പ്രകാശം പരത്തിയ ഹുബ്ബെഴുത്ത്

ഒരാളിലൂടെ പൂർണ പ്രയാണം നടത്തുമ്പോഴാണ് അവരെക്കുറിച്ച് നാമറിവുള്ളവരാകുന്നത്. അറിഞ്ഞവതരിപ്പിക്കുന്നതിലാണ് വ്യക്തവും സ്വീകാര്യതയും ലഭിക്കുന്നത്. സിറാജുൽ മുനീറായ ഹബീബ്(സ്വ)യുടെ ജീവരേഖകൾ ലോകത്തെക്കാലത്തും വായിച്ചറിയാനുതകുന്നതാണ്. ഡോ: മുഹമ്മദ്‌ ഫാറൂഖ് നഈമി ഉസ്താദിന്റെ മഹബ്ബ ട്വീറ്റുകൾ മുത്ത്നബിയുടെ ധന്യജീവിത വായനക്കുള്ള ഒരെളുപ്പ വഴിയുമാണ്. ആ വഴിയിലൂടെ വെണ്മ നിറഞ്ഞ തിരുജീവിതത്തെ കറപുരളാതെ അനുഭവിക്കാം.

അൽപ്പജ്ഞാനികളുടെ വാക്കിൽ വഴുതി ഹബീബ്(സ്വ)യെ മനസ്സിലാക്കുന്നതിൽ താളം പിഴച്ചവർക്കു നേരറിയാനുള്ള അക്ഷരക്കൂട്ടങ്ങളാണ് മഹബ്ബ ട്വീറ്റുകൾ. വാക്കുകളിൽ ലാളിത്യം ചേർത്തി, ഏവർക്കും സ്വീകാര്യമായ ആ ജീവിതയാമങ്ങളെ ചെറുകുറിപ്പുകളായി ദിനവും പൊതു വാളിൽ പ്രദർശിപ്പിക്കുകയാണ് രചയിതാവ്. വിശുദ്ധ ഗ്രന്ഥങ്ങളിലെ ഉല്ലേഖനങ്ങൾ ചേർത്തുള്ള മഹൽ ജീവിത രചനാ വ്യവഹാരം സീറത്തുന്നബി പഠിതാക്കൾക്കു കൂടുതൽ ഫലമേകുന്നതുമാണ്.

മദീന സവിധത്തിലെ സത്കാരത്തിലേക്കെത്തിയ അതിഥിയുടെ വരവിന്റെ ഉദ്ദേശ്യശുദ്ധിയറിയാൻ മുത്ത്നബിക്കൊരാഗ്രഹം. ഉടനെ യാതൊരു സങ്കോചവും കൂടാതെ അദ്ദേഹം “തിരു സവിധത്തിലെ ധനസമ്പത്ത് പ്രതീക്ഷിച്ചാരും വരില്ല. കാരണം, അറിവിന്റെയും മനുഷ്യപ്പറ്റിന്റെയും സമ്പന്നതയാണിവിടെയെന്നു ലോകർക്കറിയാം. സ്നേഹ ഹൃദയരായവരിലേക്കു ഭയന്നും വരേണ്ടതില്ലല്ലോ” എന്നു പറയുമ്പോൾ അവിടുത്തെ സ്വീകാര്യതയുടെ വലുപ്പം നമുക്കു മനസ്സിലാക്കാം. ആരെയും നോവിക്കാതെ, സ്നേഹവും കരുണയും ചുരത്തിയുള്ള പ്രവാചക നിമിഷങ്ങളിലൂടെ എത്ര മനോഹരമായാണ് മഹബ്ബ ട്വീറ്റുകൾ വായനക്കാരുടെ ഉള്ളുതൊടുന്നത്.

ഒരു വർഷം പൂർണമായി ഹബീബ് (സ്വ) യെ അവതരിപ്പിക്കാനൊരുങ്ങിയ നഈമി ഉസ്താദിന് ഫുൾ സ്റ്റോപ്പിടാൻ, അവിടുത്തെ ജീവിതം വരഞ്ഞു കൊതി തീർന്നില്ല. തിരുജീവിത ചരിത്ര സഞ്ചാരം രണ്ടു വർഷം പൂർത്തിയായി മൂന്നു തികയാനൊരുങ്ങുകയാണ്. പ്രവാചക ഖിസ്സയുടെ ഈ യാത്രക്കിടയിൽ നാന്നൂറ്റി ഇരുപത് ട്വീറ്റുകൾ ഉൾച്ചേർത്ത് ഐ പി ബി പബ്ലിഷിൽ മുഹമ്മദ്‌ നബി(സ്വ) എന്ന തലവാചകത്തിൽ മൂന്നു പുസ്തകങ്ങൾ പ്രകാശം കൊണ്ടിട്ടുണ്ട്. നാലും അഞ്ചും ഭാഗങ്ങൾ പുറം കാണാൻ അണിയറയിൽ വെമ്പൽ കൊള്ളുന്നുമുണ്ട്. മുഹമ്മദ്‌ നബി(സ്വ) എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് ട്രാൻസ്ലേഷനും അരമനയിൽ മഷിചുരത്തിക്കൊണ്ടിരിക്കുന്നു. സത്സമൃദ്ധി നിറഞ്ഞ മുത്ത്നബി(സ്വ) യുടെ ജീവനിമിഷങ്ങളറിയാൻ ആയിരങ്ങളുടെ അഭിലാഷങ്ങളാണ് നഈമി ഉസ്താദിന്റെ ട്വീറ്റുകൾക്കു പ്രതീക്ഷയേകുന്നത്.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!