തിരുവോരം തൊടുന്ന പുകളെഴുത്ത്

തിരുനബി ജീവിതം കാലാന്തരത്തിലും വായിക്കപ്പെടുകയും ഭാഷാന്തരപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നതൊരു പരമമായ യാഥാർത്ഥ്യമാണ്. ഇബ്‌നു ഇസ്ഹാഖ്, ഇബ്‌നു ഹിശാം എന്നിവരിൽ നിന്നു തുടങ്ങി കാരം ആംസ്‌ട്രോംഗിലൂടെയും മാർട്ടിൻ ലിംഗ്‌സിലൂടെയുമെല്ലാം ചർച്ച ചെയ്യപ്പെട്ടു. ഇന്നും ധാരാളം ചരിത്ര പണ്ഡിതന്മാരിലൂടെയും മറ്റു രചനാ വൈഭവമുള്ളവരിലൂടെയും ആ പ്രാവചക ജീവിതം വളരെ മനോഹരമായി ആവിഷ്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ രചയിതാക്കളുടെ വീക്ഷണകോണുകളുടെ വൈജാത്യം പ്രവാചകജീവിത അപഗ്രഥനത്തിൽ വ്യതിരിക്തത സൃഷ്ടിക്കുന്നതിനാൽ ഓരോ ചരിത്രാവതരണവും വായനക്കാർക്കു നവ്യാനുഭവങ്ങൾ പകരുന്നു. അത്തരത്തിലുള്ള ഒന്നാണ് ഐ പി ബി ബുക്സ് പ്രസിദ്ധീകരിച്ച ഒമാനി എഴുത്തുകാരൻ ഹുസൈൻ ഗുബാഷിന്റെ മുഹമ്മദ് നബി (സ്വ). ഈ പുസ്തകം വായനക്കാർക്കു ചരിത്രപഠനത്തിന് യോജിച്ചതും ഏറെ പുതുമകൾ സമ്മാനിക്കുന്നതുമാണ്.

അറബിയിൽ നിന്നു മലയാളത്തിലേക്കു വിവർത്തനം ചെയ്ത ഗ്രന്ഥമെന്നതു കൊണ്ടും ഒരു ജീവചരിത്രമെന്നതിലുപരി, ആറ്, ഏഴ് നൂറ്റാണ്ടുകളിലെ അറേബ്യൻ സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ ചരിത്രത്തെ ഉൾകൊള്ളുന്ന ഒരു എഴുത്തുകാരന്റെ പഠനമെന്ന നിലക്കുമാണ് വായനക്കാർക്ക് മുഹമ്മദ്‌ (സ്വ) എന്ന പുസ്തകം വായിക്കാനാകുക. ഒപ്പം പ്രവാചകരുടെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൂടെ വായനക്കാരെ വഴിനടത്തി, സ്‌നേഹം, ഐക്യം, അറിവ്, ക്ഷമ തുടങ്ങി അവിടുന്ന് പ്രതിനിധാനം ചെയ്ത സന്ദേശങ്ങളുടെ പ്രകടസ്വഭാവത്തെ വിശകലനം ചെയ്ത് ആ മഹത് പൂർണജീവിതത്തിന്റെ തത്ഫലമെന്നോണം അറേബ്യൻ സമൂഹത്തിൽ സാധ്യമാക്കിയ പരിവർത്തനങ്ങളെയും അവയുടെ അനിവാര്യതയെയും വായനക്കാർക്ക് ബോധ്യപ്പെടുത്തുകയാണ് രചയിതാവ്.

