പ്രയാണം

ഹിറയുടെ സ്വർഗത്തിലേക്ക്
അരിച്ചരിച്ച് കയറി വന്ന
തണുപ്പറിഞ്ഞിട്ടുണ്ടാകുമോ
സാമീപ്യത്തിന്റെ സുകൃതം…

ഇരുളിന്റെ പൊരുളിൽ
അണച്ചുപിടിച്ചത്…
ചൂട് പകർന്നത്…
ചുമലിലൊരു ഉമ്മത്തിനെ
മൊത്തമേറ്റി വെച്ചത്.

പ്രണയത്തിന്റെ
മേഘങ്ങളിൽ
വന്നുമ്മ വെച്ചൊരു കാറ്റെത്തി
പുതപ്പിച്ച് സമ്മിലൂനിക്ക്
ജവാബ് ചൊല്ലി.

കാറ്റിൽ പാറുന്ന
മഴത്തുള്ളികളിൽ നിന്ന്
പാരിലാകെ
കസ്തൂരി പരക്കുന്നു.

അനന്തരം
വേര് മുളച്ച്,
ഇല പൊട്ടി,
ചില്ല പടർന്ന്
റഹ്മതുൽലിൽ ആലമീനായ കാറ്റിൽ
സർവ്വം പ്രണയത്തെ രുചിച്ചു,
വാരിപ്പുണർന്നു.

ഗാർ സൗർ കടന്ന്
മരുഭൂമണലിൽ
പരീക്ഷണത്തിന്റെ പരപ്പിൽ
വെച്ച ചുവടുകൾ പതിഞ്ഞ്
ഭൂമിക്ക് പൊള്ളലേറ്റു.
ഓരോ അണച്ചുപിടിക്കലിലും
മറഞ്ഞു കിടക്കുന്ന
ഞെട്ടൽ പോലെ.
ഓരോ ചുംബനങ്ങളിലും
ഒളിപ്പിച്ചുവെച്ച
തീച്ചൂട് പോലെ.

ഭൂമിയിലാഴത്തിൽ പതിച്ച
ഹിജ്റയുടെ ചുവടുകൾക്ക് മേൽ
അന്ന് ഹിറയിലേറ്റി വെച്ച
ഭാരത്തിന്റെ മുദ്രകൾ
മായാതെ കിടക്കുന്നു.

ഉഹ്ദിന് ഭാരമേറുന്നു,
ഇറ്റിവീണ
ഓരോ തുള്ളി രക്തത്തിലും
കണ്ണടച്ചു പിടിച്ച് കരഞ്ഞത്.

മുത്ത് മേനിയിൽ
പാട് തീർത്തതിന്റെ
വേദനയേറ്റ്
ഉഹ്ദിലെ കല്ലുകളത്രയും
ആത്മഹത്യ ചെയ്തു.

സിദ്റതുൽ മുൻതഹയിലെ
ഇലകൾ കണക്കെ,
അന്തിമാനത്തെ
താരകങ്ങൾ പോലെ
എത്രയെത്ര കവിതകളാണ്
ഞാനിനിയും പാടേണ്ടത് !

റഹ്മതുൽ ലിൽ ആലമീനായവരേ,
അങ്ങയിൽ പ്രതീക്ഷ.

മിദ്‌ലാജ് തച്ചംപൊയിൽ

മിദ്‌ലാജ് തച്ചംപൊയിൽ

2023 ലെ മാതൃഭൂമി വിഷുപ്പതിപ്പ് കവിത പുരസ്‌കാര ജേതാവ്

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!