‘വിശ്വാസപൂർവ’ത്തിലെ ശബ്ദാത്മകഥയെക്കുറിച്ച് സമീർ സർ കാവാഡ് എഴുതിയതു വായിച്ചപ്പോഴാണ് പുസ്തകത്തിലുടനീളമുള്ള മറ്റു രണ്ടു ഇന്ദ്രിയാനുഭവങ്ങളെക്കറിച്ച് കൂടുതൽ ശ്രദ്ധിച്ചത്. മണവും രുചിയുമാണത്. ഉസ്താദിന്റെ അഭിവന്ദ്യ ഗുരു ശൈഖ് ഹസൻ ഹസ്രത്തിനെക്കുറിച്ച് വിവരിക്കുന്നിടത്ത്, പരിമളം വീശുന്ന അത്തറു പൂശിയുള്ള ആ ഗുരുവര്യരുടെ ക്ലാസിലേക്കുള്ള വരവിനെക്കുറിച്ചു പറയുന്നുണ്ട്. ബാഖിയാത്തിൽ ക്ലാസിനു സമയമായെന്നറിയാൻ പോലും വിദ്യാർഥികൾ ആശ്രയിച്ചിരുന്നത് വിശാലമായ കെട്ടിടമൊന്നാകെ പരക്കുന്ന അത്തറിന്റെ പരിമളമായിരുന്നുവെന്നാണ് ഉസ്താദ് പറയുന്നത്. ആ പരിമളം അനുഭവപ്പെടുന്ന ധാരാളം സന്ദർഭങ്ങൾ വിശ്വാസപൂർവത്തിൽ പലയിടത്തായി ഉസ്താദ് ഒരുക്കിവെച്ചിട്ടുണ്ട്. ദീർഘയാത്രകൾ കഴിഞ്ഞെത്തുമ്പോൾ പ്രിയതമക്ക് പലതരം നാടുകളിൽ നിന്നുള്ള സുഗന്ധങ്ങളാണ് സമ്മാനമായി നൽകാറുള്ളതെന്നും ഉസ്താദ് എടുത്തുപറയുന്നുണ്ട്. ഇതു വായിച്ചപ്പോൾ ‘മൂന്നുകാര്യങ്ങൾ എനിക്കിഷ്ടപ്പെട്ടു; പ്രാർഥന, സ്ത്രീ, സുഗന്ധം’ എന്ന തിരുനബിയുടെ ഹദീസ് ഓർത്തുപോയി. അന്ത്യപ്രവാചകരുടെ സവിശേഷത വിവരിക്കാൻ ഇബ്നു അറബി തങ്ങൾ ഈ ഹദീസാണ് ഉപയോഗിക്കുന്നത്. ഇവ മൂന്നുമായുള്ള മനുഷ്യന്റെ ബന്ധത്തെ മുൻനിർത്തിയാണ് അല്ലാഹുവിന്റെ ഏകത്വത്തെ ഇബ്നു അറബി വിശദീകരിക്കുന്നത്.
ഇന്ദ്രിയാനുഭവങ്ങൾ ഒരാളിൽ, ഒരു സമൂഹത്തിൽ, ഒരു കാലഘട്ടത്തിൽ പ്രവർത്തിക്കുന്നതെങ്ങിനെ എന്ന് ഈ ഉള്ളടക്കത്തിൽ നിന്നു വായിച്ചെടുക്കാൻ കഴിയും. അങ്ങനെ കൂടിയാണ് “വിശ്വാസപൂർവം” ഉസ്താദിന്റെ ആത്മകഥയും മലബാർ മുസ്‌ലിംകളുടെയും ജീവചരിത്രമാകുന്നത്.
