‘മോള് പര്‍ദ്ദ തന്നെയല്ലേ ഇടാ… ഞങ്ങളൊക്കെ അതിന്റെ ആളുകളാണ് ട്ടോ’ പെണ്ണുകാണാന്‍ വന്നവരുടെ കൂട്ടത്തില്‍ ആരുടെയോ ചോദ്യമായിരുന്നു ഇത്. വാതിലിനോട് ചാരി നിന്ന ഞാന്‍ ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ നോക്കി. കൈ കാലുകള്‍ ടെന്‍ഷന്‍ കൊണ്ടാവാം തണുത്തു കോച്ചുന്നുണ്ട്. ഈ ചോദ്യം ഞാന്‍ ആഗ്രഹിച്ചതായിരുന്നു. ചെറുപ്പം മുതലേ പര്‍ദ്ദയോടും നിഖാബിനോടും വല്ലാത്തൊരു മഹബ്ബത് ആയിരുന്നു. കുട്ടിക്കാലത് പര്‍ദ്ദയിട്ട് എങ്ങോട്ടെങ്കിലും പോയാല്‍ കാണുന്നവരൊക്കെ ഒന്ന് കമെന്റ് അടിച്ചു പോകും. ‘ജ്ജ് പ്പോ തന്നെ തള്ളാരെ വേഷോം കെട്ടി നടക്കാണോ. കൊര്‍ചക്കെ ന്ന് വല്‍താകട്ടെ, അനക്ക് വട്ടാണോ പെണ്ണെ’. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ പിന്മാറിയിരുന്നില്ല. നാട്ടുകാര്‍ എന്തൊക്കെ പറഞ്ഞാലും വീട്ടുകാരെല്ലാം അങ്ങനെ തന്നെയാണല്ലോ. ആ കാലത്ത് തന്നെ മനസ്സില്‍ കയറിക്കൂടിയ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ന്റെ കഴുത്തില്‍ ഒരു മഹറണിയുന്നുവെങ്കില്‍ അത് ഒരു ഉസ്താദ് ആയിരിക്കണമെന്ന്.. പ്രായം പതിനേഴാക്കുന്നതിന് മുന്‍പ് തന്നെ ഒരുപാട് വിവാഹലോചനകള്‍ വന്നു. പതിനെട്ടു വയസ്സ് തികഞ്ഞിട്ടെ കുട്ടിയെ കാണിച്ചു കൊടുക്കുകയുള്ളൂ എന്ന് ഉപ്പാക്ക് നിര്‍ബന്ധമായിരുന്നു. എന്റെ ഇഷ്ട്ടം ഒരു ഉസ്താദിനോട് അല്ലായിരുന്നുവെങ്കില്‍ എന്റെ ഉപ്പ ഉസ്താദിനെ തന്നെ കെട്ടാന്‍ എന്നെ നിര്‍ബന്ധിക്കില്ലായിരുന്നു. അതു കാരണം കൊണ്ട് തന്നെ ഉസ്താദല്ലാത്ത ആലോചനകളോട് ഞാനും എന്റെ കുടുംബവും പുറം തിരിഞ്ഞു നിന്നു. പല ഉസ്താദുമാരുടെ വിവാഹാലോചനകള്‍ വന്നുവെങ്കിലും വയസ്സ് തികയാത്തതിനാല്‍ അതില്‍ നിന്നെല്ലാം പിന്മാറി. എന്നാല്‍ അല്ലാഹുവിന്റെ ഖളാ അനുസരിച്ചു പതിനേഴിലേക്ക് കടന്ന സമയത്തായിരുന്നു ന്റെ ഉസ്താദിന്റെ ആലോചന വീട്ടില്‍ എത്തുന്നത്. എന്തോ, അവരോട് പെണ്ണ് കാണാന്‍ വീട്ടിലേക്ക് വരാന്‍ സമ്മതം മൂളുകയായിരുന്നു എന്റെ ഉപ്പ. ‘ഇന്നൊരു കൂട്ടര് കാണാന്‍ വരുന്നുണ്ട് ട്ടോ മിസ്‌രിയെ’.. ഉമ്മ യായിരുന്നു ഇത് പറഞ്ഞത്. ചെറിയ ഒരു കാര്യത്തിന് പോലും വേവലാതി പെടുന്ന എന്റെ കാര്യം പിന്നെ പറയണോ……..