പ്രവാചകരുടെ ജീവിതകാലത്തിലും അതിനു മുമ്പും അത്രതന്നെ തിരിച്ചറിയപ്പെടാതെ പോയ യാഥാർഥ്യങ്ങളെ അനാവൃതമാക്കുന്ന, സാമൂഹിക പിന്നാക്കാവസ്ഥയും ഗോത്ര യുദ്ധങ്ങളും സജീവമായപ്പോൾ തന്നെ ധീരത, ധർമം, പൗരുഷം, വിശ്വസ്തത, നിസ്വാർത്ഥത, യുദ്ധകല തുടങ്ങിയ മൂല്യങ്ങളും സംസ്‌കാരവും വിവിധ തലങ്ങളിൽ അറേബ്യയിൽ ഉണ്ടായിരുന്നു എന്നതാണ് ഗുബാഷിന്റെ നിരീക്ഷണം. മാത്രവുമല്ല നാഗരിക- സാംസ്‌കാരിക പ്രബുദ്ധതയുടെ അടയാളങ്ങളിലേക്കു വിരൽ ചൂണ്ടുന്നതും അറേബ്യൻ മരുഭൂവാസത്തിന്റെ അപരിഷ്‌കൃതത്വങ്ങളിൽ ഊറ്റംകൊള്ളുന്നവരുടെ വാദങ്ങളെ പൊളിക്കുന്നതുമാണ് സ്വാതന്ത്ര്യത്തെയും സൗന്ദര്യത്തെയും സംയോജിപ്പിക്കുന്ന മുഅല്ലഖകളുടെ സാഹിത്യ സാന്നിധ്യങ്ങൾ. ഇവ അറേബ്യൻ സംസ്‌കാരത്തിന്റെയും നാഗരിക സ്വഭാവത്തിന്റെയും ഭാഗമാണെന്നു പ്രകടമായിട്ടും പലപ്പോഴും പരിഗണിക്കപ്പെടാതെ പോകുന്നു എന്നത് വസ്തുതയാണ്. അധികാരഘടനയും ആചാരാനുഷ്ഠാനങ്ങളും അന്തർദേശീയമായി വ്യാപിച്ച വ്യാപാരങ്ങളും തുടങ്ങി മക്കയിലെ മത, നാഗരിക, വ്യാപാര വ്യവഹാരങ്ങളൊക്കെ പ്രവാചകർ ഇബ്‌റാഹീം നബിയുടെ കഅ്ബാലയ നിർമാണാനന്തരം വികസിതമായി തുടങ്ങിയതാണ്. “ഹുബെൽ” എന്ന പ്രതിഷ്ഠയോടെ നാന്ദികുറിക്കപ്പെട്ട ഇബ്‌റാഹീമീ സരണിയിൽ നിന്നു വിഗ്രഹാരാധനയിലേക്കുള്ള വ്യതിചലനത്തിനു തടയിടാനും സന്മാർഗത്തിലേക്കു തിരികെവിളിക്കാനും നിയോഗിതനായ പ്രവാചകർ മുഹമ്മദ്‌ (സ്വ) അറേബ്യൻ ചരിത്ര സമ്പന്നതക്ക് മികവ് പകർന്ന ഖുറൈശി ഗോത്രത്തിലെ ബനൂ ഹാശിമിൽ പിറവിയെടുത്തത് അവരുടെ സ്വീകാര്യതക്കും പരിഗണനക്കും ഹേതുവായി എന്നതാണ് രചയിതാവ് നിരീക്ഷിക്കുന്നത്.

അനാഥനായിട്ടു പോലും കളങ്കമില്ലാത്ത ബാല്യവും വിശ്വസ്തരിൽ വിശ്വസ്തരായി വളർന്ന യൗവ്വനവും സുവിശേഷങ്ങളുടെ കാലത്തിനു മുന്നേ പ്രവാചകരുടെ ജീവിതത്തിൽ പ്രതിഫലിച്ചുനിന്ന മുദ്രകളാണ്. ഇലാഹീസ്മരണയിൽ നിരതമായ ഏകാന്തവാസത്തെ മുഖരിതമാക്കിയ ഇഖ്‌റഇന്റെ ധ്വനി ജ്ഞാനോദയമാണെന്നും സംസാരം ദിവ്യ ബോധനങ്ങളാൽ വ്യക്തിത്വമായി മാറാനുമുള്ള ദൈവിക തന്ത്രമായിരുന്നു തിരുനബി നിരക്ഷരനാവുക (ഉമ്മിയ്യ്) എന്നതും, ജിബ്‌രീലി (അ) ന്റെ അധ്യാപനത്തിൽ ഇലാഹീ വിജ്ഞാനീയങ്ങൾ ലഭ്യമായതോടുകൂടി സർവ വിശേഷണങ്ങളിലും പൂർണത പ്രാപിക്കുകയായിരുന്നുവെന്നുമൊക്കെ ഹുസൈൻ ഗുബാഷ് മനോഹരമായി പുസ്തകത്തിലൂടെ പറഞ്ഞുവെക്കുന്നുണ്ട്.

