ജീവിതം സമ്പൂർണമാക്കുന്നതിനു പിന്നാമ്പുറങ്ങൾ തേടി അലയുകയാണ് മനുഷ്യൻ. അധികാരം, സമ്പത്ത്, സ്ത്രീ ഇവയിലൊതുങ്ങുന്ന സമ്പുഷ്ടമായ ജീവിതമെന്നാണ് മനുഷ്യൻ്റെ കാഴ്ചപ്പാട്. എന്നാൽ നബിജീവിതത്തിൽ നിന്ന് ഉദാഹരണങ്ങൾ നിരത്തി ജീവിത വിജയത്തിന്റെ വഴികൾ പറയുകയാണ് പ്രബോധകനും പരിശീലകനുമായ ഡോ. മുഹമ്മദ് അൽ അരീഫി “ജീവിതം ആസ്വദിക്കൂ” എന്ന ഗ്രന്ഥത്തിൽ. നബി മാതൃകകളിലാണ്ട് ജീവിതാസ്വാദനത്തിൻ്റെ യഥാർത്ഥ മധുരം നുണയാൻ കഴിയുന്ന രീതിയിലാണ് പുസ്തകത്തിൻ്റെ രചന.
മനുഷ്യജീവിതത്തെ വരിഞ്ഞുമുറുക്കുന്ന സാഹചര്യങ്ങളുടെ തൊണ്ണൂറ്റിയൊന്ന് അധ്യായങ്ങളെ സരളമായ ഭാഷയിലൂടെ ഹൃദയത്തിലേക്കു പതിച്ചു നൽകുകയാണ് വിവർത്തകൻ ഡോ. അബ്ദുറഹ്മാൻ ആദൃശ്ശേരി. അറേബ്യൻ ബുക്ക്ഹൗസാണ് ഗ്രന്ഥം പബ്ലിഷ് ചെയ്തത്. തിരുനബിയുടെ ജീവിതഘട്ടങ്ങളും, വിവിധ തലങ്ങളിലെ പെരുമാറ്റ രീതിശാസ്ത്രവും, വശ്യമായ ജീവിത സാഹചര്യങ്ങളെ ഉപമിച്ചും അനുഭവം നിരത്തിയുമാണ് കൃതിയുടെ വിശദീകരണം.
ഉത്കൃഷ്ടമായ സ്വഭാവ വൈശിഷ്ട്യത്തിലൂടെ ജനതയുടെ മനം കവരുന്നതായിരുന്നു നബിജീവിതം. വീട്ടിൽ തിരിച്ചെത്തിയാൽ സഹനം കോപമായും ആർദ്രത കലഹമായും മാറുന്ന കൃത്രിമമായ മര്യാദ പ്രകടനമായിരുന്നില്ല അവിടത്തേത്. ജനങ്ങളോടു ചിരിക്കുകയും വീട്ടുകാരോടു മുഖം ചുളിക്കുകയും ചെയ്യുന്ന തരക്കാരനായിരുന്നില്ല പ്രവാചകർ. ഭാര്യസന്താനങ്ങളോടില്ലാത്ത മാന്യത തിരുമേനിക്കു പുറമാക്കാരോട് ഉണ്ടായിരുന്നില്ല. പ്രവാചകരുടെ സ്വഭാവഗുണങ്ങൾ അവിടത്തെ പ്രകൃതമായിരുന്നുവെന്നു പറയുന്നതാവും കൂടുതൽ ശരി. പുഞ്ചിരി പുണ്യമായും കാരുണ്യം ആരാധനയായും സഹനവും ആർദ്രതയും നന്മകളായുമാണ് തിരുനബി കരുതിയത്.
സത് സ്വഭാവം ദൈവാരാധനയായി മനസ്സിലാക്കുന്നവർ അത് എപ്പോഴും പാലിക്കുമെന്നതിൽ സംശയമില്ല. സന്തോഷത്തിലും പ്രയാസത്തിലും ദാരിദ്ര്യാവസ്ഥയിലും സുഭിക്ഷതയിലും രോഗാവസ്ഥയിലും ആരോഗ്യത്തിലുമെല്ലാം അതു പാലിക്കപ്പെടേണ്ടതുണ്ട്.
തങ്ങളുടെ ഭർത്താക്കന്മാരുടെ സ്വഭാവമഹിമയും വിശാലമനസ്കതയുമെല്ലാം പാടിപ്പുകഴ്ത്തുന്നവരുണ്ട്. അതേസമയം വീട്ടിൽ വളരെ മോശമായും ഇടുങ്ങിയ മനസ്സോടെയും മുഖം ചുളിച്ചും ശകാരിച്ചും നിസാര കാര്യങ്ങൾക്കു പോലും കുറ്റം പറഞ്ഞും അറുപിശുക്കനായും കഴിയുന്ന ഭർത്താക്കന്മാരുമുണ്ട് നമുക്കിടയിൽ.
