അനുധാവനത്തിൻ്റെ വർത്തമാനങ്ങൾ

സമൂഹത്തിൽ ഉന്നതരെന്നു ബോധിക്കുന്ന വ്യക്തിയെ റോൾമോഡലാക്കാനുള്ള ധൃതിയിലാണ് മനുഷ്യസമൂഹം.
ഓരോരുത്തരും അവരറിഞ്ഞതിൽ വച്ച് ഏറ്റവുമുയർന്ന സ്ഥാനത്തു നിൽക്കുന്നവരെയാണ് അനുകരിക്കാൻ ശ്രമിക്കുന്നത്. വ്യക്തവും കൃത്യവുമായി ഒരു വ്യക്തിയെ പൂർണ്ണമായി പഠിക്കുവാൻ മാത്രം പാകപ്പെട്ട ചരിത്രം പ്രവാചകരുടേതല്ലാതെ മറ്റൊന്ന് വിരചിതമായിട്ടില്ല. അത്തരമൊരു അനുകരണത്തിന്റെ ആശയമുൾക്കൊള്ളുന്ന പുസ്തകമാണ് ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉസ്താദിന്റെ
‘അനുധാവനത്തിന്റെ ആനന്ദം’. വായനക്കാരന്റെ ഹൃദയത്തിൽ അനുകരണത്തിന്റെ ആഴക്കടലിലേക്കുള്ള പാതയാണ് പുസ്തകം തുറന്നുവെക്കുന്നത്. ഇശ്ഖിന്റെ കടലോരം കാണാത്തവർക്ക് പോലും അനുരാഗത്തിന്റെ മഹാസാഗരം തിരയടിക്കുന്നുണ്ട് പുസ്തകത്തിൽ. ജീവിതഭാരങ്ങൾ പേറുന്നതിനിടയിൽ തിരുചര്യകൾ ജീവിതത്തോട് ചേർക്കാതെ ജീർണിച്ചു പോയ ഒരു പറ്റം മനുഷ്യരുടെ ജീവിതത്തിൽ അനുധാവനത്തിന്റെ ആനന്ദം എത്രമാത്രം ജ്വലിക്കുന്നുവെന്നും പുസ്തകത്തിലൂടെ വായിക്കാനാകും. പേര്, ശരീരം, ജീവിതം, ഭക്ഷണം, ആരോഗ്യം, സംസാരം, ഇടപെടൽ, സ്വഭാവം, വഫാത് തുടങ്ങി തിരുദൂതരുടെ ജീവിതത്തിൻ്റെ നിഖില മേഖലകളും അവസരങ്ങളും നിമിഷങ്ങളും ഒപ്പിയെടുത്തു കൊണ്ടാണ് പുസ്തകത്തിൻ്റെ സഞ്ചാരം. ദീർഘമായി പറഞ്ഞ് അലോസരപ്പെടുത്തുകയോ മൂന്നു വരിയിൽ ചുരുക്കി ആശങ്ക പരത്തുകയോ ചെയ്യുന്നില്ല. ഏതു സാധാരണക്കാരനും മുത്തുനബിയെ കുറിച്ച് ആരംഭം മുതൽ അവസാനം വരെ കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ജീവിതത്തിൻ്റെ നേർചിത്രമാണ് പുസ്തകം വിവരിക്കുന്നത്.

കെട്ടിലും മട്ടിലും വളരെ ചിട്ടയോടു കൂടെയാണ് ഗ്രന്ഥകാരൻ ഇതിലെ ഓരോ അധ്യായങ്ങളും കോർത്തിണക്കിയിട്ടുള്ളത്. നിത്യ ജീവിതത്തിൽ നിസാരമായി ചെയ്യുന്ന പലകാര്യങ്ങളും തിരുജീവിതത്തോട് ചേർത്തുവെച്ച് ആനന്ദം നൽകുകയാണ് രചന. ഹൃദയാന്തരങ്ങളുടെ നീളൻ കോലായിൽ നബി തിരുമേനിയുടെ സഹവാസം അനുഭവിച്ച പ്രതീതിയോടെയല്ലാതെ ഈ പുസ്തകം വായിച്ചുതീർക്കൽ അസാധ്യമാണ്. ഇന്നും ജീവനുള്ള ഒരുപാടു പകർപ്പുകളാണ് പുസ്തകത്തിൻ്റെ അവതരണത്തിൽ വലിയ പങ്കുവഹിക്കുന്നത്. ചരിത്ര സാഹചര്യങ്ങൾക്കിടയിലൂടെ അവിടുത്തെ മര്യാദകളും ചിട്ടകളും സൂക്ഷ്മതകളും കൂടി പുസ്തകം ചേർത്തുപിടിക്കുന്നുണ്ട്. ‘ ഉള്ളു ചുവന്ന വെള്ള നിറം നബി…’ തുടങ്ങിയ വരികൾ പോലെ ഓരോ അധ്യായത്തിനും മുൻപിലും അതിനോട് യോജിച്ച പ്രധാന വാക്യങ്ങൾ ഉൾക്കൊള്ളിച്ചത് വായനക്കാരെ കൂടുതൽ സ്വാധീനിക്കുന്നതാണ്. ഓരോ അധ്യായങ്ങളുടെയും ആദ്യഭാഗം മറിക്കുമ്പോൾ ആകാംക്ഷയുടെ ഒരു പെരുമഴതന്നെ പെയ്തൊഴിയുന്നുണ്ട്. ഒന്നിൽ കൂടുതൽ തവണ വായിച്ചാലും വ്യത്യസ്ത അനുഭവങ്ങളാണ് വായന സമ്മാനിക്കുന്നത്.

തിരുദൂതരെ വർണിക്കുന്നതിൽ, അവിടുത്തെ ജീവിതം അടയാളപ്പെടുത്തുന്നതിൽ മാസ്മരിക ശക്തിയാണ് അനുധാവനത്തിന്റെ ആനന്ദമെന്ന ഈ രചന.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!