പ്രവാചകരുടെ ക്ഷമയും സഹനവും ഈമാനികാവേശവുമൊക്കെയാണ് ഇന്നീകാണുന്ന വിശ്വാസ സംഹിതയുടെ അടിസ്ഥാനം. കാരണം ഏതൊരു പുതു ആശയമോ അല്ലെങ്കിൽ പ്രസ്ഥാനമോ പ്രാരംഭത്തിൽ തന്നെ വിമർശങ്ങളും പ്രതിരോധങ്ങളും നേരിട്ടാൽ പലപ്പോഴും ഉൾവലിയൽ മാത്രമായിരിക്കും അവർ സ്വീകരിക്കുന്ന മാർഗം. എന്നാൽ പിറന്ന മണ്ണിൽനിന്ന് പുറത്താക്കുക, പട്ടിണിക്കിടുക തുടങ്ങി ജീവിതമാർഗത്തെ തന്നെ വഴിയടക്കുകയും ഒപ്പം ചേർന്നുനിന്ന തുലോം തുച്ഛമായ അനുചരരെ തുടർച്ചയായ ഉപദ്രവങ്ങളാൽ ബുദ്ധിമുട്ടിപ്പിച്ചപ്പോഴും അതിനെയൊക്കെ തരണം ചെയ്ത ജീവിതത്തിന്റെ തുടർച്ചകൾ വായനക്കാരനേറെ പാഠങ്ങൾ നൽകുന്നുണ്ട്.

ഏതൊരു സംഹിതക്കോ അല്ലെങ്കിൽ ആശയങ്ങൾക്കോ പ്രസ്ഥാനങ്ങൾക്കോ എന്തിനും സമൂഹത്തിൽ അതു പ്രതിനിധാനം ചെയ്യണമെങ്കിൽ ഭാഷ ഏറെ പ്രധാനമാണ്. മറ്റൊന്ന് ചർച്ച ചെയ്യുന്ന കാര്യങ്ങളെ കൃത്യമായി ബോധിപ്പിക്കാൻ അല്ലെങ്കിൽ മൂല്യചോർച്ചകളുണ്ടാവാതെ ഏതു തരക്കാരെയും പ്രതിനിധീകരിക്കാൻ കഴിയുകയെന്നതാണ്, അത്തരത്തിലൊന്നാണ് അറബി ഭാഷ. മുത്ത്നബിയുടെ മേൽ പ്രവചക നിയോഗം വരുന്നതിനു മുന്നേ തന്നെ അറബി ഭാഷ ഏറെ വികസിച്ചിരുന്നുവെങ്കിലും ഖുർആനികാവതരണം അതിന് പവിത്രതയുടെ പുതിയ മാനങ്ങൾ പകർന്നു. ഖുർആനിന്റെ വശ്യത പർവതസമാന മനസ്സുകളെ ഇസ്‌ലാമികാശയങ്ങളിൽ അനുരക്തരാക്കുക മാത്രമല്ല, അവരുടെ മനസ്സുകളെ ഏറെ നൈർമല്യതപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ പ്രബോധന ഘട്ടത്തിലെ ഖുർആനിക സാന്നിധ്യവും സ്വാധീനവും ശ്രദ്ധേയമാണ്. ക്രമേണെ വേറിട്ടൊരു സംസ്‌കാരത്തിന്റെ ഉദയമായി അവ പരിണമിച്ചു.

