വിശ്വാസപൂർവത്തിലെ ലീഡർ

സാമൂഹിക ഉന്നമനത്തിനായി ജനങ്ങളെ സേവിക്കുമ്പോഴാണ് ഒരു യഥാർത്ഥ നേതാവ് രൂപപ്പെടുന്നത്. മഹാത്മാഗാന്ധിയുടെ വാക്കുകളാണിത്. ഈ അനുഭവത്തെ ഏറ്റവും തെളിച്ചത്തിൽ സാമൂഹിക ജീവിതത്തിന്റെ വിവിധ സാധ്യതകളിൽ പകർത്തിവെച്ച നേതാവാണ് ഉസ്താദ് സുൽത്വാനുൽ ഉലമ. ഒരു നേതാവിനുണ്ടാകേണ്ട മുഴുവൻ ഗുണപരമായ മാതൃകകൾ ‘വിശ്വാസപൂർവം’ അതിന്റെ ഓരോ അധ്യായങ്ങളിലും ഘട്ടംഘട്ടമായി കോറിയിടുന്നുണ്ട്. നേതൃപദവിയെ ഒരു സ്ഥാനം എന്നതിലുപരി ഉത്തരവാദിത്തമായി കണക്കാക്കി കൃത്യമായ ലക്ഷ്യബോധത്തോടെയും കൃത്യതയോടെയും സാമൂഹിക രാഷ്ട്രീയ മതപരമായ പ്രവർത്തനങ്ങളിൽ സജീവമായപ്പോഴാണ് കാന്തപുരം എന്ന നേതാവും കാലവും രൂപപ്പെടുന്നത്.

ചെറുപ്പകാലം മുതൽ ഒരു നേതാവിനെ രൂപപ്പെടുത്താൻ ആവശ്യമായ ചുറ്റുപാടുകളിലൂടെയാണ് ഉസ്താദിന്റെ ജീവിതം കടന്നുപോകുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് ഇടപഴകാനും സാമൂഹികപരമായ ജീവിതത്തിലൂടെ ഉസ്താദ് അഭിമുഖീകരിക്കുന്ന മേഖലകൾക്ക് വേണ്ടത് ചെയ്ത് കൊടുക്കാനും ഉസ്താദിനായിട്ടുണ്ട്. അത് തന്നെയായിരുന്നു ഒരു നേതൃ പദവിയിലേക്കെത്താൻ ഉസ്താദിനെ സഹായിച്ചത്. വെല്ലൂരിൽ പഠിക്കുന്ന സമയത്ത് നിലച്ചുപോയിരുന്ന സമാജത്തെ തിരിച്ചുകൊണ്ടുവന്ന അനുഭവം ഉസ്താദ് വിവരിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാൻ ഏറെ സഹായകമായ ഈ സമാജം തമിഴ് – മലയാളി കൾക്കിടയിലെ ചില അസ്വാരസ്യങ്ങൾ മൂലം നിർത്തിവെച്ചതായിരുന്നു. അതിനെ പുനർജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുക്തിസഹമായ ആസൂത്രണത്തോടെ ഒരു ചേരിക്കും പ്രശ്നമില്ലാതെ പുന:സംഘടിപ്പിക്കാൻ ഉസ്താദിന് സാധിച്ചു. ഇവിടെ ചേർത്തു വായിക്കേണ്ട മറ്റൊരു കാര്യം പ്രതിപക്ഷ ബഹുമാനത്തോടുകൂടിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ഉസ്താദ് കാണിച്ച ക്ഷമയും സഹിഷ്ണുതയും മാതൃകാപരമാണ്. തങ്ങൾക്ക് പ്രയോജനപ്പെടുന്നവരെ കൂടെ നിർത്തി എതിരാളികളെ അവഹേളിക്കുന്ന രീതി ഒരിക്കലും ഒരു നേതാവിന് യോജിച്ചതല്ല. മുസ്ലിംലീഗിലെ പിളർപ്പ് രൂക്ഷമായ സമയത്തായിരുന്നു മർക്കസിന്റെ ശിലാസ്ഥാപനം നടക്കുന്നത്. ഇരുവിഭാഗങ്ങളോടും സൗഹാർദ്ദത്തിൽ കഴിയണമെന്ന ഉദ്ദേശത്താലാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ എന്നീ രണ്ടു ചേരികളിലെയും നേതാക്കളെയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിച്ചത്.

