തിരുജീവിതം; ആഖ്യാനത്തിലെ പെൺമാതൃകകൾ

ഇസ്‌ലാമിക വിജ്ഞാനത്തിൽ രണ്ടാം അവലംബമാണ് ഹദീസ്. വിശുദ്ധ ഖുർആനിൻ്റെ വിശദീകരണമെന്നോളം നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം എന്നിവയ്ക്കാണ് സാങ്കേതികാർത്ഥത്തിൽ ഹദീസ് എന്നു പറയുന്നത്. മക്കയിലും മദീനയിലുമായി 63 വർഷക്കാലം ജീവിച്ച തിരു നബിയുടെ മൊഴിമുത്തുകളും ജീവിത വഴികളും മുൻനിർത്തി ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതിൽ ലോകത്തുടനീളം സഞ്ചരിച്ച വിജ്ഞാന കൈമാറ്റകരുടെ പങ്ക് ചെറുതല്ല. ഇസ്‌ലാമിക പ്രബോധന വീഥിയിലെ വിജ്ഞാന സഞ്ചാരങ്ങൾ ചരിത്രഗ്രന്ഥങ്ങളിൽ കൂടുതൽ എഴുതപ്പെടുമ്പോൾ പണ്ഡിത വനിതകളുടെ ഇടപെടലുകൾ വായിക്കാതെ പോകുന്നതോ, സ്ത്രീത്വത്തിൻ്റെ പങ്ക് ഇസ്‌ലാം നിഷേധിക്കപ്പെട്ടതായി കണക്കുകൂട്ടുന്നതോ അപലപനീയമാണ്. പുരുഷൻ്റെ അറിവന്വേഷണപാതകൾ പോലെ സ്ത്രീയുടെ അടയാളപ്പെടുത്തലുകളും ചരിത്ര താളുകളിൽ മുദ്രകുത്തിയിട്ടുണ്ട്. ബുക്ക് പ്ലസ് പുറത്തിറക്കിയ ‘അൽ മുഹദ്ദിസാത്ത്’ വായനക്കാരെ ബോധിപ്പിക്കുന്നതും ഈ യാഥാർത്ഥ്യത്തെയാണ്. ഓരോ നൂറ്റാണ്ടിലും ഹദീസുകൾക്കായി ജീവിതം മാറ്റിവെച്ച ആയിരക്കണക്കിന് വനിതകൾ, അവരുടെ യാത്രകൾ, രചനകൾ, സാമൂഹിക ഇടപെടലുകൾ തുടങ്ങിയവ ലിഖിതമായ രേഖകളിൽ നിന്നും കോർത്തെടുക്കുന്ന മുഹമ്മദ് അക്റം നദ്‌വിയുടെ 43 വാല്യങ്ങളുള്ള ജീവചരിത്ര നിഘണ്ടുവിന്റെ സംക്ഷിപ്തമാണ് ഈ ഗ്രന്ഥം.

സ്വീകാര്യയോഗ്യമായ ഹദീസ് ശേഖരണത്തിന് ദൂരങ്ങൾ താണ്ടിയുള്ള സഞ്ചാരങ്ങൾ ഓരോ നൂറ്റാണ്ടിലും പണ്ഡിതവനിതകൾ നിർവഹിച്ചതായി കാണാം. ഹദീസുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥങ്ങൾ സ്ത്രീ സമൂഹത്തിൽ നിന്നും വിരചിതമായതും ഡമസ്കസിലെ ഗ്രേറ്റ് ഉമയ്യദ് മസ്ജിദിന്റെ നടുമുറ്റത്ത് പണ്ഡിതയായ ഉമ്മുദ്ദർദാഅ് ഹദീസും ഫിഖ്ഹും പഠിപ്പിച്ചതും, ആയിഷ ബിൻത് അബ്ദിൽ ഹാദി എന്നവർ സ്വഹീഹുൽ ബുഖാരിയുടെ പ്രധാന അധ്യാപികയായി നിയമിക്കപ്പെട്ടതും സ്ത്രീത്വത്തിൻ്റെ ആഴമേറിയ വിജ്ഞാന സമ്പാദനമാണ് അടയാളപ്പെടുത്തുന്നത്. ഇസ്‌ലാമിനെ പുരുഷാധിപത്യമെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് എന്തൊരു മൗഢ്യമാണെന്ന് ഈ രചനയിൽ നിന്നു വ്യക്തമാകും.

