നബിസ്നേഹത്തിൻ്റെ പരമാർത്ഥങ്ങൾ

രചനകൾ മനസ്സിൽ നിന്നു മനസ്സിലേക്കാകുമ്പോൾ ഏറ്റവും ഹൃദ്യമാകുന്നു. രചന പ്രവാചകനെ സംബന്ധിച്ചാകുമ്പോൾ ഇരട്ടിഫലം. പ്രവാചക പ്രണയത്തിൽ അനുചരർ കാത്തുസൂക്ഷിച്ച പരമാർത്ഥമായ രഹസ്യങ്ങളെ, മനസ്സിലേക്കു പതിപ്പിക്കുന്ന ഗ്രന്ഥമാണ് ഹബീബ് അലി ജിഫ്രിയുടെ സിർറുൽ ഖുസൂസിയ്യ ഫീ ഇർത്വി ബാതി ഖൈറിൽ ബരിയ്യ. നിഗൂഢമായ സ്നേഹത്തിന്റെ പൊരുൾ അന്വേഷിക്കുന്ന അനുരാഗിയുടെ ആത്മാർത്താവിഷ്കാരം. മുത്ത്നബിയെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ മനസ്സിൽ നിന്നും നെയ്തെടുത്ത ഹൃദയത്തിൽ നിന്നുമെയ്ത വാക്ശരങ്ങൾ. ഭാഷയുടെ സാരള്യവും ആശയത്തിന്റെ സുതാര്യതയും സംവേദനാത്മകതയും അതിശയിപ്പിക്കുന്നതാണീ അറബി ഗ്രന്ഥം.

 

തിരുനബിയോടുള്ള പ്രണയം ഇസ്‌ലാമിന്റെ അന്തസത്തയാണ്. പ്രവാചകരുടെ കാലം മുതൽ സമകാലിക ലോകം വരെ ആ പ്രണയത്തിൻ്റെ വെളിച്ചം വിശ്വാസിയുടെ ഹൃദയാന്തരങ്ങളിലേക്കു വീശുന്നുണ്ട്. പക്ഷേ, ഏറ്റക്കുറച്ചിലുകൾ ഇല്ലാതെയല്ലിത്. പ്രവാചകരിലൂടെ ഉണരുന്ന ദിനം പ്രവാചകരിലൂടെ തന്നെ കിടക്കപ്പായിലേക്കും പോകുന്നു. ഇതിന്റെ തുടർച്ചയാണ് ലോകത്തിന്റെ ഉണർച്ചയും ഉറക്കവും തിരുനബിയിലേക്കു സന്നിവേശിപ്പിച്ചത്. അധർമത്തിൽ നിന്നു ധർമത്തിലേക്കും അനീതിയിൽ നിന്നു നീതിയിലേക്കും അരാഷ്ട്രീയതയിൽ നിന്നു രാഷ്ട്രീയതയിലേക്കും ഇങ്ങനെയിങ്ങനെ, അവിടുത്തെ തലോടലിലൂടെ മാത്രമാണു നാം അനുഭവിക്കുന്നത്. ഏകാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കു വെളിച്ചം വീശാൻ പയറ്റിയ മജ്ലിസുശൂറ ഇന്ന് ബ്യൂറോക്രസിയിലെത്തി നിൽക്കുന്നു. അവിടത്തോടുള്ള സ്നേഹം പ്രണയമാകുന്നതും സ്നേഹത്തിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നതിലൂടെയും അനുചരർ തീർത്ത വിസ്മയപാഠങ്ങൾ സാരോപദേശമായി വായനക്കാർക്കു നൽകുകയാണ് ലോകപ്രശസ്ത പണ്ഡിതനായ ഹബീബ് അലി ജിഫ്രി.

 