ഏത് വിഷയങ്ങളിലും ഗൗരവതരമായ ആലോചനകൾക്കും, ആഴത്തിലുള്ള വിശകലനങ്ങൾക്കും ശേഷമാണ് തീരുമാനമെടുക്കേണ്ടത്. ഉസ്താദിൻ്റെ ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങൾ കാണാൻ കഴിയും. ഇത്തരം ഘട്ടങ്ങളിലെല്ലാം ഉസ്താദിനെ സഹായിച്ചത് ശൈഖുനാ ആദം ഹസ്റത്തിൻ്റെ ശൈലിയായിരുന്നു. വെല്ലൂർ ബാഖിയാത്തിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാലാകാറുള്ളത് ആദം ഹസ്രത്തിൻ്റെ നീണ്ട ആലോചനകൾക്ക് ശേഷമായിരുന്നു. ഇത് ഉസ്താദിന്റെ ജീവിതത്തിലും പകർന്നതായി കാണാം. ഒറ്റക്ക് തീരുമാനമെടുക്കുക എന്നതിലുപരി കൂട്ടമായ അഭിപ്രായങ്ങളെ മാനിച്ച ശേഷമായിരുന്നു ഏതാണ്ട് വിഷയങ്ങളിലും ഉസ്താദ് തന്റെ നിലപാടുകൾ അറിയിച്ചത്. മർക്കസ് എന്ന വിദ്യാഭ്യാസ സമുച്ചയത്തിന് തുടക്കം കുറിക്കുന്നതിന് മുമ്പ് പല യാവർത്തി അവേലത്ത് തങ്ങളുമായും സമസ്ത യോഗങ്ങളിലും ചർച്ച നടത്തിയിട്ടുണ്ട്. സ്വയം തീരുമാനമെടുക്കുന്നതിലുപരി മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും അതിലെ പോസിറ്റീവുകളെയും പ്രവർത്തനങ്ങളിലേക്ക് ചേർത്തുവെക്കുക എന്നത് വലിയ ലീഡർഷിപ്പ് ക്വാളിറ്റിയാണ്.

ഉസ്താദ് ഇടപെടുന്ന മേഖലകളിൽ കണിശമായ ഉത്തരവാദിത്തബോധം സൂക്ഷിച്ചിരുന്നു. തന്റെ അഭാവങ്ങളിൽ പോലും ഒരു വിഷയങ്ങൾക്കും കോട്ടം സംഭവിക്കരുതെന്ന നിശ്ചയദാർഡ്യം കൂടിയാണ് ഒരു സംഘടനയെ ശക്തിപ്പെടുത്തുന്നത്. മർക്കസിന്റെ ശിലാസ്ഥാപനത്തിനു ശേഷം തിരക്കുകളേറിയ ഉസ്താദ് തന്റെ ഉത്തരവാദിത്തങ്ങൾ മുഴുവനും ഓരോന്നായി പകരക്കാരെ കണ്ടെത്തി ഏൽപ്പിച്ച് ഭദ്രപ്പെടുത്തുകയായിരുന്നു. കാന്തപുരത്തെ ദർസിൻ്റെ ചുമതലകൾ എപി മുഹമ്മദ് മുസ്‌ലിയാരെയും സമസ്ത ഓഫീസിലെ വിഷയങ്ങൾ വിശ്വസ്തനായ മറ്റൊരാളെയും ഏൽപ്പിച്ച ശേഷമാണ് ഉസ്താദ് മറ്റു വിഷയങ്ങളിലേക്ക് തിരിയുന്നത്.

