ഉറുമ്പുവരികൾ

1.
പുകഞ്ഞുകൊണ്ടിരിക്കുന്ന ആകാശത്തിനു താഴെ,
കോൺക്രീറ്റ് കൂനകൾക്കരികിലൂടെ
അനേകം ഉറുമ്പുവരികൾ
ദിക്കറിയാതെ ഒഴുകികൊണ്ടിരുന്നു.

അവരുടെ
ഓർമകൾ കുത്തി നിറച്ച ഭാണ്ഡങ്ങൾ
കണ്ണീരു നനഞ്ഞ് ഭാരിച്ചിരുന്നു.
പൊട്ടിയ സ്വപ്നങ്ങളുടെ വക്കു തട്ടി
അങ്ങുമിങ്ങും പിഞ്ഞിയിരുന്നു.
ജീവിതമാണ് ഉറുമ്പുകളെ വലിയ ഭാരങ്ങൾ ചുമക്കാൻ പഠിപ്പിച്ചത്.

2.
എഴുപത്തഞ്ച് പിന്നിട്ടൊരുമ്മ
കൊച്ചുമകളുടെ കയ്യും പിടിച്ച്
വേച്ചു വേച്ചു നടന്നു,
എഴുപതാണ്ടിനിടെ
ഇങ്ങനെ എത്ര നഖ്ബകൾ !
എത്ര കാതങ്ങൾ !
എത്ര തമ്പുകൾ !

ബൂട്ടിനടിയിൽ കിടന്നാണ്
അവളുടെ ഉപ്പൂപ്പ ശഹാദത്ത് വരിച്ചത്.
ഞൊടിയിട തീഗോളമായി മാറിയ സ്കൂളിലെ
ഒരധ്യാപകനായിരുന്നു ഉപ്പ.
ഭാണ്ഡമഴിഞ്ഞ്
ഓർമകളോരോന്നായി പുറത്തു വീണു.

മണ്ണെന്നു വെച്ചാൽ
അവർക്ക് വീടോ പറമ്പോ കളിസ്ഥലമോ അല്ല,
ഓർമകളെ അടക്കം ചെയ്ത്
മൂടുകല്ലു വെച്ച മനസ്സാണ്.

3.
ഉറുമ്പുവരിക്ക് കുറുകെ ആരോ
വിരൽ വെച്ചു.
ഉറുമ്പുകൾ വലത്തോട്ടു നടന്നു.
അവിടെ ചിലർ അതിർത്തിയടച്ചിരിക്കുന്നു.
അവർ, വന്ന വഴിയേ തന്നെ തിരിഞ്ഞു,
ഒരു തീഗോളമവർക്ക് മുന്നിൽ പതിച്ചു.
അവർ ആർത്തു വിളിച്ചു
ഹസ്ബിയ ള്ളാഹ്..
ഹസ്ബിയ ള്ളാഹ്..

നിങ്ങൾ മനുഷ്യരതു കേട്ടുകാണില്ല,
പടച്ചോൻ എല്ലാം കേൾക്കുന്നുണ്ട്..

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!