

ഹസന ഹാദിയ പല്ലാര്‍

ഹസന ഹാദിയ പല്ലാര്‍

യുവ എഴുത്തുകാരി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!