മുഹമ്മദെന്ന പുസ്തകത്തിലൂടെ രചയിതാവ് പ്രബോധനത്തിന്റെ വഴിത്തിരിവിന് നിദാനമായ ഹംസ(റ), ഉമർ(റ) എന്നിവരുടെ ഇസ്‌ലാമികാശ്ലേഷത്തെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. അറേബ്യൻ സംസ്‌കൃതിയിൽ വേരൂന്നിയ ഗോത്ര വ്യവസ്ഥിതിയെ ഉപയോഗപ്പെടുത്തിയാണ് തിരുനബി പ്രബോധനത്തിന്റെ ദിശ മാറ്റിപ്പിടിക്കുന്നത്. ഓരോ ഗോത്രത്തിന്റെയും നേതാക്കന്മാരെ ഇസ്‌ലാമികാശയങ്ങളിൽ ഉത്ബുദ്ധരാക്കലോടു കൂടി ആ ജനതയെ തന്നെ സുതാര്യമായി പരിവർത്തനപ്പെടുത്തുകയായിരുന്നുവെന്ന് ഗുബാഷ് കണ്ടെത്തുന്നു.

മദീനാ പലായനത്തിലൂടെ വിശാലമാകുന്ന പ്രബോധന ചക്രവാളത്തെയാണ് തൊട്ടുടനെ വായനക്കാർക്ക് അനുഭവിക്കാൻ കഴിയുക. മദീനയുടെ സാമൂഹികഘടനയെ വിശദീകരിച്ചു തുടങ്ങുന്ന അധ്യായം, ഔസ്- ഖസ്‌റജ് ഗോത്രപ്പോരിന്റെ ആരംഭത്തെയും അതിലെ യഹൂദി സാന്നിധ്യത്തെയും വ്യക്തമാക്കുന്നുണ്ട്. 120 വർഷം നീണ്ടുനിന്ന യുദ്ധങ്ങളുടെയും പകയുടെയും പാരമ്പര്യം അവസാനിപ്പിച്ച്‌ “അൻസ്വാർ” എന്ന ഒറ്റ സ്വത്വത്തിന് കീഴിൽ ഇരു വിഭാഗങ്ങളെയും ഒരുമിപ്പിച്ച പ്രവാചകരുടെ പ്രവർത്തനങ്ങളെയും ഒപ്പം സ്‌നേഹം, സാഹോദര്യം, കാരുണ്യം എന്നീ മദീനയുടെ നിർമാണത്തിലെ സാംസ്‌കാരികവും നാഗരികവുമായ ഘടകങ്ങളെയും എഴുത്തുകാരൻ പ്രതിപാദിക്കുന്നുണ്ട്. തുടർന്ന് പുസ്തകം സഞ്ചരിക്കുന്നത് മദീനയുടെ രാഷ്ട്ര നിർമാണത്തിലൂടെയാണ്. മദീന രാഷ്ട്ര നിർമാണത്തെ ശക്തിപ്പെടുത്തിയപ്പോഴും തിരുനബി മുൻഗണന നൽകിയത് ബഹുസ്വരത, മതസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾക്കായിരുന്നുവെന്നും ഇതിന് തുടർച്ചയെന്നോണം മദീനയിൽ പ്രവാചകരുടെ സ്വസ്ഥതക്ക് വിഘാതമായ ജൂത- കപട വിശ്വാസികളുടെ ചതിയും മറ്റനുബന്ധ പ്രവർത്തനങ്ങളെയും പുസ്തകം വിവരിക്കുന്നുണ്ട്.

