അങ്ങ് നിരക്ഷരനായിരുന്നെന്ന്
പറയുന്നുവല്ലോ,
ആയിരിക്കാം
അക്ഷരങ്ങളോളമല്ലേയുള്ളു
സാക്ഷരൻ.
എഴുതിയതേ അവനു വായിക്കാനാവൂ..
അങ്ങ് വായിച്ചത് മുമ്പാരും എഴുതാത്തത്.
അങ്ങ്, അതുവരെ ആരും കേട്ടിട്ടില്ലാത്തത് കേട്ടു.
അതിൻ്റെ ഭാരത്തിൽ
അങ്ങയെ വഹിച്ച ഒട്ടകത്തിന്റെ കുളമ്പ്
മണലിൽ താണു
അവിടുത്തെ ചൂഴ്ന്ന പ്രകാശം
അപ്പപ്പോളുദിച്ച വാക്കുകളിൽ
അങ്ങ് വാങ്ങി വെച്ചു.
നിരക്ഷരനല്ലാതെ
ഈ വിധത്തിലുള്ള നിരക്ഷരത
നീക്കാനാകുമോ !
