‘എന്തു വായിക്കുന്നു എന്നതുപോലെ പ്രധാനമാണ് എങ്ങനെ വായിക്കുന്നുവെന്നതും. മുഹമ്മദ് നബി (സ) യുടെ ചിന്താ ആവിഷ്കാരത്തെ വളരെ ലളിതമായ ഭാഷയിൽ തൻ്റെ 1001 ചരിത്രകഥകൾ എന്ന പുസ്തകത്തിലൂടെ കെ എ കെ ഫൈസി ഇങ്ങനെ പരിചയപ്പെടുത്തുന്നത് കാണാം.
നബി ചരിത്ര വായനകളാണ് ഇക്കാലത്ത് പ്രധാന്യമേറെയുണ്ട്. നബി വായനകൾക്ക് മങ്ങലേൽക്കുന്ന ഈ കാലഘട്ടത്തിൽ നബി ചരിത്രത്തെ പരിചയപ്പെടുത്തുന്നതിന് കൂടുതൽ പ്രസക്തിയുണ്ട്. പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ജീവിതം കഥാ ശൈലിയിൽ രചിച്ചത് 1001 ചരിത്രകഥകൾ എന്ന പുസ്തകത്തിൻ്റെ വൈവിധ്യമായ വൈഭവത്തെ അറിയിക്കുന്നു. ഹിറാ ഗുഹയിലെ റസൂലിന്റെ ഏകാന്തവാസം മുതൽ തുടങ്ങുന്ന അത്യുന്നത പ്രബോധന ജീവിതത്തിലെ ആനന്ദവും ആത്മസമർപ്പണവും നിറഞ്ഞ സ്മരണകളെ ആയിരത്തൊന്ന് ഭാഗങ്ങളായി കുറിച്ചിരിക്കുന്നു എന്നത് പുസ്തകത്തിൻ്റെ മൂല്യത്തെ ഉയർത്തുന്നു. അനുരാഗ ജീവിതത്തിലെ സുകൃത നിമിഷങ്ങൾ ഓർത്തെടുക്കുന്നതിലെ പ്രധാന കഥാപാത്രമാണ് ബീവി ഖദീജ (റ). റസൂലിന്റെ ഇരുപത്തിയഞ്ചാം വയസ്സു മുതൽ ഒരേ സമയം ഭാര്യയും, ഉമ്മയും, മകളും, സഹായിയുമെല്ലാമായി നിറഞ്ഞു നിന്ന മഹതിയുടെ പ്രവാചക പ്രഖ്യാപന സമയത്തെ തന്റേടത്തോടെയുള്ള പെരുമാറ്റം അതിപ്രസിദ്ധമാണ്. ‘ഖദീജയെക്കാൾ ഉത്തമയായ ഒരു തൊഴിലുടമയെയും ഞാൻ കണ്ടിട്ടില്ല’ എന്ന തിരുമൊഴിയെ സംബന്ധിച്ച് ‘ഇത് പണ്ടൊരിക്കൽ അൽ അമീൻ എനിക്ക് തന്ന അംഗീകാരമാണ്’ എന്ന് മഹതി പറയുന്നുണ്ട്. ‘അന്ന് ഞാൻ മുതലുടമയും അദ്ദേഹം തൊഴിലാളിയുമായിരുണെന്നും എന്റെ വ്യാപാരജീവിതത്തിൽ അൽ അമീനിനെക്കാൾ ഉത്തമനായ ഒരു തൊഴിലാളിയെയും ഞാൻ കണ്ടിട്ടില്ലെന്നും ഇന്ന് ഞാൻ മുതലും അദ്ദേഹമതിന്റെ ഉടമയുമാണെന്നും അന്നെനിക്ക് ഉത്തമനായതിന്റെ വില നൽകാനല്ല എനിക്കവരുടെ സഹധർമിണിയാവാനാണ് തോന്നിയത്’ തുടങ്ങി ഖദീജുമ്മയുടെ ആലോചനകളും മഹത്വങ്ങളും പുസ്തകത്തിൽ പലവുരു കടന്നുവരുന്നുണ്ട്.
സൗഹാർദത്തിന്റെ ആഴവും വിശ്വാസത്തിന്റെ അകകണ്ണും ലോകത്തെ പഠിപ്പിച്ച അബൂബക്കർ സിദ്ദീഖ് (റ) വിന്റെ ഇസ്ലാമിക പ്രവേശനമുൾപ്പടെ നക്ഷത്ര തുല്ല്യരായ സ്വഹാബത്തിന്റെ സമർപ്പണവും വായനക്കാരുടെ മനസ്സിലേക്ക് പ്രതിഫലിപ്പിക്കുന്ന രചനാ വൈഭവം എഴുത്തുകാരന്റെ ചിന്താശേഷിയെ പ്രതിഫലിപ്പിക്കുന്നുണ്ട്.
പ്രധാന ചരിത്ര ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ അൽ അമീന്റെ ചെറുപ്രായ ചരിത്രങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചത് പുസ്തകത്തിന്റെ വേറിട്ടൊരു പ്രത്യേകതയാണ്. പിതാവിന്റെയും മാതാവിന്റെയും ജീവിതാനന്തരം പിതാമഹന്റെ സ്നേഹവാത്സല്യവും നേർവഴിയിലൂടെയുള്ള സൂക്ഷ്മബോധനവും വളരെ ആസ്വാദ്യകരമായി ചർച്ച ചെയ്യുന്നു. വാദിയിൽ നിറഞ്ഞു നിന്നിരുന്ന മുഹമ്മദിനെ അന്വേഷിക്കുന്ന അബൂ ത്വാലിബിന്റെ ആധിയും ഇസ്ലാമിക പ്രബോധനത്തിനുള്ള പിന്തുണയും നബി ജീവിതത്തിൽ ആശ്വാസമായി മാറിയിരുന്നു.
തന്റെ സൂക്ഷ്മ ജീവിതത്തിൽ നിറഞ്ഞു നിന്ന ഓരോ കഥാപാത്രങ്ങളും നിർവഹിക്കുന്ന പങ്ക് അനന്തര വിജയത്തിലേക്കായിരുന്നു. ജീവിതം പഠിപ്പിച്ച പാഠങ്ങൾ എന്നും അവർക്ക് സാന്ത്വനമാണ്. വിശ്വാസർപ്പണം ആശ്വസമാണ്. നബി ജീവിതം പ്രവിശാലമാണ്. പ്രയാസങ്ങളിൽ നിന്നും നേടിയെടുത്ത വിജയക്കഥയിൽ മറഞ്ഞിരിക്കുന്ന ഭാഗങ്ങൾ ഒപ്പിയെടുത്ത് ആയിരത്തൊന്ന് കഥകളാക്കി വായനക്കാർക്ക് സമർപ്പിച്ചത് എന്നന്നേക്കുമുള്ളൊരു അമൂല്യസ്വത്താണ്. ഐ പി ബി യാണ് പുസ്തകത്തിൻ്റെ പ്രസാധനം നിർവഹിച്ചിട്ടുള്ളത്.


