Urava
  • Home
  • webzine
  • Articles
  • Fiction
    • Novel
    • Story
    • Poetry
  • Memoir
No Result
View All Result
  • Home
  • Contact
No Result
View All Result
Urava
No Result
View All Result
Home Articles

നന്ദി മൻമോഹൻ സിംഗ്, ഈ രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു

സഫ്‌വാനുൽ നബീൽ by സഫ്‌വാനുൽ നബീൽ
in Articles, Politics
Reading Time: 3 mins read
0

“എൻ്റെ കാഴ്ചപ്പാടിൽ, മൻമോഹൻ സിംഗ് ബുദ്ധിമാനും ചിന്താശീലനും രാഷ്ട്രീയമായി സത്യസന്ധനുമായ വ്യക്തിയാണ്. ഇന്ത്യയുടെ സാമ്പത്തിക വഴിത്തിരിവിൻ്റെ മുഖ്യ ശില്പിയെന്ന നിലയിൽ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പുരോഗതിയുടെ പ്രതീകമാണ്. ചെറിയ, ചിലപ്പോൾ പീഡിപ്പിക്കപ്പെട്ട സിഖ് സമുദായത്തിലെ അംഗം, ഈ രാജ്യത്തെ ഏറ്റവും ഉന്നത പദവിയിലേക്ക് ഉയർന്നു. ജനങ്ങളുടെ വിശ്വാസം നേടിയത് അവരുടെ വികാരങ്ങളെ ആകർഷിക്കുന്നതിലൂടെയല്ല, മറിച്ച് ആളുകൾക്ക് ഉയർന്ന ജീവിത നിലവാരം നൽകികൊണ്ടാണ് ” അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിനെ കുറിച്ച് മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക്ക് ഒബാമയുടെ നിരീക്ഷണമാണിത്. “അദ്ദേഹം സംസാരിക്കുമ്പോൾ ലോകം കാതോർക്കുന്നു ” എന്നും 2010 ലെ G20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഒബാമ മൻമോഹൻസിംഗിനെ പ്രശംസിച്ചു പറഞ്ഞിരുന്നു. സാമ്പത്തിക വിദഗ്ധനായ ഇന്ത്യൻ പ്രധാനമന്ത്രി എന്നതിനപ്പുറത്തേക്ക് മൻമോഹൻ സിംഗ് രാഷ്ട്രീയത്തിലും ജീവിതത്തിലും ഉയർത്തിപ്പിടിച്ച ധാർമിക മൂല്യങ്ങളുടെ, അക്കാഡമിക് ക്രെഡിറ്റുകളുടെ, സൗമ്യ വ്യക്തിത്വത്തിന്റെ, അഭിലഷണീയമായ പ്രതിപക്ഷ ബഹുമാനത്തിന്റെ അങ്ങനെ പറഞ്ഞാലോടുങ്ങാത്ത ഗുണ വിശേഷങ്ങളുടെ സംഗ്രഹ രൂപമായ മനുഷ്യനാണ് ഡോക്ടർ മൻമോഹൻ സിംഗ്.

ഈ രാജ്യത്തിലെ സാധാരണ പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയുള്ള നിയമനിർമാണങ്ങൾക്ക് ചുക്കാൻ പിടിക്കാനും, ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഇന്ത്യയെ തന്റെ വ്യക്തിപരമായ കഴിവുകൊണ്ട് പിടിച്ചു നിർത്തുവാനും അദ്ദേഹം കാണിച്ച ആർജ്ജവമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ പ്രൗഢി നിലനിർത്തുന്നത്. മൻമോഹൻ സിംഗ് പലപ്പോഴും ഒരു പരമ്പരാഗത രാഷ്ട്രീയക്കാരനെ പോലെ പെരുമാറിയിരുന്നില്ല. മറിച്ച് അദ്ദേഹം മികച്ച ഒരു അക്കാഡമിഷ്യൻ ആയിരുന്നു.താൻ പഠിച്ചും പയറ്റിയും തെളിഞ്ഞ സാമ്പത്തിക ശാസ്ത്രത്തിന്റെ ഗുണവശങ്ങൾ എങ്ങനെ സാധാരണക്കാർക്ക് ഉപകാരപ്പെടും എന്നതിനൊപ്പം ആഗോളവത്കരണത്തിൽ എങ്ങനെ രാജ്യത്തെ മറ്റു മുതലാളിത്ത രാജ്യങ്ങൾക്കൊപ്പം എത്തിക്കാം എന്നുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ പരീക്ഷണങ്ങളാണ് ഇന്ത്യയുടെ പരമോന്നതമായ പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തെ ചെന്നെത്തിക്കുന്നത്.

