പതിനാലു നൂറ്റാണ്ടെഴുതിയിട്ടും പൂർത്തിയാകാത്ത അമാനുഷിക സൗകുമാര്യതയാണല്ലോ തിരുനബിയുടേത്. അവിടുത്തെ കുറിച്ചുള്ള വായനകളും അതിവിശാലമാണ്. തിരു വായനയിൽ ഏറെ ആകർഷകമായ രചനയാണ് ശരീഫ് സിദ്ദീഖിയുടെ ‘അനുരാഗികളുടെ റസൂൽ’ എന്ന ചരിത്രാഖ്യായിക. തിരു സൗന്ദര്യത്തെ മലയാള ഭാഷാ സൗന്ദര്യവുമായി ഇണക്കി ചേർത്ത് അനുരാഗികളുടെ ഹൃദയത്തിലേക്ക് ചേർത്തുവെക്കുകയാണ് പ്രസ്തുത രചനയിലൂടെ രചയിതാവ് ചെയ്തിട്ടുള്ളത്.
ഊഷരമായ ഗോത്ര മഹിമയുടെയും കുലവാഴ്ചയുടെയും ഉഷ്ണം പൂക്കുന്ന ഹിജാസിന്റെ പശ്ചാത്തലവും, അവിടെ നിന്ന് പിറകൊണ്ടതു മുതൽ അതിൻ്റെ മധുനുകർന്ന് ഇരുന്നൂറ് കോടിയിൽ എത്തിനിൽക്കുന്ന ഇന്നത്തെ വിശ്വാസ സമൂഹം വരെയുള്ള ഹ്രസ്വമായ ഒരു ചരിത്രരേഖ ഇതിൽ വരച്ചു വെച്ചിട്ടുണ്ട്. അവിടുത്തെ കുടുംബം, ജീവിതം, ചുറ്റുപാട്, പ്രവാചകത്വം തുടങ്ങിയവയുടെ ലളിതമായ അവതരണത്തെ വളരെ കൃത്യതയോടെ ഈ രചന കാണിച്ചുതരുന്നു. അനാഥൻ, ആട്ടിടയൻ, കച്ചവടക്കാരൻ, ആസൂത്രകൻ, പടയാളിയും പടത്തലവനും, ഭരണാധിപൻ, അധ്യാപകൻ, അന്വേഷി തുടങ്ങി ഭാവപകർച്ചകളിൽ മിഴിവേറുന്ന പ്രവാചക ജീവിതം നമ്മളിലേക്ക് പങ്കുവെക്കുന്നു. നബി ജീവിതത്തെക്കുറിച്ച് വിശദമായി വായിച്ചു വെച്ച ഒരാൾക്ക് ഈ പുസ്തകത്തിലൂടെയുള്ള സഞ്ചാരം അറിവിനെ വീണ്ടെടുക്കാനുള്ള ഉപാധിയാണെന്നുള്ളതിൽ സംശയിക്കേണ്ടതില്ല.
പല ചരിത്ര ഗ്രന്ഥങ്ങളിലായി പകർന്നുവന്ന ഒരുപാട് അറിവുകളെ സൂക്ഷ്മതയോടെ ക്രോഡീകരിച്ചു വെച്ച് ഇതിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ദേശങ്ങളെയും വ്യക്തികളെയും സൂചിപ്പിക്കുമ്പോൾ അതിൻ്റെ ആധുനിക വശങ്ങൾ കൂടി ഉൾപ്പെടുത്തി വിവരിക്കുന്നതായി കാണാം. തിരുനബിയുമായി ബന്ധപ്പെട്ട ജീവിത വിവരങ്ങളും രേഖകളും വേർതിരിച്ചു വെച്ചു കൊണ്ട് തന്നെ ഇതിൽ ചർച്ച ചെയ്യുന്നുണ്ട്. പ്രസ്തുത മേഖലയെ പഠന വിധേയമാക്കുന്നവർക്കും അക്കാദമിക രംഗങ്ങളിലേക്ക് വിഷയങ്ങളെ കണ്ടെത്തുന്നവർക്കും വളരെ പ്രയോജനപ്പെടും. ത്യാഗത്തിൻ്റെയും പരീക്ഷണങ്ങളുടെയും ജീവിതമായിരുന്നു അവിടുത്തെത് എന്ന് മനസ്സിലാക്കിത്തരുന്നു. മതത്തെയും സംവിധാനങ്ങളെയും വിമർശനാത്മകമായി ചിത്രീകരിക്കുന്ന പുതിയ കാലത്ത് പ്രവാചക ജീവിതത്തെ മുൻനിർത്തി അതിൻറെ യഥാസ്ഥിതി മനസ്സിലാക്കാൻ ഈ പുസ്തകം ഉപകാരമായിരിക്കും. നിലവിൽ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന മൃഗങ്ങളോടും പ്രകൃതിയോടും സമൂഹത്തോടുമുള്ള പ്രവാചക കാഴ്ചപ്പാടുകൾ കൃത്യമായി തന്നെ ഇതിൽ വിശദീകരിക്കുന്നുണ്ട്.
‘കൈനീട്ടി, ഉൾത്തുറന്നാത്മ ഹർഷം
ഈന്ത മരങ്ങളിൽ ചന്ത്രഹാസം
യസ്‌രിബ്, കരൾ കാട്ടി നിൽപ്പുണ്ട് ദൂതരെ-
യാസ്വദിക്കാൻ ദൂദിനൊത്തു നീങ്ങാൻ
നേരമായൂഴിക്ക് നേർവര ക്കാട്ടുവോർക്കാലയമാവാൻ
എല്ലാം പകുക്കാൻ..
പിറന്നുവീണ നാട്ടിൽ നിന്നും ക്രൂരതകൾ സഹിക്കവയ്യാതെ ഹിജ്റ പുറപ്പെട്ടപ്പോൾ ഇരു കൈകളും നീട്ടി സ്വീകരിക്കുന്ന മദീനയുടെ രംഗങ്ങളെ കവിതാരൂപത്തിൽ ആഖ്യാനിച്ചത് മികച്ച വായനാനുഭവം പകരുന്നു. ഇവ്വിധം അനവധി പുകളെഴുത്തുകൾ രചനയിലുടനീളം നമുക്ക് കാണാൻ കഴിയും. ഓരോ അദ്ധ്യായങ്ങളും തുടങ്ങുന്നത് അതത് സാഹചര്യത്തിന് അനുസൃതമായ തിരുപുകളുകൾ കവിതയായ് വർണിച്ചു കൊണ്ടാണ്. അതുകൊണ്ടു തന്നെ ഭാഷാ സൗന്ദര്യവും സാഹിത്യ ഭംഗിയും തിരുസൗന്ദര്യത്തിലേക്ക് സമന്വയിക്കുന്നതായി കാണാം. തിരു ജീവിതത്തെക്കുറിച്ച് വായിക്കാനും മനസ്സിലാക്കാനും ഇഷ്ടപ്പെടുന്ന ഏതൊരാളെയും മുന്നോട്ടു നയിക്കുന്ന അന്വേഷണങ്ങൾക്ക് വെളിച്ചം പകരുന്ന രചനയാണ് ‘അനുരാഗികളുടെ റസൂൽ’.


