പ്രവാചകപാഠങ്ങളിലേക്കൊരു നിഷ്പക്ഷ വീക്ഷണം

സ്വന്തം ജീവിതരീതിക്കും വിശ്വാസത്തിനുമപ്പുറത്തുള്ള ഏതൊന്നിനെയും സംശയത്തോടെ വീക്ഷിക്കുന്നവനാണു മനുഷ്യൻ. ഞാനും എന്റെ തിരഞ്ഞെടുപ്പും മാത്രമാണു ശരിയെന്ന സ്വാർത്ഥത മനുഷ്യന്റെ കൂടപ്പിറപ്പാണ്. ഈ മാനസികാവസ്ഥയിൽ നിന്നു മോചിതനായി വ്യത്യസ്ത ആശയദർശങ്ങളെ മനസ്സിലാക്കി, ഉൾക്കൊള്ളലിന്റെ തുറസ്സായ ലോകത്തേക്ക് ചിന്ത വിശാലമാക്കുമ്പോഴാണ് നമ്മൾ യഥാർത്ഥ സാമൂഹിക ജീവിയാകുന്നത്. ആ ദൗത്യം കൃത്യമായി നിർവഹിക്കുകയാണ് ‘മുഹമ്മദ് ദി പ്രൊഫറ്റ് ഓഫ് ഇസ്‌ലാം ‘എന്ന കൃതിയിലൂടെ പ്രൊ. കെ എസ് രാമകൃഷ്ണറാവു. പ്രവാചകർ മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തെ, പ്രസ്തുത രചനയിലൂടെ ചരിത്രത്തോടു നീതിപുലർത്തുന്ന രീതിയിൽ അദ്ദേഹം പഠനവിധേയമാക്കുന്നുണ്ട്. നബിജീവിതത്തിന്റെ ഉൾപ്പൊരുളുകൾ പകർന്നുനൽകിയ പാഠങ്ങൾ, അനുവർത്തിച്ച ചര്യകളെല്ലാം വ്യക്തമാക്കുന്നതിലൂടെ തിരുനബി(സ്വ) ഒരു അപൂർവ പ്രതിഭാസമാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. നബി വിമർശനങ്ങളിലെ പൊള്ളത്തരങ്ങളെയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. വിമർശനങ്ങളെ പ്രവാചകരുടെ വാക്യങ്ങളിലൂടെയും ജീവിത തെളിവുകളിലൂടെയും നേരിടുന്നതാണ് പുസ്തകത്തിൻ്റെ ശൈലി.

പ്രവാചകരെ ഇതിവൃത്തമാക്കി നിരവധി രചനകൾ പുറത്തിറങ്ങിയിട്ടുണ്ട്. അവകളിൽ തിരുനബിയുടെ അധ്യാപനങ്ങളെ ചർച്ച ചെയ്യുന്നതും നബിജീവിതത്തിലെ ചരിത്രസംഭവങ്ങൾ പറയുന്ന കൃതികളും അവിടുത്തെ ഐഡിയോളജിയെ സംബന്ധിച്ചുള്ള പഠനങ്ങളുമൊക്കെയായി ധാരാളമുണ്ട്‌. എന്നാൽ പ്രൊ. രാമകൃഷ്ണ റാവു ഏതെങ്കിലും ഒരു മേഖലയെ സ്പർശിച്ചു പ്രവാചകരെന്ന സാഗരത്തെ ചുരുക്കിക്കെട്ടുന്നില്ല. മറിച്ച്, പ്രവാചകജീവിതത്തിലെ സർവതും അദ്ദേഹത്തിന്റെ എഴുത്തിൽ കടന്നുവരുന്നുണ്ട്. നബി(സ്വ)യുടെ സവിശേഷതകൾ പറയുമ്പോൾ തന്നെ, ഇസ്‌ലാമിന്റെ സർവലൗകിക സാഹോദര്യത്തെ കൂടി വ്യക്തമാക്കുന്നതാണ് പുസ്തകം. ദീർഘനേരം ഇസ്‌ലാമിന്റെ തത്ത്വങ്ങളെ വിശകലനം ചെയ്ത് സരോജിനി നായിഡുവും, ചാൾസ് എഡ്വേർഡ് ഹാമിൽട്ടനും, മാസിഗ്നനുമടങ്ങുന്ന പ്രമുഖരുടെ വാക്കുകളിൽ അതിനു വിശദീകരണം നൽകുന്നു. ഇതരത്തിൽ പ്രവാചക ജീവിതത്തിലെ പല വഴികളിലൂടെയുള്ള സഞ്ചാരമാണ് ‘മുഹമ്മദ് ദി പ്രൊഫറ്റ് ഓഫ് ഇസ്‌ലാം’.

പുസ്തകത്തിന്റെ ആദ്യഭാഗത്ത് മറ്റൊരു മതത്തിന്റെ പ്രവാചകനെക്കുറിച്ച് എഴുതുന്നതിലെ ആശങ്കകളും രചയിതാവിൻ്റെ മറുപടിയുമാണു ചർച്ച. മനുഷ്യന്റെ വൈകാരികമായ മനസും ചിന്തയും മതത്തെ പുറമെനിന്ന് ആരെയും തൊടാൻ അനുവദിക്കാത്ത രീതിയിൽ ആവരണം ചെയ്തതായി അദ്ദേഹം ആശങ്കപ്പെടുന്നു. എന്നാൽ സാമൂഹികജീവിയെന്ന മനുഷ്യ സവിശേഷതയിൽ നിന്നുകൊണ്ട് അയൽവാസിയെക്കുറിച്ച് പഠിക്കുകയെന്ന ആശയമാണ് തന്റെ ആശങ്കകളെ മറികടക്കുന്നത്. സഹജീവികളെ മനസിലാക്കാനും മതങ്ങൾ തമ്മിലുള്ള പരസ്പരധാരണ വർധിപ്പിക്കാനും ഈ ശ്രമം മതിയാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

പിന്നീടുള്ള എല്ലാ അധ്യായങ്ങളിലും വിമർശനാത്മകമായ വിഷയങ്ങളാണു ചർച്ച ചെയ്യുന്നത്. ഇസ്‌ലാമിലെ യുദ്ധങ്ങളാണ് ഒന്ന്. ആത്മരക്ഷയ്ക്കുള്ള മാർഗമായിട്ടാണ് ഇസ്‌ലാമിലെ യുദ്ധങ്ങളെ അദ്ദേഹം പരിചയപ്പെടുത്തുന്നത്. ചുറ്റുപാടുകളാണു പ്രവാചകരെയും അനുയായികളെയും യുദ്ധമെന്ന കയ്പുനീര് കുടിപ്പിച്ചത്. എന്നിട്ടും വർഷങ്ങൾ നീണ്ടുനിന്നിരുന്ന യുദ്ധങ്ങൾക്ക് അറുതിവരുത്തി, പുതിയ യുദ്ധമാതൃകകൾ പ്രവാചകർ സമ്മാനിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പുവരുത്തി. അനാവശ്യമായി ഒരു ചെടിയുടെ ഇലപോലും നിങ്ങൾ പറിക്കരുതെന്നു സഖാക്കൾക്കു താക്കീതു നൽകി. യുദ്ധങ്ങളിലെ പ്രവാചകപാഠങ്ങളെ ഗ്രന്ഥകാരൻ എണ്ണിപ്പറയുന്നതോടൊപ്പം ‘യുദ്ധക്കൊതിയനായ മുഹമ്മദ്’ എന്ന പൊള്ളയായ ഓറിയന്റലിസ്റ്റ് വാദത്തെ പൊളിച്ചെഴുതുക കൂടി ചെയ്യുന്നുണ്ട്.

