വാണിയമ്പലം റെയിൽവേസ്റ്റേഷനിൽ
ഉച്ചക്കൊന്നേമുക്കാലിന്റെ
വണ്ടിയിൽ
പള്ള ചാടിയ ജനറൽ ബോഗീന്നിറങ്ങിപ്പോണ്
ചില്ലിട്ട ഒരു മക്കാ ചിത്രം.
ചുമരിലേക്ക് പടർത്തുവോളം
വരണ്ട മാറിൽ ഏറ്റിയ പട്ടണവുമായി
വീട്ടിലേക്ക്
ആഞ്ഞാഞ്ഞുടലു തള്ളി ഒരിരുമ്പത്തിപ്പെണ്ണ്,
അമ്പത്ത്രണ്ടു വയസ്സ്.
ചില്ലിട്ടു കേറിവരും
പട്ടണങ്ങളായ പട്ടണങ്ങളൊക്കെ
ഏതെളിയിൽ പേറുമെന്ന ദുഃഖത്തിൽ
നാട്ടിലെ വീടുകൾ
വാർദ്ധക്യ പെൻഷനപേക്ഷിക്കുന്നു.
മക്ക, മദീന, മുഹമ്മദീയൻ നാടാന്തരങ്ങൾ.
ചുമന്നും ചുമച്ചും ഞങ്ങടെ ചുമരുകൾ.
അവക്കു ചുറ്റും ത്വവാഫ് ചെയ്ത്
പല്ലികൾ, പ്രാണികൾ,
നിസ്കാരക്കൊതുകുകൾ.
ഓരോരുത്തരും അവർക്കറിയാവുന്ന ഭാഷയിൽ
വീടിന്റെ പള്ളക്കിരുന്ന്
പട്ടിണിയെ
വിരുന്ന് വിളിച്ചു.
ഉച്ചക്ക്,
മദീനയിലേക്കൊരു കുറുക്കുവഴി പോലും
വെട്ടാത്ത
മുൻകാമികളെ അറഞ്ചം പുറഞ്ചം ശപിച്ച്
ഒരുമ്മൂമ്മ ശ്വാസമഴിച്ചു.
ആർക്കാർക്കും വിലക്കില്ലാത്ത
മരണവീടിന്റെ ചുമര്
ഒരു മക്കാ ചിത്രം താഴെയിട്ടുടച്ചു.
വീട്,
ഇരട്ടകളൊഴിഞ്ഞ വയറ് പോലെ.
അടുക്കളപ്പാട്ടുകളിൽ
“നബിയെ കണ്ടോയെന്ന്”
കെ.ജി സത്താർ അലറിക്കരഞ്ഞു.
വയ്യ,
ഒരിക്കലും
നേരിൽ കാണില്ലെന്നുറപ്പിച്ച
ഉമ്മമാർ, അമ്മായിമാർ, മൂത്തുമ്മമാർ
കിനാവു കണ്ടേക്കാമെന്ന സാധ്യതക്ക്
തിരിഞ്ഞും മറിഞ്ഞും കിടന്നു കൊടുത്തു.
കന്യകത്വം പൊട്ടിച്ചെടുത്ത്
രാത്രിക്കുരാത്രി
കിനാവുകൾ പറമ്പുവിട്ടോടി.
പുൽപ്പായകളിൽ
ഉറക്കത്തിന്റെ വിയർപ്പ് കെട്ടിമണത്തു.
കാഴ്ച്ച നഷ്ടപ്പെട്ട
നാട്ടിലെ ആമിനമാർ, ഖദീജമാർ, പാത്തുമ്മുമാർ
ചുമന്ന പട്ടണങ്ങൾ തിരഞ്ഞ്
ഓരോ ഇരമ്പങ്ങളിൽ
മുറ്റത്തിറങ്ങി നോക്കി.
അവരെത്തൊടാതെ പറന്നു പോകുന്നു
എയറിന്ത്യകൾ.

