സ്നേഹാവതരണത്തിൻ്റെ മുപ്പത്തിരണ്ടു രാവുകൾ

 

 

“ഉപ്പാ…, ഞാനും ഉമ്മയും അങ്ങാടിയിൽ നിന്നു വരുമ്പോൾ പള്ളിമിനാരങ്ങളും വഴികളും അലങ്കരിച്ചതായി കണ്ടു. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പലനിറത്തിലുള്ള അലങ്കാര വെളിച്ചങ്ങൾ. എന്തെങ്കിലും ആഘോഷം വരുന്നുണ്ടോ ?”

“മോളെ, നാളെ നമ്മുടെ പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ്”

ശിശിരകാലത്തെ ഒരു തണുത്ത രാത്രിയിൽ നെരിപ്പോടിനരികിലിരുന്ന് ടിറാനയിലെ തൻ്റെ ഉറ്റസുഹൃത്ത് ഹസനുമായി ഓർമകൾ പങ്കുവെക്കുകയായിരുന്നു ഇമാം. പതിമൂന്നു വർഷക്കാലത്തെ ദീർഘമായ ഇടവേളയ്ക്കു ശേഷമുള്ള കൂടിക്കാഴ്ചയാണ്. അതിനിടെയാണ് ഹസന്റെ കൊച്ചുമകൾ ഫാത്തിമ അവിടെ ഓടിയെത്തി കൗതുകം പങ്കുവെച്ചത്.

 

“ഉപ്പ എനിക്ക് നബിയെക്കുറിച്ച് പറഞ്ഞു തരുമോ ?” ഫാത്തിമ മോളുടെ അടുത്ത ചോദ്യം. ഇതെൻ്റെ ചങ്ങാതിയാണ്. ഇന്ന് ഞങ്ങൾക്കു കുറച്ചു സംസാരിക്കാനുണ്ട്. വെള്ളിയാഴ്ച മുതൽ നമുക്ക് നബിയുടെ കഥകൾ പറഞ്ഞു തുടങ്ങാം. പിതാവിൻ്റെ വാത്സല്യത്തോടെയുള്ള മറുപടി. കൂടിക്കാഴ്ചയുടെ അവസാനം സുഹൃത്തിനോട് ഒരു അപേക്ഷ മുന്നില്‍ വച്ചു, വെള്ളിയാഴ്ച മുതൽ നബികഥകൾ കേൾക്കാൻ ഞാനും പോന്നോട്ടെ.

അമേരിക്കൻ മുസ്‌ലിമായ കൂട്ടുകാരൻ ഹസൻ മകൾ ഫാത്തിമക്കു മുപ്പത്തിരണ്ടു രാവുകളിലായി പറഞ്ഞുകൊടുത്ത പ്രവാചകകഥകളാണ് ‘ മുഹമ്മദ്ﷺ; ദി ലാസ്റ്റ് പ്രൊഫറ്റ് ‘ എന്ന പുസ്തകമായി രൂപപ്പെടുന്നത്. ആധുനികതയുടെ ഓളപ്പരപ്പിൽ ദിശതെറ്റുന്ന ബാല്യങ്ങൾക്കു പ്രവാചകനെ പരിചയപ്പെടുത്തുക എന്ന ആഗ്രഹത്തിൻ്റെ പൂർത്തീകരണമായി ഗ്രന്ഥകാരൻ ഇമാം വഹബി ഇസ്മാഈൽ രചനയെ വിലയിരുത്തുന്നു. ഐ പി ബി പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ വിവർത്തനം നിർവഹിച്ചത് എ.പി കുഞ്ഞാമുവാണ്.

 

പ്രാചീന അറേബ്യ, തിരുനബിയുടെ ജനനം, ബാല്യം, പ്രവാചകത്വം, കാരുണ്യം, ത്യാഗം, ധർമസമരങ്ങൾ, വഫാത് തുടങ്ങി തിരുനബിയുടെ ജീവിത സന്ധികളുടെ നെല്ലും പതിരും വേർതിരിച്ചു വള്ളിപുള്ളി വിടാതെ രേഖപ്പെടുത്തപ്പെട്ട ആറുപതിറ്റാണ്ടു കാലത്തെ ജീവിത സന്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ് പുസ്തകം. ഒരു കൊച്ചു കുട്ടിയുടെ മുമ്പിൽ അവതരിപ്പിക്കുന്ന ശൈലി തന്നെയാണ് രചനയുടെ സൗന്ദര്യവും ആകർഷണീയതയും.

നബി വായനകൾ മനസ്സിന് ഉണർവേകുന്നതും വരണ്ടുണങ്ങിയ ഹൃദയങ്ങൾക്കകത്ത് സമാശ്വാസത്തിന്റെ ഈർപ്പം പകരുന്നതുമാണ്. സന്തോഷ സന്താപങ്ങളുടെ സമ്മിശ്ര വികാരങ്ങൾ വായനക്കാരനിൽ കടന്നുവരും. നയനങ്ങൾ ഈറനണിയാതെ അവ വായിച്ചു തീർക്കാനാവില്ല. ഒരു യുഗത്തിന്റെ ചരിത്രമാണത്. അല്ല, ഒരായിരം ജീവിതങ്ങളുടെ വായനയാണ്. അനേകകോടി ജന്മങ്ങൾക്കുള്ള മാർഗപുസ്തകമാണ്. സാർവകാലികമായ ഒരു സംഹിതയുടെ പ്രകാശനമാണ്.

