ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് അത്താണിയായി സമർപ്പിക്കപ്പെട്ട ജീവിതമാണ് അല്‍ ഉസ്താദ് ബദറു സാദാത്ത് സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരിയുടേത്. തന്റെ ഉദരത്തിൽ കിടക്കുന്ന പിഞ്ചോമനങ്ങളെ താലോലിക്കുന്നതും സ്വപ്നം കണ്ട് ദിനരാത്രങ്ങൾ തള്ളി നീക്കിയവളായിരുന്നു ഞങ്ങളുടെ പൊന്നുഉമ്മ ആരിഫ, അപ്രതീക്ഷിതമായാണ് ഗര്‍ഭാവസ്ഥയില്‍ ഏഴുമാസം തികയുന്നതിന് മുമ്പേ ഞങ്ങളെ ഒരു നോക്കുപോലും കാണാതെ മരണത്തിന് കീഴടങ്ങിയത്.
ഉമ്മയുടെ വിയോഗാനന്തരം ഞങ്ങളുടെ സംരക്ഷണം ആര് ഏറ്റെടുക്കുമെന്ന ചോദ്യത്തിന് മുന്നിൽ ശങ്കിച്ചു നിൽക്കുകയായിരുന്നു പ്രിയപ്പെട്ട വല്യുപ്പ അബ്ദുൽ ഖാദർ ഹാജി. ആ അവസരത്തിലാണ് അല്ലാഹുവിന്റെ നിയോഗമെന്നോണം അല്‍ ഉസ്താദ് ബദ്റുസാദാത്ത് ഉമ്മയുടെ പേരിൽ ദുആക്ക് നേതൃത്വത്തിനായി വീട്ടിലേക്ക് എത്തിയത്. ഇരട്ട കുഞ്ഞുങ്ങളെ തനിക്ക് സമ്മാനിച്ച് വിയോഗം തേടിയ മരുമകളുടെ വർത്തമാനം വല്യുപ്പ വിഷമത്തോടെ തങ്ങളുസ്താദിനു മുന്നിൽ അവതരിപ്പിച്ചു. അല്ലാഹുവിന്റെ അലങ്കനീയമായ വിധിയിൽ ക്ഷമിക്കുവാനും കുഞ്ഞുങ്ങളുടെ ഭാവി ജീവിതത്തിൽ തന്റെ സർവ്വ പിന്തുണ ഉറപ്പു നൽകുകയും ഞങ്ങൾക്ക് റഫീദ, റുഫൈദ എന്ന പേര് വെക്കുകയും ചെയ്തു പ്രിയപ്പെട്ട ഉസ്താദ്.
പ്രിയതമയുടെ വിയോഗവും പിറന്ന മക്കളിലെ അന്ധതയും ഞങ്ങളുടെ പ്രിയപ്പെട്ട പിതാവ് അബ്ദുൾ നാസറിനെ വല്ലാതെ തളർത്തി. എല്ലാം റബ്ബിൽ തവക്കുലാക്കി മുന്നോട്ട് പോകുമ്പോഴാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. പെറ്റുമ്മയുടെ ലാളന അനുഭവിക്കാൻ വിധി ഇല്ലെങ്കിലും പകരം ഉമ്മ (നദീറ)യെ നൽകി റബ്ബ് ഞങ്ങളെ അനുഗ്രഹിച്ചു. വേണ്ട പരിചരണവും ലാളനയും നൽകികൊണ്ട് ആ മാതൃ സാന്നിധ്യം ഇപ്പോഴും കൂടെയുണ്ട്. അല്‍ഹംദുലില്ലാഹ്.
അഞ്ചു വയസ്സായപ്പോഴാണ് ആദ്യമായി വല്ലിപ്പ ഞങ്ങളുടെ കൈപ്പിടിച്ച് മഅദിനിന്റെ തിരുമുറ്റത്ത് എത്തിയത്. അത് ഞങ്ങളുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. അങ്ങനെ ഞങ്ങൾ മഅദിൻ ബ്ലൈൻഡ് സ്കൂളിലെ ആദ്യ വിദ്യാർഥിനികളായി. 2002 ജൂൺ 10 നായിരുന്നു മൂന്നിയൂർ സലാമത്ത് നഗറിൽ നിന്നും മഅ്ദിൻ സ്വലാത്ത് നഗറിലേക്കുള്ള ഞങ്ങളുടെ അറിവ് തേടിയുള്ള ആദ്യ യാത്ര.

