വിശ്വാസപൂർവം, ഈ ജനാലയിലൂടെ നോക്കൂ..

നോട്ട്ബുക്ക് അടച്ചുവെച്ചു, ഞങ്ങളുടെ അധ്യാപിക ക്ലാസിൽ നിന്നിറങ്ങി. ഇൻ്റർവെൽ! ക്ലാസിലെ കലപിലകൾക്ക് ആരോ റീസ്റ്റാർട്ട് ബട്ടൺ അമർത്തി. ശബ്ദകോലാഹലങ്ങൾക്കിടയിലും മൂകമായി ഇരിക്കുകയാണു ഞാൻ. കൈയിൽ നിവർത്തിപ്പിടിച്ച ഏടുകളിലേക്കു കണ്ണുംനട്ടിരിക്കുമ്പോൾ എൻ്റെ ചിന്ത പലയിടങ്ങളിലേക്കും വേരോട്ടം തുടങ്ങിയിരുന്നു. വയനാടൻ മലകളിൽ നിന്നു ചുരമിറങ്ങിയ തണുത്ത കാറ്റ് നോളജ്സിറ്റിയിലെ അമ്പരച്ചുംബികളായ മിനാരങ്ങളെ തൊട്ടു മുത്തി, മെല്ലെ മെല്ലെ ഈ ജനാലയും കടന്ന് എത്തിയിരിക്കുന്നു. ഇവിടെയിരുന്ന് പുറത്തേക്കു നോക്കിയാൽ നീലിമ പടർന്ന ആകാശത്തെ ക്യാൻവാസാക്കി ഇലപ്പടർപ്പുകൾക്കിടയിൽ, വരച്ചുവെച്ച പോലെ ജാമിഉൽ ഫുതൂഹിൻ്റെ മിനാരങ്ങൾ കാണാം. ക്ലാസിലെ ഫസ്റ്റ് ബെഞ്ചിലെ ഇരുത്തത്തിന് പിന്നിലെ വൈകാരികതയും ഇതു തന്നെ. കൈയിലിരിക്കുന്ന പുസ്തകം എന്നെ നോക്കി പുഞ്ചിരിച്ചു. അതു വായിക്കാൻ ഏറ്റവും ഉചിതമായ ഇടം, അതെ വായിച്ചതെല്ലാം വിശ്വാസപൂർവം കൺമുമ്പിൽ തന്നെയുണ്ട്.

പഠനം കഴിഞ്ഞ് നോളജ് സിറ്റിയിൽ നിന്ന് ഇറങ്ങുമ്പോൾ, ഒരു നല്ല ഡോക്ടർ, മെഡിക്കൽ പ്രാക്ടീഷണർ എങ്ങനെയാകണമെന്നുള്ള കൃത്യമായ ചിത്രം എനിക്ക് ഉസ്താദിന്റെ ജീവിതത്തിൽ നിന്നു പഠിക്കാനുണ്ട്.

സിലബസ് പുസ്തകങ്ങൾ പരതുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിലും ‘വിശ്വാസപൂർവം’ ചർച്ചാവിഷയമാണ്. മർകസിനു കീഴിലുളള സ്ഥാപനത്തിലെ വിദ്യാർത്ഥികൾ എന്നതിലപ്പുറം ആ ആത്മകഥയെ ഞങ്ങളുടെ ക്ലാസ്മുറികൾ, വരാന്തകൾ.. എല്ലാം ഒത്തിരി ആകാംക്ഷയോടെയാണു വരവേറ്റത്. പലപ്പോഴും വായനക്കിടയിൽ അരികുചേർന്നിരുന്ന് ആകാംക്ഷയോടെ നോക്കിയവരും പുസ്തകം കൈയിൽപ്പിടിച്ചു ഫോട്ടോഷൂട്ട് ചെയ്ത് സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്തവരും വായനയുടെ തുടർച്ച മുറിച്ചെങ്കിലും അവരുടെ പ്രവർത്തനങ്ങൾ എന്നിൽ വല്ലാത്ത കൗതുകം ബാക്കിവെച്ചു. പൊതുവിൽ കോളേജ് വിദ്യാർത്ഥികളുടെ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ട്രെൻഡുകളാണല്ലോ, അത്തരമൊരു ട്രെൻഡായി പുസ്തകം മാറി എന്നതാണ് സത്യം. മെഡിക്കൽ സിലിബസിലെ പുന:ക്രമീകരണങ്ങൾ ഒഴിവുസമയങ്ങളെ വെട്ടിക്കുറച്ചെങ്കിലും കിട്ടുന്ന സമയമെല്ലാം ‘വിശ്വാസപൂർവ’ത്തിലൂടെ കാന്തപുരമെന്ന കാലത്തെ വായിച്ചു.