അല്ലാഹുവിനെ അനുസരിക്കാൻ തിരുനബിയെ അനുസരിക്കണമെന്നാണ് ഖുർആൻ പറയുന്നത്. അവിടത്തോടുള്ള സ്നേഹമാണ് അല്ലാഹുവിനോടുള്ള സ്നേഹം. നേതാവെന്ന സ്ഥാനത്തേക്ക് വിശ്വാസി പ്രവാചകരെ പ്രതിഷ്ഠിക്കുമ്പോൾ, അല്ലാഹു അവന്റെ നേതാവായി മാറുന്നു. അല്ലാഹുവിനെ സ്നേഹിക്കാൻ തിരുനബിയെ സ്നേഹിക്കുന്നതിലൂടെ തിരുനബിയെ പിന്തുടരുന്നു. അവിടത്തോടുള്ള സ്നേഹത്തിന്റെ തെളിവ് തന്നെയാണ് ഈ പിന്തുടർച്ച. പ്രണയത്തിന്റെ മൂന്നു ഘട്ടങ്ങളായ അനുകരണം, സേവനം, സമർപ്പണം എന്നിവയിലേക്കുള്ള അനുചരരുടെ മാനസികപ്രയാണത്തെ വരച്ചുകാട്ടുകയാണിവിടം. ദൈർഘ്യമേറിയ മനുഷ്യജീവിതത്തിന്റെ കുറഞ്ഞ കാലഘട്ടം മാത്രമാണ് ഈ ലോകം. മനുഷ്യക്കുഞ്ഞായി പിറന്നതു മുതൽ, മരണം വരെയാണ് ഈ ചെറിയ ഘട്ടമെങ്കിലും സുദീർഘമായ ജീവിതത്തിന്റെ മുഖ്യഘടകവും ഇതു തന്നെ. ഈ കാലഘട്ടത്തിലെ സമ്പാദ്യമാണ് മനുഷ്യായുസ്സിന്റെ അവസാന ഘട്ടങ്ങളിൽ അനുഭവിക്കേണ്ടി വരുന്നത്. ഈ ഉണ്മയുടെ പരമലക്ഷ്യം തന്നെ നാഥനിലേക്കുള്ള പ്രയാണമാണ്. അതിനുള്ള വഴികാട്ടിയായ പരിപൂർണനായ തിരുനബിയോട് മാത്രമാണ് സാധ്യമെന്നു ഗ്രന്ഥത്തിന്റെ ആദ്യഭാഗങ്ങളിൽ ഗ്രന്ഥകാരൻ പറയുന്നു.

 

തിരുനബിയെ മനുഷ്യരിൽ നിന്നു തന്നെ തിരഞ്ഞെടുക്കാൻ കാരണം, മനുഷ്യരായ അവിടുത്തെ അനുചരർക്കു പിന്തുടരാനുതകുന്നത് തിരുനബി മനുഷ്യനാകുന്നതിലൂടെയാണ്. ക്രിസ്തുമത വിശ്വാസികൾ കൽപ്പിക്കുന്ന ഈസാ നബിയുടെ പൂർണതയുടെ മാനദണ്ഡങ്ങൾ തികച്ചും അബദ്ധമാണ്. മനുഷ്യജന്മത്തിന്റെ പല വാസനകളും നിരാകരിച്ചുകൊണ്ടു മാത്രമേ പൂർണത കൈവരിക്കാനാകൂ, മനുഷ്യവാസനകളെ വെടിഞ്ഞു വെറുമൊരു സന്യാസിയായി അവിവാഹിതനായി ജീവിക്കണമെന്നെല്ലാം ഇവർ മനസ്സിലാക്കുന്നു. അതിനാൽ തന്നെയാണ് നാഥൻ പ്രവാചകരോട് “ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യനാണ്” എന്നു പറയാൻ കൽപ്പിച്ചതും. ഇതിലൂടെ പ്രവാചകർ മനുഷ്യനാണെന്നും മനുഷ്യർക്ക് പിന്തുടരാൻ സാധിക്കുന്നതാണെന്നും അവിടന്ന് നാഥന്റെ ദിവ്യബോധം ലഭിച്ചുവെന്നതാണ് ഇതര മനുഷ്യരുമായി തിരുനബിയുടെ അടിസ്ഥാന വ്യത്യാസമെന്നും മനസ്സിലാക്കപ്പെടുന്നു. അതിനാൽ തന്നെയാണ് അല്ലാഹു വിശുദ്ധ ഗ്രന്ഥത്തിലൂടെ പറഞ്ഞത്‚ “ചന്തകളിലൂടെ നടക്കുന്ന ഭക്ഷണം കഴിക്കുന്നവരെ അല്ലാത്ത നബിയെ നിങ്ങൾക്കു മുമ്പും ഞാൻ പ്രവാചകനായി അയച്ചിട്ടില്ല”. തിരുനബിയിലെ മനുഷ്യപ്രകൃതം ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ പുറംലോകവുമായി ഒരു ബന്ധമില്ലാതെ, ദേവാലയങ്ങളിൽ ഒരു പുരോഹിതനായി ദുർമാർഗികളായി പുറംലോകത്തോട് ഇടപെടാൻ തുനിയുന്നവരോ ആയി മാറുമായിരുന്നു തിരുനബിയുടെ സമൂഹം. തിരുനബി വിവാഹജീവിതം നയിച്ചതിനാലും, ഉറങ്ങി എന്നതിനാലുമെല്ലാം നമുക്ക് വിവാഹ ജീവിതത്തിലും ഉറക്കിലുമെല്ലാം തിരുനബിയെ അനുധാവനം ചെയ്യാൻ സാധിക്കും. ഇല്ലായിരുന്നുവെങ്കിൽ, വിവാഹജീവിതമില്ലാതെ, ഉറങ്ങാതെ മാത്രമേ പരിപൂർണനാകാൻ സാധിക്കൂയെന്നു സമൂഹം പറയുമായിരുന്നു. എന്നിരുന്നാലും തിരുനബിയുടെ മനുഷ്യപ്രകൃതം പൂർണമായും മനുഷ്യനുതകുന്നതല്ല. പ്രവാചകർ ഉറങ്ങുമ്പോഴും കണ്ണുകൾ മാത്രമാണ് ഉറങ്ങുന്നത്, ഹൃദയം ഉണർവിലാണ്. അതിനാൽ തന്നെ പ്രവാചകരിൽ നിന്നു പിന്തുടരേണ്ടത് ഉറക്കത്തിന്റെ മര്യാദകളും ചര്യയുമാണ്. അസാധ്യമായ ചിലതിവിടം മിച്ചമുണ്ട്.