അദ്ദേഹം അധികാരമോഹി ആയിരുന്നില്ല. പകരം അധികാരങ്ങൾ അദ്ദേഹത്തെ തേടി വരികയാണ് ചെയ്തത്. ആറ് പ്രധാനമന്ത്രിമാർക്കൊപ്പം പ്രവർത്തിച്ചതിന്റെ പരിചയം, ആഗോള രാഷ്ട്രീയ ക്രമത്തിൽ അറിയപ്പെടുന്ന ഒരു രാജ്യത്തെ ധനകാര്യ മന്ത്രി, പ്രതിപക്ഷങ്ങൾക്കിടയിൽ പോലും ബഹുമാനമുള്ള വ്യക്തിത്വം അങ്ങനെയുള്ള വിശേഷണങ്ങൾ വേണ്ടുവോളം ആസ്വദിക്കുന്ന കാലത്താണ് അപ്രതീക്ഷിതമായിട്ടെങ്കിലും പ്രധാനമന്ത്രി പദത്തിലേക്ക് മൻമോഹൻസിംഗിനെ കോൺഗ്രസ് ആനയിക്കുന്നത്.

പ്രധാനമന്ത്രിയായിരുന്ന 10 വർഷക്കാലം ഇന്ത്യയുടെ അടിസ്ഥാന വർഗത്തെ പുരോഗതിയിലേക്കു കൊണ്ടുവരുന്നതിന് നിരവധി നിയമ നിർമാണങ്ങൾ ദീർഘവീക്ഷണത്തോടെ നടപ്പിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

വിവരാവകാശ നിയമമാണ് അതിൽ പ്രധാനപ്പെട്ടത്. ജനങ്ങളുടെ അറിയാനുളള അവകാശത്തെയായിരുന്നു മൻമോഹൻ സിംഗ് നിയമമാക്കിയത്. ഇത് പൊതുരംഗത്തുണ്ടാക്കിയ സുതാര്യത ചെറുതായിരുന്നില്ല. വിവാരാവകാശം നിയമം 2005ൽ പ്രാബല്യത്തിൽ വന്നതോടെ സർക്കാരിന്റെയോ സർക്കാർ സംവിധാനങ്ങളെയോ സംബന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കാൻ അധികാരികൾക്കു സാധിക്കാതെയായി. ഇതോടെ സർക്കാരുകൾക്കു നേരെ ചോദ്യമുയർത്താനും വാദങ്ങൾ നിരത്താനുമുള്ള കരുത്ത് സാധാരണ പൗരനും ലഭിച്ചു.

ഇന്ത്യയിൽ ബാലവിവാഹങ്ങൾ വർധിച്ച സമയത്ത്, രാജ്യത്ത് ആറ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കി കൊണ്ടുള്ള നിയമം കൊണ്ടുവന്നതും മൻമോഹൻ സിംഗായിരുന്നു. ഇതുകൂടാതെ ഭക്ഷ്യ സുരക്ഷാ നിയമം, തെരുവ് കച്ചവടക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുളള നിയമം, ഇന്ത്യൻ കമ്പനീസ് ആക്ട് തുടങ്ങിയവയും അദ്ദേഹം നടപ്പിലാക്കി. ലോക്പാൽ, ലോകായുക്ത ആക്ട് തുടങ്ങിയ നിയമങ്ങളും നടപ്പിലാക്കിയത് മൻമോഹൻ സിംഗിന്റെ ഭരണകാലത്തായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അവിദഗ്ധ തൊഴിലാളികൾക്ക് പുതുജീവിതത്തിലേക്കുള്ള വഴി തുറന്നുകൊടുത്തതും അദ്ദേഹം ഭരണത്തിലിരുന്നപ്പോഴായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നോക്ക ജാതിക്കാർക്കായി 27 ശതമാനം സംവരണം ഉറപ്പാക്കാനും അദ്ദേഹം പ്രവർത്തിച്ചു.