 

നെഹ്റു മകൾക്കെഴുതിയ കത്തിലുള്ള ചരിത്ര വിവരണങ്ങളെപ്പോലെ കഥപറച്ചിലുകളിലൂടെ മകൾക്ക് ചരിത്രാവബോധം പകരുന്ന ഒരു രക്ഷിതാവിനെ ഹസനിൽ കാണാനാകും. ഓരോ രാത്രിയും കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ തൊട്ടടുത്ത അധ്യായം കേൾക്കാനുള്ള തിടുക്കം ആ പെൺകുട്ടിയിലും ഗ്രന്ഥകാരനിലും ഒരുപോലെ ദൃശ്യമാണ്. ഇരുപത്തിയെട്ടാം രാവിൻ്റെ ഒടുക്കം തിരുനബിയുടെ വിയോഗമാണ്. വിവരണങ്ങൾക്കിടെ കഥാകാരൻ വികാരാധീനനാവുന്നുണ്ട്. സമാപിക്കുമ്പോൾ തന്റെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയ ബാഷ്പകണങ്ങൾ തുടക്കുന്ന മകളെയാണ് ഹസൻ കാണുന്നത്.

 

ബദ്റും ഉഹ്ദും ഹുദൈബിയ്യയുമെല്ലാം ഹബീബിന്റെയും അനുചരരുടെയും ത്യാഗകഥകൾ അയവിറക്കുന്നതോടൊപ്പം അനവധി ജീവിതമൂല്യങ്ങളും പതറാത്ത മനസ്സുറപ്പും വായനക്കാരനിൽ രൂപപ്പെടുത്തുന്നു. നീതിബോധമുള്ള ഒരു രാഷ്ട്രനേതാവിനെയും വാത്സല്യക്കനിയായ പിതാവിനെയും സ്നേഹനിധിയായ ഭർത്താവിനെയും അകങ്ങളിൽ വെട്ടം വിതറുന്ന ഗുരുനാഥനെയും മുപ്പത്തിരണ്ട് അധ്യായങ്ങൾക്കിടയിൽ വായിച്ചു തീർക്കാനാകും. മദീനയിലെ ബഹുസ്വര രാഷ്ട്ര രൂപീകരണത്തിൻ്റെയും അറഫാ പ്രഭാഷണത്തിൻ്റെയും വിവരണങ്ങളിൽ നൂറ്റാണ്ടുകൾക്കു മുമ്പേ ദീർഘവീക്ഷണത്തോടെ ഉരുത്തിരിച്ചെടുത്ത പ്രവാചക രാഷ്ട്രീയ മൂല്യങ്ങളെയും സാമൂഹിക പരിവർത്തനത്തിൻ്റെ മഹിതമന്ത്രങ്ങളെയും പാശ്ചാത്യലോകത്തെ യുവഹൃദയങ്ങളിൽ സന്നിവേശിപ്പിക്കാനുള്ള ശ്രമം കാണാനാകും. മാർട്ടിൻ ലൂഥർ കിംഗിനെയും ലിങ്കണെയും റൂസ്വെൽറ്റിനെയും വായിക്കുന്നതിനു മുമ്പേ ലോകത്ത് വിപ്ലവങ്ങൾ സാധ്യമാക്കിയ എണ്ണമറ്റ സാമൂഹ്യപരിഷ്‌കർത്താക്കളെ സ്വാധീനിച്ച മുഹമ്മദ് നബിയെ ആ അമേരിക്കൻ വിദ്യാർത്ഥിനി അടുത്തറിയുകയാണ്

‘ Histoire de la Turghi’ എന്ന ഗ്രന്ഥത്തിൽ “ലക്ഷ്യത്തിൻ്റെ വലുപ്പവും മാർഗങ്ങളുടെ കുറവും അമ്പരപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യ പ്രതിഭയുടെ മൂന്നു മാനദണ്ഡങ്ങളെങ്കിൽ മുഹമ്മദ് നബിയോട് തുലനം ചെയ്യാവുന്ന ഏത് മഹാനുണ്ട് ചരിത്രത്തിൽ?” എന്ന് ലാമാർട്ടിൻ ചോദിക്കുന്നുണ്. ‘The Hundred ‘ ൽ എച്ച് ഹാർട്ട് പ്രവാചകരെ പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിച്ചതും ഇതേ ചിന്തയിൽ നിന്നാണ്.

 

അൽബേനിയൻ മുസ്‌ലിംകളുടെ ഇമാമായി യുണൈറ്റഡ് സ്റ്റേറ്റിൽ എത്തിയതു മുതൽ അമേരിക്കയിലെ യുവജനങ്ങൾക്ക് ഇസ്‌ലാമിനെ വായിക്കാൻ അവസരമൊരുക്കണമെന്ന ചിന്തയാണ് ‘ദി ലാസ്റ്റ് പ്രൊഫറ്റ്’ പുസ്തകത്തിന്റെ പിറവിക്കു കാരണമാകുന്നത്. രചന ശൈലിയിലെ ലാളിത്യത്തിന്റെ സാംഗത്യവും അതുതന്നെയാണ്. രചനശൈലിയിലെ ലാളിത്യം തന്നെ പുസ്തകം അതിൻ്റെ അടിസ്ഥാന ലക്ഷ്യം നേടിയിട്ടുണ്ടെന്നതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സിറാജുദ്ദീൻ പെരുമുഖം

സിറാജുദ്ദീൻ പെരുമുഖം

വിദ്യാർത്ഥി, ലേഖകൻ

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!