പ്രവാചകന്‍ ഹിറാ ഗുഹയിൽ
പതിവുപോലെ ധ്യാനത്തിൽ
ഇരിക്കുകയായിരുന്നു.
ജബൽ അൽ നൂർ
കയറിവന്ന അനാഥനായ
ഒരു ഉറുമ്പ്,
അദ്ദേഹത്തിൻ്റെ കണ്ണിൽപെടാനായി
കാത്തുനിന്നു.
ധ്യാനം കഴിഞ്ഞ്
കാരുണ്യം നിറഞ്ഞ
കണ്ണുതുറന്നയുടൻ
പ്രവാചകൻ ഉറുമ്പിനോട് ചോദിച്ചു
നീ മുബശ്ശിറോ, നദീറോ
ഉറുമ്പ് പറഞ്ഞു,
വെറും ബഷീർ
എല്ലാ ജീവികളെയും പോലെ
ഒരു ദൂതൻ,
ഞാനും അങ്ങയെപ്പോലെ അനാഥനാണ്
അലഞ്ഞുതിരിഞ്ഞ് കുറെദിവസമെടുത്തു
മലകയറി വന്നവൻ
നീ ഒറ്റയ്ക്ക് വന്നപ്പോൾ തന്നെ എനിക്ക് തോന്നി നിങ്ങൾ എപ്പോഴും കൂട്ടംകൂടി നടക്കുന്നവരാണല്ലോ ഇങ്ങനെ പറഞ്ഞു പ്രവാചകന
ഗുഹയിലെ ഒരു കൽത്തരിയെടുത്ത്
ഉറുമ്പിനു മുന്നിലേക്ക് നീക്കിവെച്ചു
അത് പഞ്ചസാരയായി മാറിയിരുന്നു
ഇതിനു മധുരമുണ്ടല്ലോ
ഉറുമ്പ് വിസ്മയിച്ചു
ദയയോടെ നൽകുന്ന എന്തും മധുരിക്കും!
അത് ജിബ്രീൽ പറയും മുമ്പെ
എന്നെ വളർത്തിയവരിൽ നിന്ന്
ഞാൻ പഠിച്ചു
പ്രവാചകൻ അരുളിച്ചെയ്തു
ഈ സംഭാഷണം
അദൃശ്യനായി കേട്ടുനിന്ന മാലാഖ
പതുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു
ജീവിതം തന്നെയാണ്
ഏറ്റവും നല്ല ആയാതുകൾ നൽകുന്നത്
മനുഷ്യർ അത് കേൾക്കുന്നില്ലെന്നേയുള്ളൂ
അതുകൊണ്ടാണ് നൂറിന് ഭൂമിയിലേക്ക്
പുതുക്കീറുകൾ പോലെ
പ്രവാചകരെ അയക്കേണ്ടി വരുന്നത്
ഒരു ഉറുമ്പിന് പോലും
മനുഷ്യരെ ചിലത് പഠിപ്പിക്കാൻ കഴിയും
ഒരുമ, അധ്വാനം, വിനയം
അത് മറ്റുള്ളവരെ കടിക്കുന്നതു പോലും ഉപദ്രവം ഭയന്ന് മാത്രമാണ്
പ്രിയപ്പെട്ട മുഹമ്മദ്
മക്കയിൽ നിന്ന് നിനക്ക് മദീനയിലേക്ക് ഓടിപ്പോകേണ്ടിവരും
അപ്പോഴും അൽ അമീനായ
ഈ ഉറുമ്പ് നിന്നെ അനുഗമിക്കും
പ്രവാചകനും ഉറുമ്പും ധ്യാനത്തിൽ അമർന്നു.
ഒരേ വെളിച്ചം തങ്ങളിൽ
വീഴുന്നത് അവർ കണ്ടു
അറേബ്യയിലെ സൂര്യൻ,
ഉറുമ്പ് പറഞ്ഞു
ഭൂമിയുടെ സൂര്യൻ,
പ്രവാചകൻ തിരുത്തിപ്പറഞ്ഞു
ചരാചരങ്ങളുടെ സൂര്യൻ,
പർവ്വതം തൻ്റെ വായയായ
ഗുഹയിലൂടെ മുഴങ്ങുന്ന
ശബ്ദത്തിൽ പ്രതിവചിച്ചു