‘അൽ മുഹദ്ദിസാത്’ വായിക്കുമ്പോൾ ഇസ്‌ലാം അറിവിന് നൽകിയ മൂല്യവും പ്രാധാന്യവും അത് കൈകാര്യം ചെയ്യുന്നതിൻ്റെ സൂക്ഷ്മതയും തെളിഞ്ഞു കാണും. അറിവെന്നത് പരന്നുകിടക്കുന്ന മാണിക്യങ്ങളാണ്. പക്ഷെ, മൂല്യബോധമുള്ളവർക്കേ അതിൻ്റെ ചൂരേൽക്കാൻ പോലും സാധിക്കുകയുള്ളൂ. വിജ്ഞാന സൗന്ദര്യം ആസ്വദിച്ച ആർക്കുമത് തടയപ്പെടുന്നതുമല്ല. പുരുഷനും സ്ത്രീയും എന്ന പരിഗണന അറിവാർജിക്കുന്നതിൽ ഇസ്‌ലാം നൽകുന്നില്ല. അറിവുള്ളവർക്ക് ഇസ്‌ലാം ആധികാരികത നൽകുന്നു. പുരുഷനായാലും സ്ത്രീയായാലും ആ ആധികാരികത മുസ്‌ലിം സമൂഹം വകവെച്ചുനൽകിയിട്ടുണ്ട്. പാരമ്പര്യ ഇസ്‌ലാമിനെ സ്ത്രീവിരുദ്ധമെന്നു മുദ്രകുത്തുന്നവർ അറിയാതെ പോവുകയോ അവഗണിക്കുകയോ ചെയ്ത ഒരുപറ്റം പണ്ഡിതവനിതകൾ ഇസ്‌ലാമിലുണ്ട്. അന്ധകാരത്തിൻ്റെ കറുപ്പ് നീക്കാൻ പണ്ഡിത വനിതകളെ സമീപിക്കുകയും പാണ്ഡിത്യത്തിൻ്റെ പ്രകാശകിരീടം ഏറ്റുവാങ്ങുകയും ചെയ്ത ജ്ഞാനികൾ കഴിഞ്ഞുപോയിട്ടുണ്ട്. ഭാര്യമാരിൽ നിന്നും ജ്ഞാനമഭ്യസിച്ചിരുന്ന ഭർത്താക്കന്മാരുടെ ഉദാഹരണങ്ങൾ അധ്യായം തിരിച്ച് ‘അൽ മുഹദ്ദിസാത്ത്’ അവതരിപ്പിക്കുന്നു.

ഹദീസ് നിവേദനങ്ങളിലെ സ്ത്രീ സാന്നിധ്യം അവതരിപ്പിക്കുന്ന ഈ രചന സസൂക്ഷ്മമായ പഠനത്തിൻ്റെയും അന്വേഷണത്തിൻ്റെയും പ്രതിഫലനമാണ്. ‘അൽ മുഹദ്ദിസാത്ത്’ പത്ത് അധ്യായങ്ങളിലായാണ് അവതരിപ്പിക്കുന്നത്. ഓരോ അധ്യായങ്ങളിലും അവലംബം ചേർത്തി വെക്കുന്ന എഴുത്തുകാരൻ്റെയോ വിവർത്തകൻ്റെയോ രീതി പുസ്തകത്തിൻ്റെ ആധികാരികതയും വിശ്വസ്തതയും വായനക്കാരനെ ആകർഷിപ്പിക്കുന്നതാണ്

അബ്ദുൽ ബാസിത് ഒ.പി

അബ്ദുൽ ബാസിത് ഒ.പി

വിദ്യാർത്ഥി, എഴുത്തുകാരൻ

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!