‘ന്താ കുട്ട്യേ ഒന്നും പറയാത്തത്. പര്‍ദ്ദ ഇടാന്‍ മടിയുണ്ടോ’.. പെട്ടന്നായിരുന്നു എന്റെ ശ്രദ്ധ തിരിഞ്ഞത്. ഇല്ല എന്ന് ഞാന്‍ തലയാട്ടി. നെറ്റിയിലൂടെ വിയര്‍പ്പു കണങ്ങള്‍ പൊന്തി വന്നു. ആദ്യ തവണ ആയതു കൊണ്ടാകാം ഉസ്താദിന്റെ മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിക്കാന്‍ ഞാന്‍ പെടാ പാട് പെട്ടു. അത് കണ്ടിട്ടാവണം അധികം സംസാരിക്കാനൊന്നും നിന്നില്ല.. ഉപ്പാന്റെയും ആങ്ങളമാരുടെയും മുറാദ് പോലെ തന്നെ അന്വേഷണത്തിലൂടെ സംഘടനാപരമായി പ്രവര്‍ത്തിക്കുന്ന ആളാണെന്നും അതില്‍ സജീവമാണെന്നും അറിയാന്‍ കഴിഞ്ഞു. അതായിരുന്നു ഞങ്ങക്കാവശ്യം. ജോലിയോ ശമ്പളമോ അവര്‍ നോക്കിയില്ല. നീണ്ട പതിനൊന്നാം മാസത്തിലേക്ക് വിവാഹം ഉറപ്പിച്ചു. ദിവസങ്ങള്‍ മാസങ്ങളെ വകഞ്ഞു മാറ്റി. ഋതുഭേദങ്ങള്‍ മാറി മറിഞ്ഞു…..അന്ന്, അതെ ഒരു ജൂൺ 13 ന് വളരെ കുറഞ്ഞ മഹര്‍ ക്കൊണ്ട് ബദറുസാദാത് ഖലീല്‍ തങ്ങളുടെ സന്നിധ്യത്തില്‍ വെച്ച് നിക്കാഹ് എന്ന കര്‍മം നടന്നു.
അല്‍ഹംദുലില്ലാഹ് എന്റെ ആഗ്രഹം പോലെ ഒരു ഉസ്താദ് തന്നെ എന്റെ കഴുത്തില്‍ മഹര്‍ അണിഞ്ഞു. അന്ന് തൊട്ടേ ന്റെ ഉസ്താദ് എന്റെ വലിയൊരു ലോകം ആയി. എന്റെ സ്‌നേഹത്തിനായി എനിക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന കാമുകന്‍, സുഖദുഃഖങ്ങളില്‍ കൂട്ടുകൂടാന്‍ എത്തിയ കൂട്ടുകാരന്‍, തെറ്റ് കണ്ടാല്‍ ശകാരിച്ചും ഉപദേശിച്ചും കൂടെ നിന്ന പിതാവ്. എത്ര വഴക്കിട്ടാലും പിണങ്ങിയാലും അകന്നു പോകില്ലെന്ന് ഉറപ്പുള്ള എന്റെ മാത്രം സ്വകാര്യ അഹങ്കാരം ……നിക്കാഹ് കഴിഞ്ഞതിന്റെ പത്താം ദിവസം കല്യാണവും നടന്നു. ആവലാതികളും വേവലാതികളും ജീവിതത്തിലേക്ക് ആഴക്കടലുകള്‍ പോലെ ആഞ്ഞ്അടുക്കുമ്പോഴും സ്വര്‍ഗ്ഗത്തിലെ സ്വപ്നസൂനങ്ങളില്‍ കിടന്നുറങ്ങുന്ന രാത്രിയെ എന്റെ ജീവിതത്തിലേക്ക് ചേര്‍ത്തുപിടിച്ച് ദിവസങ്ങള്‍ക്ക് ശേഷമുള്ള