എന്നാൽ പ്രവാചകരേ? അവിടന്ന് ഇങ്ങനെയാണ് പറഞ്ഞത്: “നിങ്ങളിൽ ഉത്തമൻ കുടുംബത്തോടു നന്നായി പെരുമാറുന്നവനാണ്. നിങ്ങളിൽ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവൻ ഞാനാകുന്നു.” (തു ർമുദി, ഇബ്നുമാജ:)
അസ്‌വദ്ബ്‌നു യസീദ് പറയുന്നു: “പ്രവാചകർ വീട്ടിൽ എപ്രകാരമായിരുന്നുവെന്നു ഞാൻ ആഇശ(റ)യോടു ചോദിച്ചു. ‘അവിടന്ന് വീട്ടിൽ കുടുംബത്തോടൊപ്പം ജോലി ചെയ്യും, നിസ്കാരസമയമായാൽ അംഗശുദ്ധി വരുത്തി നിസ്കാരത്തിനായി പുറപ്പെടും.” എന്നായിരുന്നു മഹതിയുടെ മറുപടി. എന്നാൽ മറ്റുള്ളവരോടു മാന്യമായി പുഞ്ചിരിച്ച് ഉദാരമായി പെരുമാറുന്ന പലരും അവരുടെ മാതാപിതാക്കൾ, ഭാര്യസന്താനങ്ങൾ എന്നിവരോടൊക്കെ പിണങ്ങിക്കഴിയുന്നവരാണ്.
നിങ്ങളിൽ ഏറ്റവും ഉത്കൃഷ്ടർ നന്നായി പെരുമാറുന്നവരാണ്. അഥവാ, മാതാപിതാക്കൾ, ഭാര്യമാർ, സേവകർ, മക്കൾ തുടങ്ങിയ നിങ്ങളുടെ ആശ്രിതരോടു നല്ല സമീപനം സ്വീകരിക്കുന്നവരാണെന്നാണു പ്രവാചകധ്യാപനം.
ഒരവസരത്തിൽ അബൂലൈല(റ) പ്രവാചകൻ്റെ സമീപത്തിരിക്കുകയായിരുന്നു. അപ്പോൾ ഹസൻ(റ), ഹുസൈൻ(റ) എന്നിവരിലാരോ നബിയുടെ അടുത്തേക്കു വന്നു. തിരുമേനി അവരെയെടുത്തു തൻ്റെ വയറ്റത്തിരുത്തി. കുഞ്ഞ് അവിടത്തെ ശരീരത്തിൽ മൂത്രമൊഴിച്ചു. അബൂലൈല(റ) പറയുന്നു: “അതു പ്രവാചകൻ്റെ വയറിൽനിന്നു താഴോട്ടൊഴുകുന്നതു ഞാൻ കണ്ടു. ഇതുകണ്ട് കുഞ്ഞിനെയെടുക്കാൻ ഓടിച്ചെന്നപ്പോൾ അവിടന്ന് ‘എന്റെ കുഞ്ഞിനെ വിട്ടേക്കൂ.. അവനെ ഭയപ്പെടുത്താതിരിക്കൂ ‘ എന്നു പറഞ്ഞു തടഞ്ഞു. കുഞ്ഞ് മൂത്രമൊഴിച്ചു തീർന്നപ്പോൾ അവിടന്ന് അൽപ്പം വെള്ളം ആവ ശ്യപ്പെട്ടു. അത് ആ ഭാഗത്തൊഴിച്ചു” (അബൂദാവൂദ്)
അല്ലാഹുവിന്റെ ദൂതർ ജീവിതം കൊണ്ട് ചെറിയവരുടെയും വലിയവരുടെയും മനസ്സുകൾ സ്വാധീനിച്ചതിൽ അതിശയപ്പെടാനെന്തുണ്ട്?
പ്രവാചക സമീപനങ്ങളെ ചെറിയ ഒരംശം മാത്രമാണ് ഇവിടെ ഉദ്ധരിച്ചത്. ഈ ഗ്രന്ഥത്തിലുടനീളം ഹബീബിന്റെ ജീവിതത്തിലെ സ്വഭാവ ഗുണങ്ങൾ പരാമർശിക്കുന്നുണ്ട്. ഹബീബിനെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഗ്രന്ഥം വലിയ മുതൽക്കൂട്ടാവും. നമ്മുടെ നിത്യജീവിതത്തിൻ്റെ ഇടവഴികളിൽ തിരുനബിയുടെ ജീവിതത്താളുകൾ ചേർത്തുവെച്ചുള്ള സരളമായ രചനയാണ് ‘ജീവിതം ആസ്വദിക്കൂ ‘ എന്ന പുസ്തകം.