വിശ്വസ്തതയിലൂന്നിയ ജീവിതം ഒരു നേതാവിന് അത്യന്താപേക്ഷിതമാണ്. ചെയ്യുന്ന വിഷയങ്ങളിലെല്ലാം കൃത്യതയും വ്യക്തതയും നിർബന്ധമാക്കുന്നതോടൊപ്പം അത് തന്റെ അനുയായികളെ കൂടി ധരിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തണം. അരീക്കാട് പള്ളി പ്രശ്നവുമായി ബന്ധപ്പെട്ട ചില അസ്വാരസ്യങ്ങൾ ഉസ്താദിനെതിരിൽ ഉണ്ടായപ്പോൾ സമസ്തയുടെ തീരുമാനം അനുകൂലമാകാനും വിദേശത്തുനിന്ന് മടങ്ങിവരുമ്പോൾ ഇ കെ ഉസ്താദ് അടക്കം സംഘടന നേതൃത്വം മുഴുവനും ഉസ്താദിനെ സ്വീകരിക്കാൻ തയ്യാറായതുമെല്ലാം അവിടുത്തെ കളങ്കമില്ലാത്ത വിശ്വാസയോഗ്യമായ ജീവിതം കാരണമാണ്. വലിയ ഉദ്ദേശലക്ഷ്യങ്ങൾ ജീവിതത്തിൻ്റെ ഭാഗമാക്കുന്നതോടൊപ്പം അതിലേക്ക് എത്തിപ്പിടിക്കാനുള്ള അവസരങ്ങളെ ഒന്നും പാഴാക്കാതെ പ്രയാസങ്ങളെ നേരിട്ടു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഒരു പ്രവർത്തകന് വേണ്ടത്. അതിലേക്ക് തൻ്റെ അനുയായികളെ കൂടുതൽ പ്രചോദിപ്പിക്കാൻ നേതൃത്വ പദവിയിൽ ഇരിക്കന്നവർക്കും സാധ്യമാവണം. പലപ്പോഴും സംഘടനകളിൽ നിന്നും ആളുകളെ മാറ്റി നിർത്താൻ ലക്ഷ്യങ്ങളിലിത്താനുള്ള പ്രയാസമേറിയ വഴികൾ കാരണമാകാറുണ്ട്. എന്നാൽ പഴമക്കാർ പറയുന്നത് പോലെ വെള്ളം കാണുവോളം കുഴിക്കുക എന്ന തിയറിയായിരുന്നു ഉസ്താദിന്റേത്. ആദ്യമായി സാമ്പത്തിക സഹായം ആവശ്യപ്പെട്ട് വിദേശയാത്ര നടത്തിയ അനുഭവം ഉസ്താദ് വിവരിക്കുന്നുണ്ട്. മാഹിക്കാരനായ ഒരു വ്യക്തി വിസയും മറ്റും ശരിപ്പെടുത്താമെന്ന് സമ്മതിക്കുകയും പിന്നീട് അതിൽ നിന്നും ഒഴിവാകുകയും ചെയ്തു. പലയാവർത്തി അദ്ദേഹത്തെ കണ്ട് കേണപേക്ഷിച്ചിട്ടും വിലകൽപ്പിക്കാത്ത ഇടപെടലുകളാണ് തിരിച്ചുണ്ടായത്. കൂടെയുണ്ടായിരുന്ന അവേലത്ത് തങ്ങൾ ക്ഷുഭിതനായെങ്കിലും ഉസ്താദ് പുഞ്ചിരിയോടെയായിരുന്നു ആ ഓഫീസ് വിട്ടിറങ്ങിയത്. എന്നാൽ പിന്നീട് അത് വലിയ നേട്ടങ്ങളിലേക്ക് ചെന്നെത്തിച്ചു.