 

പ്രവാചകരോടുള്ള അനുരാഗത്തിൽ അനുചരർ അവരെക്കാൾ ആരാധനാകർമങ്ങൾ ചെയ്യുന്നതും താബിഉകളെക്കാൾ മുൻപന്തിയിലാണ്. അനുധാവനത്തിന്റെ മെച്ചവും ഇതുതന്നെയാണ്. ഹസനുൽ ബസരിയെക്കാൾ അറിവുള്ളവരോ രാത്രിയിൽ 300 റക്അത് നിസ്കരിച്ച് പകലിൽ മുഴുവൻ ഖുർആൻ പാരായണം ചെയ്യുന്ന റാബിഅ് അൽ ബുന്നാനിയെക്കാൾ ഭക്തരോ അല്ലാത്ത ഒട്ടേറെ പേർ അനുചരരിൽ ഉണ്ടായിരുന്നു. അവർ തിരുനബിയെ നേരിൽ സമീപിച്ചതോടെ തിരുനബിയായി മാറുകയായിരുന്നു അവരുടെ ജീവിതം. അവരുടെ ഹൃദയങ്ങൾ തിരുപ്രകാശത്തിലൂടെ ശോഭിക്കുകയുമുണ്ടായി. അനുചരരുടെ അനുധാവനം മൂലം അവരുടെ ദേഹേച്ഛകൾ തന്നെ ഹബീബിനോടു യോജിച്ചതും അവരുടെ താത്പര്യത്തിനുതകുന്നതുമായിരുന്നു. അനസ് (റ) പറയുന്നു: “ഒരു തുന്നൽക്കാരന്റെ സത്കാരത്തിന് ഞാനും തിരുനബിയുടെ കൂടെ പോയി. നബി തങ്ങൾ പാത്രത്തിൽ ചുരങ്ങ പരത്തുന്നതായി ഞാൻ ശ്രദ്ധിച്ചു. അന്നുമുതൽ ചുരങ്ങ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറി. ” ഇവിടെ സ്വഹാബത്തിന്റെ സ്നേഹത്തിന്റെ, അനുധാവനത്തിന്റെ ആഴം വ്യക്തമാക്കുന്ന ‘പ്രിയപ്പെട്ട ഇനം’ എന്ന പ്രയോഗമാണ് മഹാൻ നടത്തിയത്. സർവകർമങ്ങളിലും വളരെ താത്ര്യത്തോടെ ഒരാൾ തിരുനബിയെ പിൻപറ്റണമെങ്കിൽ, ഹൃദയങ്ങൾ പരസ്പരം ചേർന്നു ഗാഢമായ പ്രണയത്തിൽ നിന്ന് അനുകരണം രൂപപ്പെടണം. അല്ലാതെ ബാഹ്യമായ അനുകരണം ഒരിക്കലും പരിപൂർണമല്ല.

 

തിരുനബിയുടെ പെരുമാറ്റരീതിയും അതിനെ അനുചരർ പിന്തുടരുന്നതിലൂടെ സമുദായത്തിന്റെ നേതാക്കന്മാരായി പരിവർത്തിക്കുന്നതും ഗ്രന്ഥത്തിൽ മികവുറ്റ രീതിയിൽ ഗ്രന്ഥകാരൻ പറഞ്ഞുവെച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളിലും പ്രവാചകരെ അപകീർത്തിപ്പെടുത്തുന്നവരെ, വസ്തുതാപരമായി വാദത്തെ നിർവീര്യമാക്കാനും പ്രവാചക അനുധാവനം ബാഹ്യതയിൽ മാത്രം നിർത്തേണ്ടതിൽ നിന്ന് ആന്തരിക തലത്തിലേക്കു വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. മലയാളഭാഷയിൽ നജീബ് നൂറാനി ഈ പുസ്തകം വ്യക്തവും സ്പഷ്ടവുമായ രീതിയിൽ ‘നബിപ്രണയത്തിന്റെ നിഗൂഢ രഹസ്യങ്ങൾ’ എന്ന പേരിൽ വിവർത്തനം ചെയ്തു. ഐ പി ബിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മൂല ഗ്രന്ഥവായനത്തിനും ഏറെ ഉപകാരപ്പെടുന്നതാണ് ഈ പുസ്തകം. വായനക്കാർക്ക് ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.

 

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!