പൂനൂർ, കോഴിക്കോട്, തലക്കടത്തൂർ, വെല്ലൂർ എന്നിങ്ങനെ ഒട്ടേറെ നാടുകളിലെ പലതരം രുചികളിലൂടെയും “വിശ്വാസപൂർവം” വായനക്കാരെ കൊണ്ടുപോകുന്നുണ്ട്. കാന്തപുരത്തെ ലളിതമായ കപ്പയിൽ നിന്നും കഞ്ഞിയിൽ നിന്നും മധുരച്ചക്കയിൽ നിന്നും തുടങ്ങി ആവുപ്പാട്ടെ നേർച്ചക്കു പാളയിൽ വിളമ്പുന്ന മഞ്ഞച്ചോറിലൂടെയും ഇറച്ചിക്കറിയിലൂടെയും ആ രുചിയാത്ര, കോഴിക്കോട്ടങ്ങാടിയിലെ നന്നാരിയും ചെറുനാരങ്ങയും ചേർത്ത സർബത്തിലും ലക്കി ഹോട്ടലിലെ ബിരിയാണിയിലും കടന്നെത്തുന്നുണ്ട്. അതിനിടയിൽ പുതുപ്പാടിക്കാരുടെ കുത്തനരി ചോറും പുനൂർകാരുടെ റേഷനരി ചോറും തമ്മിലുള്ള താരതമ്യം കടന്നുവരുന്നുണ്ട്. ഒരു ഗ്രാമത്തിന്റെ കഥയെന്ന അധ്യായത്തിലെ പൂനൂർ ചന്തയെക്കുറിച്ചുള്ള വിവരണത്തിൽ പറയുന്ന ഭക്ഷ്യ വിഭവങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാൽ ഭക്ഷണവും ഒരു കാലഘട്ടത്തിലെ സാമൂഹികാവസ്ഥയും തമ്മിലുള്ള ബന്ധത്തെ അടുത്തറിയാൻ കഴിയും. ഇതിനിടയിൽ ബ്രിട്ടീഷുകാർക്ക് വേണ്ടി മുതലാളിമാരുടെ വീട്ടിൽ ആടിനെ അറുത്തുള്ള സദ്യയും പൊടിപൊടിക്കുന്നുണ്ട്. തലക്കടത്തൂരിലെ കഞ്ഞിയുടെ വിശദശാംശങ്ങൾ ഉസ്താദ് എത്ര കൃത്യതയോടെയാണ് ഓർത്തെടുക്കുന്നതെന്ന് അത്ഭുതം തോന്നും.
കല്യാണത്തിനു വിളമ്പുന്ന നെയ്ച്ചോറിലും പോത്തിറച്ചിയിലും ഉസ്താദിന്റെ കുടുംബത്തിന്റെ സാമൂഹികപദവിയിൽ സംഭവിച്ച മാറ്റം കൂടിയാണ് രുചിക്കുന്നത്. ഉപ്പയുടെ സൂക്ഷ്മതയെ ഉസ്താദ് ഭക്ഷണവുമായി ബന്ധപ്പെടുത്തിയാണ് വിശദീകരിക്കുന്നത്. ഒരിടത്ത് വിരുന്നു പോയപ്പോൾ തിന്നാൻ കൊടുത്ത കൈതച്ചക്ക ഉസ്താദിന്റെ ഉപ്പ വേണ്ടെന്നു പറയുന്നുണ്ട്. പാവപ്പെട്ടവരുടെ വീടുകളിൽ കൈതച്ചക്ക ഉണ്ടാകാൻ യാതൊരു സാധ്യതയും ഇല്ലാത്ത കാലമാണ്. അപ്പോൾ അതു കിനാലൂർ എസ്റ്റേറ്റിൽ നിന്നു (അനുമതിയില്ലാതെ) പറിച്ചതാകാനേ സാധ്യതയുള്ളൂയെന്നു സംശയിച്ചാണ് ഉപ്പ അതു വേണ്ടെന്നു വെക്കുന്നത്. ഉപ്പാക്ക് പിന്നീടൊരിക്കലും കൈതച്ചക്ക തിന്നാൻ കഴിഞ്ഞിട്ടുണ്ടാകില്ലെന്നൊരു സൂചനയും ഉസ്താദ് പറഞ്ഞുവെക്കുന്നുണ്ട്. ഉപ്പയെക്കുറിച്ചുള്ള ഉസ്താദിന്റെ ഏറ്റവും വേദനാജനകമായ ഓർമയും ഭക്ഷണത്തെ മുൻനിർത്തിയാണ്. ഒരിക്കൽ ഒന്നിച്ചിരുന്നു കഴിക്കുമ്പോൾ കുട്ടികളായ ഉസ്താദും സഹോദരിയും തീറ്റയുടെ വേഗം കുറക്കുന്നുണ്ട്. ഇതു ശ്രദ്ധിച്ച ഉപ്പ കാരണമന്വേഷിച്ചു. ഉപ്പാക്കും തിന്നാൻ അൽപ്പം വെക്കണമെന്ന ഉമ്മയുടെ നിർദേശപ്രകാരമാണ് വേഗത കുറച്ചതെന്ന രഹസ്യം കുട്ടികൾ വെളിപ്പെടുത്തി. അതുപ്പയെ സങ്കടത്തിലുമാക്കി. അന്നു രാത്രി ഉപ്പ തന്നെ കുട്ടികൾക്ക് ചോറ് വാരിക്കൊടുത്തു. ആ രഹസ്യം പറഞ്ഞില്ലായിരുന്നെങ്കിൽ ആ രാത്രിയെങ്കിലും ഉപ്പയുടെ വയറ് നിറയുമായിരുന്നല്ലോ എന്നാണ് ഉസ്താദ് പിന്നീട് സങ്കടപ്പെടുന്നത്. ‘അതോർക്കുമ്പോൾ ഇപ്പോഴും നട്ടെല്ലിലൂടെ ഒരു മരവിപ്പ് പായും’ എന്നാണ് ഉസ്താദ് എഴുതിയിരിക്കുന്നത്.
എന്നാൽ ഈ ആത്മകഥയിൽ ഏറെ നിറഞ്ഞുനിൽക്കുന്ന കഥാപാത്രം പൂനൂരിലെ പഞ്ചാരമാങ്ങയുടെ സ്വാദാണ്. ഉസ്താദിന്റെ ഉപ്പ വിലകൊടുത്ത് വാങ്ങിയ സ്വന്തം ഭൂമിയിൽ നിലത്തുവീണ മാങ്ങ പെറുക്കാൻ വന്ന അയൽപ്പക്കത്തെ കുട്ടികളെ തടഞ്ഞ നാട്ടിലെ ജന്മിച്ചെക്കന്മാരുടെയും അവരെ പ്രതിരോധിച്ചു മാങ്ങാച്ചുവടിനെ സ്വാതന്ത്രമാക്കിയ കുട്ടിയായ ഉസ്താദിന്റെയും കഥ, മലബാറിലെ മുസ്‌ലിം ചരിത്രത്തിലെ സംഭവബഹുലമായ ഒരു ഘട്ടത്തിന്റെയും അതിന്റെ പരിണാമത്തിന്റെയും സൂചനകളെ ഉൾവഹിക്കുന്നുണ്ട്. ജന്മിമാരെക്കുറിച്ചുള്ള ഓർമയിലും നിറഞ്ഞു നിൽക്കുന്നത് നാട്ടിലെ പാവപ്പെട്ടവർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സ്വാദിഷ്ടമായ മാങ്ങയും സുഗന്ധം നിറഞ്ഞ പൂന്തോട്ടവും നിറഞ്ഞ ജന്മിയുടെ തറവാടിന്റെ ചിത്രമാണ്. പിൽക്കാലത്ത് ഉസ്താദ് ആ തറവാട് വിലക്കു വാങ്ങി നാട്ടുകാർക്കായി തുറന്നുകൊടുത്തു. ഒരുകാലത്ത് ജന്മിമാരുടേത് മാത്രമായിരുന്ന ആ രുചിയും മണവും എല്ലാവരുടേതുമാക്കിക്കൊടുത്തു കൂടിയാണ് ഉസ്താദ് സാമൂഹിക മാറ്റം സാധ്യമാക്കിയത്.
ഉപ്പയുടെ സൂക്ഷ്മതയെ ഉസ്താദ് ഭക്ഷണവുമായി ബന്ധപ്പെടുത്തിയാണ് വിശദീകരിക്കുന്നത്. ഒരിടത്ത് വിരുന്നു പോയപ്പോൾ തിന്നാൻ കൊടുത്ത കൈതച്ചക്ക ഉസ്താദിന്റെ ഉപ്പ വേണ്ടെന്നു പറയുന്നുണ്ട്. പാവപ്പെട്ടവരുടെ വീടുകളിൽ കൈതച്ചക്ക ഉണ്ടാകാൻ യാതൊരു സാധ്യതയും ഇല്ലാത്ത കാലമാണ്.
മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വിശ്വാസപൂർവം തുറന്നിടുന്ന വഴികൾ പലതാണ്; ശബ്ദത്തിന്റെ, രുചിയുടെ, സുഗന്ധത്തിന്റെ, ഇന്ദ്രിയാനുഭവങ്ങളുടെ ഉടമസ്ഥാവകാശങ്ങളുടെ, അതിന്റെ പരിണാമങ്ങളുടെ.. അങ്ങനെയങ്ങനെ വായിച്ചും കേട്ടും തൊട്ടും മാത്രമല്ല, രുചിച്ചും മണത്തും കൂടി അനുഭവിക്കാൻ കഴിയുന്നതാണ് വിശ്വാസപൂർവത്തിന്റെ ഉള്ളടക്കം. ഇന്ദ്രിയാനുഭവങ്ങൾ ഒരാളിൽ, ഒരു സമൂഹത്തിൽ, ഒരു കാലഘട്ടത്തിൽ പ്രവർത്തിക്കുന്നതെങ്ങിനെ എന്ന് ഈ ഉള്ളടക്കത്തിൽ നിന്നു വായിച്ചെടുക്കാൻ കഴിയും. അങ്ങനെ കൂടിയാണ് “വിശ്വാസപൂർവം” ഉസ്താദിന്റെ ആത്മകഥയും മലബാർ മുസ്‌ലിംകളുടെയും ജീവചരിത്രമാകുന്നത്.
വിശ്വാസപൂര്‍വം; എന്റെ വായനയിലെ വ്യക്തിപരമായൊരനുഭവം
വിശ്വാസപൂര്‍വം വായനയുടെ പകുതി പിന്നിടുമ്പോള്‍ ഉസ്താദ് തന്റെ അജ്മീര്‍ യാത്രയുമായി ബന്ധപ്പെട്ട് ഒരനുഭവം പങ്കുവെക്കുന്നുണ്ട്. സുന്നിടൈംസിനു പുറമെ, 1965ല്‍ കെ വി മുഹമ്മദ് മുസ്‌ലിയാരുടെ കീഴില്‍ തിരൂര്‍ ആസ്ഥാനമായി പ്രസിദ്ധീകരിക്കുകയും പിന്നീട് പ്രസിദ്ധീകരണം നിലക്കുകയും ചെയ്ത അല്‍ ബുര്‍ഹാന്‍ മാസി ഏറ്റെടുത്തു നടത്താൻ എസ് വൈ എസ് തീരുമാനിച്ചു. രണ്ടു പ്രസിദ്ധീകരണങ്ങള്‍ക്കും ബോംബെയില്‍ നിന്ന് വരിക്കാരെ കണ്ടെത്തലടക്കമുള്ള സംഘടനയുടെ ലക്ഷ്യങ്ങളണ് ഉസ്താദിന്റെ യാത്രാ ഉദ്ദേശ്യം. ഈ സംഭവം വിവരിക്കുന്നിടത്ത് ഉസ്താദ് ഒരനുഭവം പങ്കുവെക്കുന്നുണ്ട്. വളരെ ആഗ്രഹത്തോടെ ഉസ്താദ് തയ്പ്പിച്ചൊരു ടെര്‍ലിന്റെ വസ്ത്രം ആദ്യമായി അജ്മീറിലെത്തിയപ്പോള്‍ ധരിച്ചതും ആവേശത്തോടെ ദര്‍ഗയിലേക്ക് പോയതും മറ്റും. ആ സമയത്ത് ദര്‍ഗയിലേക്കുള്ള വഴമധ്യേ ഒരാള്‍ വഴിയില്‍ കിടക്കുന്നതു കാണുകയും അയാള്‍ ഉസ്താദിനോട് ആ വസ്ത്രം തനിക്ക് തരുമോയെന്നു ചോദിക്കുകയും ചെയ്തു. ഒരു സങ്കോചവും കൂടാതെ ഉസ്താദ് വസ്ത്രം ഊരിക്കൊടുത്തു.