സാമൂഹിക ചുറ്റുപാടുകളെ അറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഒരു സംഘടനക്ക് കൂടുതൽ പ്രയോജനമാവുക. മർകസിന്റെ തുടക്കവുമായി ബന്ധപ്പെട്ട് നടന്ന ആലോചനകളിൽ ഒരു ശരീഅത്ത് കോളേജിനൊപ്പം അനാഥ മന്ദിരം കൂടി പണിയാൻ ആയിരുന്നു ഉസ്താദ് ഉദ്ദേശിച്ചത്. ഇത് ഏറെ സാമൂഹികപരമായി ഉസ്താദിന് ഗുണം ചെയ്തിട്ടുണ്ട്. ആരുടെ മുമ്പിലും ആദർശം പണയപ്പെടുത്താതെ നീതിക്കൊപ്പമായ പ്രവർത്തനങ്ങളായിരുന്നു ഉസ്താദിൻ്റേത്. കോളിക്കലിൽ ദർസ് നടത്തുന്ന കാലത്ത് ബാലുശ്ശേരി കപ്പുറത്ത് വെച്ച് നടന്ന സുന്നി മുജാഹിദ് സംവാദത്തിൽ മധ്യസ്ഥനായി എത്തിയ കൊല്ലംകണ്ടി മമ്മൂ സാഹിബിൻ്റെ പക്ഷപാതപരമായ പെരുമാറ്റത്തിൽ വിഷമമുണ്ടായപ്പോൾ അദ്ദേഹത്തോട് സംസാരം നിർത്തി ഇരിക്കാൻ ആവശ്യപ്പെട്ടു. നാട്ടിലെ പ്രമാണിയും മുത്തവല്ലിയുടെ അടുത്ത ബന്ധവുമായ ഇദ്ദേഹത്തെ പരസ്യമായി അവഹേളിച്ചു എന്നതിൻ്റെ പേരിൽ പിന്നീട് ജോലി തന്നെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. എങ്കിലും ആദർശം മാറ്റി വെക്കാൻ ഉസ്താദ് തയ്യാറായിരുന്നില്ല. റിയാദിലെ തടവറയിൽ അനുഭവിച്ച പീഡനങ്ങൾക്ക് പിറകിലും ഉസ്താദിന്റെ ആദർശ ശുദ്ധിയായിരുന്നു.

തീരുമാനക്ഷമത വ്യക്തിപരമായ സമർപ്പണം, പരിസരജ്ഞാനം, മറ്റുള്ളവരെ കൂടി അംഗീകരിക്കൽ അണികൾക്ക് ആവേശവും പ്രചോദനവുമാകൽ, തുടങ്ങി ഒരു നേതാവിൻ്റെ മുഴുവൻ ഗുണകണങ്ങളും മേളിച്ചവരാണ് എപി ഉസ്താദ്. സമകാലികർക്കൊന്നും ഇല്ലാത്ത വലിയ വളർച്ചയും ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരങ്ങളും ഉസ്താദിന് ലഭിച്ചു. ഒരുകാലത്ത് അവിടുത്തെ എതിർത്തവരിൽ ഭൂരിഭാഗം പേരും ഇന്ന് ഉസ്താദിനോട് കൂടെയായി എന്നത് അവിടുത്തെ നേതൃപദവിയുടെ സവിശേഷത തന്നെയാണ്. പിന്നിട്ട വഴികളിലെ പ്രയാസങ്ങളെ വകവെക്കാതെ ആത്മാർത്ഥതയിൽ ഊന്നിയ ധീരമായ പ്രവർത്തനങ്ങളാണ് പിന്നീട് ശൈഖ് അബൂബകർ അഹ്മദ് എന്ന ലോകപണ്ഡിതനെ നിർമിച്ചത്.

അബ്ദുറഹ്മാൻ ഉമ്മത്തൂർ

അബ്ദുറഹ്മാൻ ഉമ്മത്തൂർ

വിദ്യാർത്ഥി, എഴുത്തുകാരൻ

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!