അദ്ദേഹം പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന രണ്ടാം ടേമിലായിരുന്നു സ്വന്തം ചേരിയിൽ നിന്നു പോലുമുള്ള അപസ്വരങ്ങൾക്ക് ചെവി കൊടുക്കേണ്ട ഗതികേട് അദ്ദേഹത്തിനുണ്ടായത്. കോൺഗ്രസിനുള്ളിൽ രാഹുൽ ഗാന്ധിയുടെ ഉദയം ഒരുപക്ഷേ മൻമോഹൻ സിംഗിന്റെ വ്യക്തിപ്രഭാവത്തിന് മങ്ങലേൽപ്പിക്കും വിധമായിരുന്നു എന്ന് വ്യാഖ്യാനിച്ചാൽ തെറ്റില്ല. കോൺഗ്രസ് ഗ്രൂപ്പ് പോരുകളിലും സഖ്യകക്ഷി പടലപ്പിണക്കങ്ങളിൽ നിന്നും അകലം പാലിക്കാൻ മൻമോഹൻ സിങ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്. സോണിയ ഗാന്ധി, നരസിംഹറാവു തുടങ്ങി സുപ്രധാന നേതാക്കളോടെല്ലാം അടുപ്പമുണ്ടായിരുന്നപ്പോഴും വ്യക്തിപരമായി മൻമോഹൻ സിങ് എപ്പോഴും ഒരു അകലം കാത്തുസൂക്ഷിച്ചു.

അഴിമതിയിൽ നിന്ന് അകന്നു നിൽക്കുകയും അമേരിക്കയുമായി അടുക്കുകയും ചെയ്യുക എന്ന തന്റെ നയം കോൺഗ്രസ് നേതൃത്വം നൽകുന്ന UPA മുന്നണിയിൽ പോലും പലപ്പോഴും ചോദ്യം ചെയ്യലുകൾക്ക് വിധേയമായി.

നട്ടെല്ല് വളഞ്ഞ സമ്പദ് വ്യവസ്ഥയെ താങ്ങിനിർത്താൻ ഉദാരീകരണനയങ്ങൾ കൂടിയേ തീരുവെന്ന നിലപാട് ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും തിരികൊളുത്തി. പക്ഷേ, നയങ്ങൾ മാറ്റാൻ മൻമോഹൻ തയ്യാറായില്ല. കോൺഗ്രസിലെ ഇടതുചേരി ഇടഞ്ഞപ്പോഴും മൻമോഹന് കുലുക്കമുണ്ടായിരുന്നില്ല. ഒരു രാഷ്ട്രീയക്കാരനായിരുന്നു ധനമന്ത്രിയെങ്കിൽ ഒരു പക്ഷേ, ആ സാഹചര്യത്തെ മറികടക്കാനോ വെല്ലുവിളികളെ അതിജീവിക്കാനോ ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല. സാധാരണക്കാരന്റെ വേദനയോ പ്രശ്നങ്ങളോ മനസിലാവാത്ത മന്ത്രിയെന്ന വിമർശനങ്ങളെ മൻമോഹൻ സിങ് തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള നിർണായക പദ്ധതികൾ ആവിഷ്കരിച്ച് പിൽക്കാലത്ത് വായടപ്പിച്ചു.

സാമ്പത്തിക വിദഗ്ധൻ മാത്രമായോ രാഷ്ട്രതന്ത്രജ്ഞൻ മാത്രമായോ മൻമോഹൻസിങ്ങിനെ വ്യാഖ്യാനിക്കുക അസാധ്യമാണ്. ഇന്നത്തെ രാഷ്ട്രീയക്കാർക്ക് ഉണ്ടാകേണ്ട രാഷ്ട്രീയ മഹിമയുടെയും ധാർമികതയുടെയും ജ്ഞാനത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഇനി ചരിത്രമാകാൻ പോകുന്നത്.