എപി ഉസ്താദിന്റെ പ്രഭാഷണങ്ങളില്‍ നിന്നു തന്നെ നേരിട്ടും മറ്റുള്ള പലരില്‍ നിന്നും എപി ഉസ്താദിന്റെ അനുഭവമായിട്ടും ഞാനീ സംഭവം കേട്ടിരുന്നു. എന്നാല്‍ ഉസ്താദിന് ഈ സ്വഭാവഗുണം എവിടെ നിന്നു ലഭിച്ചുവെന്നു സൂചന നല്‍കുന്ന സമാനമായൊരനുഭവം ഈ പുസ്തകത്തില്‍ തന്നെ മറ്റൊരിടത്ത് പങ്കുവെക്കുന്നുണ്ട്. സാധാരണ ഒരു പുസ്തകം വായിക്കുമ്പോള്‍ താത്പര്യപ്പെടുത്തുന്ന വല്ലതും കണ്ടാല്‍ കുറിച്ചുവെക്കുന്ന സ്വഭാവമെനിക്കുണ്ട്. എന്നാല്‍ ഈ സംഭവത്തിന് സമാനമായ അനുഭവം മറ്റൊരിടത്ത് വന്നത് ഞാന്‍ കുറിച്ചുവെച്ചില്ല. കാരണം പുസ്‌കത്തില്‍ പറയുന്ന പല അനുഭവങ്ങളിലും ഒന്നുമാത്രമായിരുന്നു അജ്മീര്‍ അനുഭവം. വായനക്ക് ശേഷം പരസ്പരം സമാനതയുള്ള അനുഭവമെന്ന താത്പര്യം എന്നില്‍ ജനിച്ചു. ചുരുക്കത്തില്‍ പേജ് നമ്പറും സംഭവവും ലഭിക്കാന്‍ വേണ്ടി ഞാന്‍ പുസ്തകം പലതവണ തലങ്ങും വിലങ്ങും പരതി. കിട്ടിയില്ല. അവസാനം ഒരു കൗതുകത്തിന് വേണ്ടി, ഉസ്താദിന്റെ ഏതോ ഒരുസ്താദില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായതെന്ന് എനിക്ക് ഓര്‍മയുണ്ട്. പേരറിയില്ലായിരുന്നു. ആ ഉസ്താദിനെ മനസ്സില്‍ കരുതി ഞാന്‍ ഫാതിഹ ഓതിയ ശേഷം കണ്ണടച്ചുപ്പിടിച്ചു പേജു മറിച്ചു. 127-ാം പേജ് മറിഞ്ഞു. കൃത്യം ആ പേജിലുണ്ടായിരുന്നു, ഞാന്‍ മനസ്സില്‍ കരുതിയ സംഭവം. പോക്കര്‍ക്കുട്ടി ഉസ്താദ് ധൃതിയില്‍ കുട്ടികള്‍ കിതാബ് ഓതികൊണ്ടിരിക്കുന്നതിനിടയിലേക്ക് കയറിവന്നു ചോദിക്കുന്നു: കുറച്ചു നേരത്തേക്ക് ഇടാന്‍ ആരുടെയെങ്കിലും കൈയില്‍ ഡ്രസ്സുണ്ടോ. കുട്ടത്തിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥി അദ്ദേഹത്തിന്റെ ഡ്രസ്സെടുത്ത് ഉസ്താദിന് കൊടുക്കുകയും ഉസ്താദ് താന്‍ ഊരിയ വസ്ത്രം അഴിച്ച് കടലാസില്‍ പൊതിഞ്ഞ് ആ വിദ്യാര്‍ത്ഥിയുടെ വസ്ത്രം ധരിച്ച് തിരികെ ഇറങ്ങിപ്പോവുകയും ചെയ്യുന്നുണ്ട്. കൗതുകം തോന്നിയ വിദ്യാര്‍ത്ഥികള്‍ ഉസ്താദിന്റെ പിറകെപ്പോയപ്പോഴാണ് മാറിധരിക്കാന്‍ വസത്രമില്ലാതിരുന്ന ഒരാള്‍ക്ക് ആ പൊതി കൈമാറുന്നത് അവര്‍ കണ്ടത്. ഇത്തരത്തില്‍ തന്റെ ഗുരുനാഥരില്‍ നിന്നും ജീവിത സാഹചര്യങ്ങളില്‍ നിന്നും ആര്‍ജിച്ചെടുത്ത സ്വഭാവഗുണങ്ങളിലൂടെയാണ് തന്റെ ജീവിതം ഉസ്താദ് കെട്ടിപ്പടുത്തതെന്നു പുസ്തകം നമ്മോടു പറയുന്നുണ്ട്.