വിശ്വാസപൂർവം കൈയിലെടുക്കുമ്പോൾ അസാധാരണമായ ചില കൗതുകങ്ങൾ ഉണ്ടായിരുന്നു. ആ കൗതുകം തന്നെയാണ് എത്രയും വേഗം പുസ്തകം വായിക്കണമെന്ന തോന്നലിൽ കെട്ടിയിടുന്നത്. ഒഴിവുസമയങ്ങളിൽ വളരെ ധൃതിപിടിച്ചു പേജുകൾ മറിച്ചു. ചെറുപ്പം മുതൽ ആവേശത്തോടെ കേട്ടിരുന്ന ഒരു മഹാമനീഷിയുടെ ജീവിതം അക്ഷരങ്ങളിലൂടെ കണ്ണുകൾക്കു മുന്നിൽ തെളിഞ്ഞുവന്നു. ലോകം കണ്ട ഒരു പണ്ഡിതന്റെ ആത്മകഥ. അതെ, ഒരുപാട് മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്നവർ, അവരിലേക്കു വെളിച്ചം പകർന്നവർ. തിരക്കുപിടിച്ച ഓട്ടത്തിനിടയിലും ഒരുപാട് രോഗികൾക്കും അശരണർക്കും ആശ്വാസമേകിയവർ. അവർക്ക് ആവശ്യമായതെല്ലാം ഒരുക്കിക്കൊടുത്തവർ. മനുഷ്യരെയറിയുക, മനുഷ്യനാവുക എന്നതല്ലാതെ ഒരു ഡോക്ടർക്കു വലുതായിട്ട് മറ്റൊന്നുമില്ലല്ലോ. ഒരു മെഡിക്കൽ വിദ്യാർത്ഥിക്കും ഉസ്താദിന്റെ ജീവിതത്തിൽ നിന്നു പഠിക്കാനേറെയുണ്ട്.

സരളമായി ഓരോ അനുഭവങ്ങളും ഉസ്താദ് പുസ്തകത്തിൽ വിശ്വാസപൂർവം കോറിയിടുന്നുണ്ട്. ഉസ്താദിനെ അടുത്തറിയാനും കഴിഞ്ഞകാല സാമൂഹിക അന്തരീക്ഷത്തിൽ ഘട്ടംഘട്ടമായി വന്ന മുസ്‌ലിം സമുദായത്തിൻ്റെ വൈജ്ഞാനികവും രാഷ്ട്രീയവുമായ മുന്നേറ്റങ്ങളും വികസനവുമെല്ലാം അടയാളപ്പെടുത്താനും പുസ്തകത്തിനു സാധ്യമായി. ഒരുപക്ഷേ.. ഒരുപാട് ആഗ്രഹിച്ചതും കാത്തിരുന്നതുമായ ചരിത്രസാക്ഷ്യങ്ങളെ ഹൃദയപൂർവം അവതരിപ്പിക്കുന്നതിൽ വിശ്വാസപൂർവം കൈവരിച്ച ഉള്ളടക്കം അത്ഭുതാവഹമാണ്.
കാന്തപുരം, ഒരു നാടിൻ്റെ പേര് മാത്രമായി ചുരുങ്ങുന്നില്ല. ഒരു സമുദായത്തിൻ്റെ മേൽവിലാസമാണ്. ഒരു കാലഘട്ടത്തിൻ്റെ നേതാവാണ്. പ്രചോദനാത്മകമായ ആ ജീവിതം വായിച്ചനുഭവിക്കാൻ ആരും ധൃതിപ്പെടും. ഏതൊരു മേഖലയിൽ ഇടപെടുന്നയാൾക്കും പഠിക്കാനും പകർത്താനും ഉസ്താദിന്റെ ജീവിതത്തിൽ മാതൃകകളുണ്ട്.

വിശ്വാസപൂർവം വായിച്ച് അവസാനിപ്പിച്ചതും, ഇപ്പോൾ ഈ കുറിപ്പ് എഴുതുന്നതും ഉസ്താദിന്റെ തണലിലിരുന്നാണ്. മർക്കസ് യൂനാനി മെഡിക്കൽ കോളേജിന്റെ ചില്ലിട്ട ജാലകങ്ങളിലൂടെ ഉസ്താദിന്റെ സമർപ്പണവും, ജീവിതവും കാണാനാകുന്നുണ്ട്. നിസ്വാർത്ഥമായ ജീവിതത്തിന്റെ അടരുകളിൽ ഉസ്താദ് മറ്റുള്ളവർക്കു വേണ്ടി സ്നേഹത്തിന്റെ, കരുതലിന്റെ സ്വപ്നമിനാരങ്ങൾ പണിതുയർത്തി. അതിനുവേണ്ടി വഴിവിരിച്ചു. ധൈര്യം നൽകി.

പഠനം കഴിഞ്ഞ് നോളജ് സിറ്റിയിൽ നിന്ന് ഇറങ്ങുമ്പോൾ, ഒരു നല്ല ഡോക്ടർ, മെഡിക്കൽ പ്രാക്ടീഷണർ എങ്ങനെയാകണമെന്നുള്ള കൃത്യമായ ചിത്രം എനിക്ക് ഉസ്താദിന്റെ ജീവിതത്തിൽ നിന്നു പഠിക്കാനുണ്ട്. അതു വിശ്വാസപൂർവം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഒരു കാറ്റ് ചുരമിറങ്ങി ഞങ്ങളുടെ ക്ലാസ്മുറിയിൽ കുളിരുണ്ടാക്കുന്നു. അടുത്ത ബെല്ലിനു ശേഷം, അധ്യാപകൻ ക്ലാസിലേക്കു വരുന്നു. ബാഗിന്റെ ഉള്ളറയിലേക്കു ജീവിതത്തെ വിശ്വാസപൂർവം അടയാളപ്പെടുത്തിയ ഒരു മഹാജീവിതത്തെ കൈയടക്കത്തോടെ ചേർത്തുവയ്ക്കുന്നു.
“അൽഹംദുലില്ലാഹ്..”

ആലിയ സഫ്‌വാന ബാഹിറ

ആലിയ സഫ്‌വാന ബാഹിറ

യുവ എഴുത്തുകാരി, വിദ്യാർത്ഥി

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!