പാശ്ചാത്യ വായനകളിൽ ഏറെ പിഴക്കപ്പെട്ട ഇടങ്ങളിലൊന്ന് ഇസ്‌ലാമിലെ യുദ്ധങ്ങളെ അവതരിപ്പിക്കുന്നിടത്തും, അവയെ മനസിലാക്കപ്പെടുന്നിടത്തുമാണ്. അത്തരം ഘട്ടത്തെ വളരെ മനോഹരമാം വിധം അനുവാചകർക്കു സമർപ്പിക്കുകയാണ് എഴുത്തുകാരൻ. ഇസ്‌ലാമിന്റെ വ്യാപനത്തെ യുദ്ധാധിഷ്ഠിതമായി അവതരിപ്പിക്കാൻ താത്പര്യപ്പെടുന്ന പടിഞ്ഞാറൻ ചിന്താഗതിക്കു മറുപടിയെന്നോണം ഗുബാഷ് സമർത്ഥിക്കുന്നത് ‘ഇരുപത് വർഷത്തെ ജീവിതത്തിനിടയിൽ അറേബ്യൻ ഭൂഖണ്ഡത്തിൽ മുശ്‌രിക്കുകളുമായി മുസ്‌ലിംകൾ യുദ്ധം നടത്തിയ ദിവസങ്ങൾ പത്തിലധികം വരില്ലന്നും കൂടിയാൽ രണ്ടാഴ്ചമാത്രമാണെന്നുമാണ്. മുസ്‌ലിംകളിൽ നിന്നും മുശ്‌രിക്കുകളിൽ നിന്നും ആകെ ഇരകളുടെ എണ്ണം ഏറിയാൽ അഞ്ഞൂറിലധികം വരില്ല’ എന്നുമാണ്. പ്രവാചകരുടെ യുദ്ധ നിയമങ്ങളും അനുബന്ധ നീതിയും തീരുമാനങ്ങളുമെല്ലാം കൂടുതൽ തിരിച്ചറിയപ്പെടേണ്ടതാണ് എന്ന് പുസ്തകം പ്രത്യേകം വായനക്കാരെ ഓർമിപ്പിക്കുന്നുണ്ട്. യുദ്ധങ്ങളുടെയും വഞ്ചനയുടെയും പല സങ്കീർണതകൾ നേരിടേണ്ടി വന്നെങ്കിലും നബി ജീവിതത്തിലെ നിർണായക നിമിഷങ്ങളിലെല്ലാം പല നിയോഗികളുടെയും സാന്നിധ്യം കൊണ്ട് അവരെ അനുഗ്രഹിച്ച അല്ലാഹുവിന്റെ ഇടപെടലുകൾ പുസ്തകത്തിൽ പലപ്പോഴായി പരാമർശിക്കുന്നുണ്ട്.

കത്തുകളിലൂടെയും ദൂതന്മാരിലൂടെയും ലോകത്തിന്റെ അതിരുകളിലേക്ക് പ്രവാചകൻ തന്റെ അനുചരോടൊപ്പം ഇസ്‌ലാമിക സന്ദേശത്തെ വ്യാപിപ്പിച്ചു. ഒടുവിൽ, ഹിജ്‌റ എട്ടിന്, പൂർണ വിനയത്തോടെയും ഇലാഹി സ്മരണയിൽ സ്തുതികൾ അറിയിച്ച് മക്കയിൽ പ്രവേശിച്ച്, പ്രതിയോഗികൾക്ക് നിരുപാധികം മാപ്പ് നൽകി പ്രവാചക നിയോഗത്തിന്റെ പൂർണതയിൽ തിളങ്ങുകയായിരുന്നു തിരുനബി (സ്വ). ഖുർആനിക വചനങ്ങൾ സന്ദർഭാനുബന്ധമായി ഉൾക്കൊള്ളിച്ച പുസ്തകം മഹത്തായ ഹജ്ജതുൽ വിദാഇന്റെ സന്ദേശങ്ങളോടെയാണ് വിരാമമാകുന്നത്. പുസ്തകത്തിന്റെ സംവേദനാത്മകമായ സമീപനം, സംഭവങ്ങളോടുള്ള വായനക്കാരന്റെ അനുഭവബോധത്തെ കൂടുതൽ സജീവമാക്കുന്നു. അതിനാൽ, ‘മുഹമ്മദ് (സ്വ)’ ചരിത്രത്തിന്റെയും ആധികാരികതയുടെയും ഒരു സവിശേഷ ദർശനമായാണ് വായനക്കാർക്ക് അനുഭവപ്പെടുക.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!