ഫീസ് നൽകാൻ പണമില്ലാത്തതിനെ തുടർന്ന് ഒരു വർഷത്തെ കോളേജ് പഠനം മുടങ്ങിയ അമൃത്സറിലെ ഗലിബറി വാലിയിലെ സാധാരണ വിദ്യാർഥി, പ്രധാനമന്ത്രി വസതിയായ റേസ്ഹോഴ്സ് റോഡിലെ ഏഴാം നമ്പർ വീട്ടിലേക്കെത്തിയത്, ലോകം അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനായത്, കഠിനാധ്വാനത്തിന്റെയും കാര്യപ്രയോഗത്തിന്റെയും വഴികളിലൂടെയാണ്. ഡോക്ടർ മൻമോഹൻ സിംഗ് എന്ന മഹാ മനുഷ്യനോട് ആ കണക്കിന് ഈ രാജ്യം എല്ലാ കാലത്തും കടപ്പെട്ടിരിക്കുന്നു.

1991-ൽ ധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനകം ആദ്യ ബജറ്റ് അവതരിപ്പിച്ച ഡോ.മൻമോഹൻ സിങ്ങിന്റെ പ്രസംഗത്തിലെ വാക്കുകൾ ഇങ്ങനെയാണ്.

” നമ്മൾ തുടങ്ങിവെച്ച സുദീർഘവും ക്ലേശകരവുമായ പ്രയാണത്തിനു വിലങ്ങുതടിയാവുന്ന വെല്ലുവിളികളെ ഞാൻ വിലകുറച്ചു കാണുന്നില്ല. അനിവാര്യമായ ഘട്ടത്തിൽ പിറവിയെടുക്കുന്ന ഒരാശയത്തെ തടുക്കാൻ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്ന് ഒരിക്കൽ വിക്ടർ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്. മഹനീയമായ ഈ സഭയ്ക്കു മുന്നിൽ ഞാൻ പ്രസ്താവിക്കട്ടെ, ലോകത്തിലെ സുപ്രധാന സാമ്പത്തികശക്തിയായി ഇന്ത്യ ഉദിക്കുമെന്നത് അത്തരമൊരു ആശയമാണ്. സ്പഷ്ടമായും മുഴക്കത്തോടെയും ലോകം മുഴുവൻ അതു കേൾക്കട്ടെ. ഇന്ത്യയിപ്പോൾ മിഴി തുറക്കുകയാണ്, ഉണരുകയാണ്. നമ്മൾ വിജയിക്കും. നമ്മൾ അതിജീവിക്കും.”

ഇന്ത്യയുടെ സുസ്ഥിര സാമ്പത്തിക വികസന പാതയ്ക്ക് അമരക്കാരനായി നിന്ന മൻമോഹൻ സിംഗിന്റെ ഈ വാക്കുകൾ ഈ രാജ്യത്തിന് ഇന്നും പ്രചോദനമാണ്. നന്ദി മൻമോഹൻ സിംഗ്……ഈ രാജ്യത്തെ ചേർത്തുപിടിച്ചതിന്. ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഇന്ത്യയെ കരകയറ്റിയതിന്, സാധാരണക്കാരുടെ അടിസ്ഥാന വികസനങ്ങൾക്കായി നിയമങ്ങൾ നിർമിച്ചതിന്, ദുർബലനായ പ്രധാനമന്ത്രിയല്ലെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയതിന്, ഈ രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.

Share this:

  • Share on Facebook (Opens in new window) Facebook
  • Share on X (Opens in new window) X

Related

Previous Post

മുഹമ്മദ് ഫത്ഹുല്ലാ ഗുലൻ: മിതവാദ ദർശനവും വിദ്യാഭ്യാസ വിപ്ലവങ്ങളും

Next Post

വെളിച്ചമേകിയ പൗർണമി

സഫ്‌വാനുൽ നബീൽ

സഫ്‌വാനുൽ നബീൽ

ലേഖകൻ, വിദ്യാർത്ഥി

Next Post
വെളിച്ചമേകിയ പൗർണമി

വെളിച്ചമേകിയ പൗർണമി

Please login to join discussion
  • Home
  • Contact

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
error: Content is protected !!
No Result
View All Result
  • Home
  • webzine
  • Articles
  • Memoir
  • Fiction
    • Novel
    • Poetry
    • Story
  • Contact