ചേക്കു ഹാജി
കേളികേട്ട
ആനപ്പാപ്പാനായിരുന്നു.
അവർക്ക് മുന്നിൽ
മുട്ട് മടക്കാത്തൊരു
ആനയും
വയനാട്ടിലില്ലായിരുന്നു.
മകനൊരാളുണ്ട്.
ആനയേക്കാൾ വലിയ
ലോകം അവനെ കാണിക്കണം.
പാപ്പാൻ കയറിയ ഉയരങ്ങൾക്കും
മുകളിൽ പൊന്നു മോൻ കയറണം.
അവൻ ലോകമറിയണം
ലോകം അവനെയും.
ആഗ്രഹങ്ങൾ ചേക്കു ഹാജിയുടെ
ഖൽബിൽ ചങ്ങലയിട്ടു കിടന്നു.
പക്ഷെ,
സ്വപ്നങ്ങൾ
വെളിച്ചം വെക്കും മുന്നേ
പെട്ടെന്നൊരു നാൾ
ഹാജി മറഞ്ഞു.
കുഞ്ഞുമോന് ചുറ്റും
ഇരുട്ട് നിറഞ്ഞു.
സ്നേഹം കൊളുത്തിയ
ചൂട്ടുമായി
വലിയുപ്പയാണ്
കടന്ന് വന്നത്.
കരുണയുടെ – കനിവിന്റെ
തിരിനാളങ്ങൾ ആ ചൂട്ടിനു
ചുറ്റും മുനിഞ്ഞു കത്തി.
തളർന്നപ്പോഴൊക്കെ
താരാട്ടുപാടിയുറക്കി.
തളിരിട്ട കൗതുകങ്ങൾക്കെല്ലാം
മറുപടിയുമോതി.
സ്നേഹത്തിൻറെ
വറ്റാത്തൊരുറവ കിനിഞ്ഞു
കൊണ്ടേയിരുന്നു.
യത്തീമാണെന്ന്
ഇത്തിരി പോലും
തോന്നിയില്ല.
തോന്നിപ്പിച്ചില്ല.
മുഹമ്മദ് മോൻ
പതിയെ നടന്നു തുടങ്ങി,
വെളിച്ചവുമായി തൊട്ടു പിന്നിൽ
വലിയുപ്പയും.
പതിനാലാം വയസിൽ
ചെറിയ പെരുന്നാളും കഴിഞ്ഞാണ്
മങ്ങാടേക്ക് (1) ഓത്തു കൂടിയത്.
മധുരം തേടിയുള്ള,
മടുപ്പില്ലാത്ത
മുഷിപ്പില്ലാത്ത
യാത്രയുടെ തുടക്കം.
മസ്ജിദുന്നബവിയോരം
എന്ന് പറയാം.
അഹ്ലുസ്സുഫ പോലെ
ഓത്തുപള്ളിക്കോലായിൽ
തൂവെള്ളത്തിളക്കങ്ങൾ.
വെളിച്ചം പരത്തുന്ന
തുരുത്ത്.
പാതി വേനലിലും
ഇടവപ്പാതിയിലും
അറിവിന്റെ
നൂറൊഴുക്കു മാത്രം.
ഒരു സൂര്യന് കീഴിൽ
തണൽ വിരിക്കുന്ന
നിലാ ചിത്രങ്ങൾ
എന്തു ചന്തം.
നോമ്പും പെരുന്നാളും,
പലവുരു കടന്നുപോയി.
മങ്ങാട്ടുള്ള ചന്ദ്രന്
തിളക്കം കൂടി വന്നു.
ആ തിളക്കത്തിൽ
ഒരു കുഞ്ഞു നിഴൽ
വളർന്നുവന്നു.
കാലം അവർക്ക്
നിഴലും നിലാവുമെന്ന്
പേരിട്ടു.
നിഴൽ നിലാവിനെ
സ്നേഹിച്ച് അറിവാനന്ദങ്ങളുടെ
ആഴിയിലേക്ക് ഊളിയിട്ടു.
പകലിരവുകളിലും
അരികുചേർന്ന്
നൂറ് കോരിയെടുത്തു.
നിലാവിൻറെ പുഞ്ചിരികളെ
നിഴൽ ഒന്നു വിടാതെ ഒപ്പിയെടുത്തു.
ഒടുവിലവസാനം
ഉടയതമ്പുരാൻ
നിഴലിനും ആ ചിരി കൊടുത്തു.
മറുപാതി
ശബ്ദവും പകുത്തു.
“തൗഹീദിന് ” മദം
പൊട്ടിയ കാലം.
“നിലാ വെളിച്ചത്തിൽ”
പിടിച്ചു കെട്ടാമെന്നേറ്റത്
നിഴലായിരുന്നു.
അളന്നു മുറിച്ച തന്ത്രവുമായി
വാരിക്കുഴിയൊരുക്കി (2)
കാവലിരുന്നു.
കൊമ്പന്മാർ പലരും
അടിത്തെറ്റി വീണു.
എങ്ങനെ വീഴാതിരിക്കും?
ചേക്കു ഹാജിയുടെ
ആത്മാംശം കലർന്ന
പ്രാർത്ഥനകൾക്ക്
ഉത്തരം പുലർന്നിരിക്കുന്നു.