പ്രവാചകരെ തികഞ്ഞ ജനാധിപത്യവിശ്വാസിയായി പുസ്തകം ചിത്രീകരിക്കുന്നു. ജനാധിപത്യത്തെ അതിന്റെ ഏറ്റവും ഉന്നതമായ രൂപത്തിൽ പ്രയോഗവത്കരിച്ചത് മുഹമ്മദ് നബിയായിരുന്നുവെന്ന് അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ മാതൃകയായി ഖലീഫ ഉമർ(റ), അലി(റ), മൻസൂർ, അബ്ബാസ്(റ), മഅ്മൂൻ തുടങ്ങിയ ഒട്ടേറെ ഖലീഫമാർക്കും രാജാക്കന്മാർക്കും ഇസ്‌ലാമിക കോടതിയിൽ ന്യായാധിപൻ മുമ്പാകെ സാധാരണ പൗരന്മാരെ പോലെ ഹാജരാകേണ്ടി വന്നതിനെയാണ് ഉദാഹരിക്കുന്നത്. വർഗത്തിൻ്റെയും വർണത്തിൻ്റെയും പേരിൽ വേർതിരിവ് രൂക്ഷമായിരുന്ന അറബികൾക്കിടയിൽ പ്രവാചകർ(സ്വ) സമത്വത്തെ ഊട്ടിയുറപ്പിച്ചതും ആധുനിക ജനാധിപത്യ വീക്ഷണങ്ങളെ പോലും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു. അക്കാലത്ത് ഏറ്റവും അഹങ്കാരികളായ അറബികളോട് അടിമയും നിങ്ങളും സമന്മാരാണെന്നു പ്രഖ്യാപിക്കൽ ശ്രമകരമായ ദൗത്യമായിരുന്നുവെന്നു പുസ്തകം പറയുന്നു. ഖുർആനിക സൂക്തങ്ങൾ വലിയതോതിൽ അറബികളെ ആകർഷിച്ചതിന്റെ ഫലമായാണ് പിന്നീടുണ്ടായ മാനുഷിക സമത്വം കൈവരിക്കാൻ സാധിച്ചത്.

സ്ത്രീവിമോചകനായ നവോത്ഥാന നായകനായും അനാഥരെ ചേർത്തു പിടിച്ച മനുഷ്യസ്നേഹിയായും മദീനയിലെ മതേതര നേതാവായും പ്രവാചകരെ ഈ പുസ്തകം അടയാളപ്പെടുത്തുന്നു. മുഹമ്മദ് നബി സർവവും മേളിച്ചൊരു മനുഷ്യരൂപമായി ചിത്രീകരിക്കപ്പെടുന്നു. ഒരേസമയം മദീനയിലെ മസ്ജിദിലിരുന്നു മതം പഠിപ്പിക്കുമ്പോൾ, തിരുനബി ജീവിതത്തിന്റെ തത്വശാസ്ത്രങ്ങൾ കൂടി അനുയായികളിൽ ആഴ്ന്നിറങ്ങുന്നു. ഇസ്‌ലാമിന്റെ ഇന്നോളമുള്ള ഇണക്കമൊത്ത നിലനിൽപ്പിനു ഹേതുവായി ആ അധ്യാപനങ്ങൾ മാറുന്നു.

പ്രവാചക പ്രകീർത്തനങ്ങളുടെ മറ്റൊരാവിഷ്കാരമായി ഈ പുസ്തകം മാറുന്നത് അതിന്റെ ആശയങ്ങളുടെ വണ്ണം കൊണ്ടുതന്നെയാണ്. ചുരുങ്ങിയ വാക്കുകൾക്കുള്ളിൽ വിശാലമായ അർത്ഥങ്ങൾ വായനക്കാരനു സമ്മാനിക്കുന്നുണ്ട്. ‘മുഹമ്മദ് മഹാനായ പ്രവാചകൻ’ എന്ന തലവാചകത്തിൽ ഈ പുസ്തകം പ്രൊ. കമാലുദ്ദീൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. സരളമായ ഭാഷയിൽ കാമാലുദ്ദീൻ ആ പുസ്തകത്തെ കൈകാര്യം ചെയ്തിട്ടുമുണ്ട്. നബിജീവിതത്തിൻ്റെ പല തലങ്ങളെ നിഷ്പക്ഷമായി വിലയിരുത്തിയ ഒരു അന്വേഷണ കുതുകിയുടെ മൂല്യമേറിയ രചനയാണ് ഈ പുസ്തകം.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!