ഉസ്താദിന്റെ അപരബഹുമാനം അപാരമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി സമര്‍പ്പിതമായ ആ ജീവിതം കണ്ടുവളര്‍ന്ന ഒരു സമൂഹത്തോട് അത് വീണ്ടും എടുത്തു പറയേണ്ടതില്ല. എങ്കിലും ഭാവി തലമുറക്ക് മുമ്പില്‍ ആ ജീവിതത്തിന്റെ മനോഹരമായ ഏടുകള്‍ കുറിച്ചുവെക്കുന്നത് ചരിത്രരേഖയാണ്.
ഏകദേശം രണ്ടു മണിക്കൂറോളം ഉസ്താദ് വീട്ടിലുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ആരും കാണാതെ ഉസ്താദ് ഒരു കവറ് എന്റെ കൈയിൽ വെച്ചുതന്നു. രാത്രി തിരക്കൊഴിഞ്ഞതിന് ശേഷമാണ് ഞാനാ കവറ് തുറക്കുന്നത്.
പുസ്തകത്തില്‍ ദാരിദ്ര്യം കാരണമായി ഉസ്താദിന് ഒരു വിവാഹം മുടങ്ങിയ സംഭവം വിവരിക്കുന്നുണ്ട്. പിന്നീട് മക്കളുടെ കല്യാണ സമയത്തും മറ്റും ഉസ്താദ് സ്വയം ആ സംഭവം ഓര്‍ക്കും. മരുമക്കളെക്കുറിച്ച് ആരെങ്കിലും അവര്‍ക്ക് സാമ്പത്തിക ഭദ്രതയില്ലായെന്ന് പറഞ്ഞാല്‍ ഉസ്താദ് തൻ്റെ അനുഭവം അവര്‍ക്ക് മുമ്പില്‍ ഉദാഹരിക്കും. പുസ്തകത്തിന് പുറത്തും ഉസ്താദ് മറ്റുള്ളവരുടെ വിവാഹം ഒരുക്കുന്നതില്‍ ശ്രദ്ധിക്കാറുണ്ടെന്ന് തോന്നിയിട്ടുണ്ട്. ശിഷ്യന്മാരും അല്ലാതെയും പലരും ഉസ്താദ് അവരുടെ വിവാഹത്തിലിടപ്പെട്ട സംഭവം വിവരിക്കാറുണ്ട്. നല്ല വാക്കുകള്‍ കൊണ്ടും, സാമ്പത്തികമായും, കാര്‍മികത്വം വഹിച്ചും അങ്ങനെ പലതിലൂടെയും ഉസ്താദ് ആയിരങ്ങളുടെ സന്തോഷ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. ഒരു പക്ഷെ, അവിവാഹിതരായ ആ ചെറുപ്പക്കാര്‍ കടന്നുപോകുന്ന മാനസികാവസ്ഥയുടെ വ്യഥയും ആധിയും തനിക്ക് കൃത്യമായറിയാമെന്ന ഉത്തമബോധ്യത്തില്‍ നിന്നായിരിക്കണം ഉസ്താദ് അങ്ങനെ ചെയ്യുന്നത്. വ്യക്തിപരമായും ഇത്തരത്തിലൊരനുഭവമുണ്ട്. 2020 ജനുവരി 26നായിരുന്ന വിവാഹം. റിപ്പബ്ലിക്ക് ഡേ ആയതിനാൽ തന്നെ പൊതു അവധിയാണ്. ഉപ്പയില്ലാത്തതാണ്. ഇക്കാക്കയും ഉമ്മയുമാണ് പിന്നെ കാര്യങ്ങൾ നോക്കാനുള്ളത്. കഴിവിന്റെ പരമാവധി അവർക്ക് ബാധ്യതയുണ്ടാവരുതെന്ന നിർബന്ധമുണ്ടായിരുന്നു. സ്വരുക്കൂട്ടിയതും മറ്റുമായി കുറച്ചെല്ലാം പണമുണ്ടായിരുന്നെങ്കിലും അത് തികയില്ലായെന്ന നല്ല ബോധ്യമുണ്ട്. ആ ആധിയുമായാണ് വിവാഹ ദിവസത്തിലേക്ക് പുലർന്നതും, അതുവരെയുള്ള ദിവസങ്ങളെ ചിന്തിച്ചു കൂട്ടിയതും.