മകൻ ഉയരങ്ങൾ
കയറിത്തുടങ്ങിയിരിക്കുന്നു.
കോടതിവരാന്ത വഴി
കായലരികത്തുകൂടെ
കൊട്ടപ്പുറവും കടന്ന്
കാരപ്പറമ്പിലേക്ക്
ആ വെളിച്ചം പരന്നു. (4)
കാലം പലതും മാറിക്കൊണ്ടിരുന്നു.
പക്ഷെ, നിഴലും
നിലാവും കോലം മാറിയില്ല.
“വെളിച്ചം “മങ്ങാട് നിന്ന്
കോളിക്കലേക്ക് (3)വണ്ടി കയറി.
കൂടെ കുറേ നക്ഷത്രങ്ങളും.
അവസാനം കാന്തപുരത്തിറങ്ങി.
അതൊരു സമൂഹത്തിന്റെ
വിലാസമായി.
കാലത്തിന്റെ ഇതിഹാസവും.
നിലാവിനെ തേടി
അംഗീകാരങ്ങൾ പലതും
കടന്ന് വന്നു.
പക്ഷേ അനങ്ങിയില്ല.
പൗർണമിയോടൊപ്പം
പതിനാലാം വയസ്സിൽ
കൂടിയതാണ്.
പിരിഞ്ഞിട്ടില്ല
പിണങ്ങിയിട്ടുമില്ല.
പിന്നെന്തിനാണ്
പുരസ്കാരമെന്ന്
ചോദ്യം !.
പോവുന്നിടങ്ങളിലെല്ലാം
“ന്റുസ്താദെന്ന് ”
ഒച്ച വെച്ചു.
“ഉസ്താദിന്റെ
ശിഷ്യനെന്ന് ”
വീണ്ടും വീണ്ടും
പറഞ്ഞ് വെച്ചു.
അൽപ്പമേ “ഞാൻ”
വളർന്നില്ല.
അല്ലെങ്കിലും
നിലാവിനു പിന്നിൽ
വിരിയുന്ന നിഴലിനാണത്രെ
സൗന്ദര്യം.
നിലാവ് എത്താത്തിടങ്ങളിലെല്ലൊം
നിഴൽ പകരമുദിച്ചു.
നിലാവില്ലാത്തത്
ഭൂമിയറിഞ്ഞില്ല
അറിയിച്ചതുമില്ല.
പൊട്ടാതെ ഉലയാതെ
58 വർഷങ്ങൾ.
പരസ്പരം പകുത്ത
സ്നേഹത്തിന്റെ ഉൾച്ചൂടിൽ
നൂറ് നിറച്ച്
ഒരായിരം വിളക്കുമാടങ്ങൾക്ക്
നിഴലും നിലാവും
തിരി കൊളുത്തി .
അവയൊക്കെയും
തെളിഞ്ഞ് ലോകം
നിറഞ്ഞ് കത്തി.
നിലാവിന്റെ
ഹൃദയത്തിലൊരു
ചില്ലയുണ്ട്.
നൂർ പകർന്നെടുത്ത
ശിഷ്യരെ താലോലിക്കുന്ന
സ്നേഹചില്ലയാണത്.
അതിൻറെ
ഏറ്റവും ഉച്ചിയിൽ
സ്നേഹത്തിൻറെ മെത്തയിൽ
ഒരു നക്ഷത്രമുണ്ട്.
തൊട്ടിപ്പുറത്ത്
മറ്റൊരു ചില്ല,
അത് ബാഖിയാത്ത് (5) വഴി
ബഹ്റുൽ ഉലൂമിന്റെ ( 6)
ഓരത്തുകൂടെ നീളുന്നുണ്ട്.
അവസാനം ബഖീഇൽ (7)
ലയിക്കുന്നു.
കാലം ഗുരുശിഷ്യ ബന്ധത്തിൻറെ
നിർവചനം തിരയുകയാണ്.
ലോകം “എ.പി ” ക്കു മുന്നിൽ
“ചെറിയ ” എന്ന വാക്ക് വെച്ചു.
ചെറുതെന്ന വാക്കുകൊണ്ട്
ഗുരു വലുതാണെന്ന
സന്തോഷം.
ആമുഖത്ത് ചിരി പടർന്നു.
നിലാവിൻറെ പുഞ്ചിരിയിൽ
നിഴൽ തിളക്കം.
ഒടുവിലൊരുനാൾ !
അന്ന്
രാവ് അവസാനിച്ചില്ല.
പക്ഷെ,
നിഴലിനെ കണ്ടതുമില്ല.
ആരോ പറഞ്ഞു കേട്ടു
നിഴൽ മറഞ്ഞു പോയെന്ന്
നിലാവ് ഒറ്റക്കായെന്ന് .
നിഴൽ മറഞ്ഞിടത്ത്
ശൂന്യത മാത്രമാണ്.
നിഴലിനോളം വലുപ്പത്തിൽ
വളരാൻ തുടങ്ങിയിരിക്കുന്ന
ഇല്ലായ്മയെ നിലാവെങ്ങനെ
നേരിടും?
കണ്ണയക്കാൻ
കഴിയാത്ത വിടവ് .