അബ്ദുൽ ഖാദർ ഹാജി
ഉസ്താദിന്റെ നിരന്തരമായുള്ള ഇടപെടലുകളും ഇടയ്ക്കിടെയുള്ള സന്ദർശനങ്ങളും വൈകല്യങ്ങൾ അതിജീവിച്ചുള്ള പ്രചോദന കഥകളും നേട്ടങ്ങളിൽ ഉള്ള പ്രോത്സാഹനങ്ങളും പഠനത്തിൽ ഞങ്ങളെ ഉത്സാഹഭരിതരാക്കി. ഞങ്ങളെപ്പോലെയുള്ള അനേകായിരം കുട്ടികളുടെ പ്രതീക്ഷകൾക്ക് തിളക്കമേകാൻ ആ മഹാ മനീഷി കാരണമായി. ഉസ്താദിന്റെ ആശ്വാസവചനങ്ങൾ ഓരോരുത്തരിലും തങ്ങളുടെ കുറവുകൾ അതിജീവിക്കാനും കഴിവുകൾ പുറത്തെടുക്കാനും അവസരങ്ങൾ സൃഷ്ടിച്ചു.
കാഴ്ച പരിമിതി, ശ്രവണ പരിമിതി, മാനസിക വെല്ലുവിളി നേരിടുന്നവർ, തുടങ്ങിയവർക്കുള്ള അനേകം പദ്ധതികൾ മഅ്ദിന് കീഴിലുണ്ട്. മറ്റ് സ്ഥാപനങ്ങളിൽ നിന്നും മഅ്ദിൻ വ്യത്യസ്തമാകുന്നത് ഇത്തരത്തിലുള്ള വിദ്യാഭ്യാസ കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടാണ്. ഇത്തരത്തിലുള്ള മനുഷ്യര്‍ക്ക് സമൂഹവുമായി മാനസികമായി പൊരുത്തപ്പെടാനും അവരുടെ വ്യത്യസ്ത കഴിവുകളിലെ വിശാലമായ സാധ്യതകളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും അവരെ പ്രാപ്തരാക്കി.
ഉസ്താദിന്റെ പ്രാർത്ഥനയുടെയും പിന്തുണയുടെയും ഫലമായി ഇന്ന് ഞങ്ങളിൽ റഫീദ ഗവൺമെന്റ് യുപി സ്കൂളിൽ അധ്യാപികയായും റുഫൈദ ഇസ്ലാമിക് ഹിസ്റ്ററിയിൽ മലപ്പുറം ഗവൺമെന്റ് കോളേജിൽ പി എച്ച് ഡി ചെയ്തുകൊണ്ടിരിക്കുകയുമാണ്. ഉസ്താദിന്റെ ശ്രമഫലമായി ഞങ്ങൾക്ക് വിദ്യാഭ്യാസത്തിൽ ഒരുപാട് പാരിതോഷികങ്ങൾ ലഭിച്ചു. റബ്ബിന് സ്തുതി, അല്‍ഹംദുലില്ലാഹ്. ഇന്ന് ഞങ്ങള്‍ രണ്ടു പേരും വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു വേണ്ടത് ചെയ്തും ഉസ്താദ് ഞങ്ങളോടൊപ്പം തന്നെയുണ്ട്. ജീവിതത്തിന്റെ സർവ്വ ഘട്ടങ്ങളിലും താങ്ങും തണലുമായി ആ മഹനീയ സാന്നിധ്യം എന്നും കൂടെയുണ്ടെന്നതാണ് ഞങ്ങളുടെ ജീവിതത്തിലെ സൗഭാഗ്യം.