ഉസ്താദിന്റെ വരവിനെ കാത്തിരിക്കുക പതിവായിരുന്നു. കുറഞ്ഞ കാലം കൊണ്ട് തന്നെ ഗര്‍ഭിണി ആവാനുള്ള ഭാഗ്യവും ലഭിച്ചു. അവരുടെ അത്തറിന്‍ സുഗന്ധം ശരീരത്തില്‍ ബാക്കിവെച്ചു പോവുമ്പോള്‍ കണ്ണീര്‍കണങ്ങള്‍ ഒഴുകിയാലും ദിവസങ്ങള്‍ക്കു ശേഷം ഉള്ള വരവ്, അതൊരു പെരുന്നാള്‍ തന്നെയായിരിക്കും, എന്റെ അരമനയില്‍ കൂട്ടിനു കിട്ടിയ പ്രിയതമന്‍.. പേടിത്തൊണ്ടി ആയ എന്റെ മുന്നില്‍ അസാമാന്യ മനക്കരുതിന്റെ ഉടമ.. ഈ പരലോകത്തിലെ പരമാനന്ദം ചതിക്കുഴി ആണെന്ന് മനസ്സിലാക്കി തന്ന് പാതിരാത്രിയില്‍ പടച്ച റബ്ബിനോട് പതിതയെ പോലെ പൊട്ടിക്കരയാന്‍ പഠിപ്പിച്ചുതന്ന പ്രാണന്‍…
അധികം വൈകാതെ തന്നെ ഉമ്മ എന്ന പദവി അലങ്കരിച്ചു. ആദ്യ പ്രസവത്തില്‍ തന്നെ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് പെണ്‍ കുഞ്ഞിന് ജന്മം കൊടുക്കാന്‍ കഴിഞ്ഞു. ഏതൊരു പ്രതിസന്ധിയിലും കൂടെ നിന്ന് അനുരാഗത്തിന്റെ അലമാലകള്‍ കൊണ്ട് ആലിംഗനം ചെയ്യുന്നവരായിരുന്നു ന്റെ ഉസ്താദ്. ഒരുപാട് അവരെ നോവിച്ചു കാണും. എന്നാലും നിഴലുപോലെ കൂടെ നില്‍ക്കും. അവരോടൊരുമിച്ചുള്ള ഓരോ നിമിഷവും വളരെ വിലപ്പെട്ടതായിരുന്നു. ആ സന്തോഷ ജീവിതത്തില്‍ വീണ്ടും ഗര്‍ഭിണി ആവാനും ഒരു ആണ്‍കുഞ്ഞിനും കൂടെ ജന്മംനല്‍കാനും എനിക്ക് കഴിഞ്ഞു. അല്‍ഹംദുലില്ലാഹ് … അല്ലാഹു എനിക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് കൈയും കണക്കുമില്ല. അവരോടൊരുമിച്ചുള്ള ജീവിതത്തില്‍ വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നത് അറിയുന്നതേയില്ല. അല്‍ഹംദുലില്ലാ.. ഇന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം. പിണക്കവും ഇണക്കവും നിറഞ്ഞ ഈ ബന്ധം മനസ്സിന്റെ അടിത്തട്ടില്‍ ആഴത്തില്‍ കൊത്തിയിട്ടു. സ്‌നേഹ സന്തോഷത്തോടെ ന്റെ ഉസ്താദിന്റെ കൂടെ ഒരുപാട് കാലം ജീവിക്കാന്‍ നീ ഭാഗ്യം നല്‍കണേ അള്ളാ….