ശൈഖുന സുൽത്വാനുൽ ഉലമ വിവാഹത്തിന് ചിലപ്പോൾ വരാമെന്ന് ഇക്കാക്ക തലേന്നാണ് പറഞ്ഞത്. (അവന്റെ ഭാര്യയുടെ വലിയുപ്പയാണ് ഉസ്താദ്). അതൊരു വിദൂരസാധ്യത മാത്രമാണെന്നായിരുന്നു ഉസ്താദ് വീട്ടിലെത്തുന്നത് വരേയുള്ള എന്റെ ചിന്ത. ഉസ്താദ് വന്നു. ദുആ ചെയ്തു, ഒരുപാട് നേരം സംസാരിച്ചു. എന്നെ അടുത്തിരുത്തി ഭക്ഷണം കഴിച്ചു, ഉസ്താദിന്റെ പ്ലേറ്റിൽ നിന്നും ചില വിഭവങ്ങൾ എനിക്കും സന്തോഷത്തോടെ വിളമ്പിത്തന്നു.
ഏകദേശം രണ്ടു മണിക്കൂറോളം ഉസ്താദ് വീട്ടിലുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ആരും കാണാതെ ഉസ്താദ് ഒരു കവറ് എന്റെ കൈയിൽ വെച്ചുതന്നു. രാത്രി തിരക്കൊഴിഞ്ഞതിന് ശേഷമാണ് ഞാനാ കവറ് തുറക്കുന്നത്. അൽഹംദുലില്ലാഹ്, എന്റെ ആധികളെ അകറ്റാൻ സാഹയകമായ ഒരു തുക അതിലുണ്ടായിരുന്നു. ഉസ്താദുമായിട്ട് വ്യക്തിപരമായി അടുപ്പമോ ശിഷ്യബന്ധമോ ഒന്നും എനിക്കില്ല. പക്ഷെ, ആവശ്യക്കാരന്റെ മനസ്സറിയുന്ന ഒരു വിശാലഹൃദയം ഉസ്താദിനുണ്ടെന്ന് അന്ന് നേരിട്ടറിഞ്ഞതാണ്.
ഇതുപോലെ, കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ഭാര്യപിതാവ് ഉസ്താദിനോട് അവരുടെ മറ്റൊരു മകളുടെ വിവാഹം പറയാൻ പോയപ്പോൾ “പണം വല്ലതും ആയിട്ടുണ്ടോ…” ന്ന് ചോദിച്ച് ഉസ്താദ് നല്ലൊരു സംഖ്യ അദ്ദേഹത്തിന് കൊടുത്ത അനുഭവം അവൻ പങ്കുവെച്ചു. എനിക്കും ഇതുപോലൊരു അനുഭവമുണ്ടല്ലോയെന്ന് അപ്പോഴാണോർത്തത്.
അപരനെ ഉൾക്കൊള്ളാനുള്ള ഉസ്താദിന്റെ മനസ്സിന്റെ വിശാലത അനിർവചനീയമാണ്. മറ്റൊരാളിൽ കണ്ടുകിട്ടൽ അപൂർവമായത്. ഉസ്താദിന്റെ ആത്മകഥയായ വിശ്വാസപൂർവം വായിച്ചാൽ വരികൾക്കിടയിൽ ആവർത്തിച്ചാവർത്തിച്ച് മനുഷ്യസ്നേഹിയായ ആ മനസ്സ് പലയിടത്തും വെമ്പൽക്കൊണ്ടത് നമുക്കു കാണാൻ സാധിക്കും.


